തൃപ്പൂണിത്തുറ: നഗരസഭ പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പ്രാദേശിക തലത്തിലുള്ള ജലസ്രോതസുകള്‍ ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് കുടിനീരെത്തിക്കാന്‍ നടപടിയെടുക്കുന്നതിന് തിങ്കളാഴ്ച ചേര്‍ന്ന തൃപ്പൂണിത്തുറ നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചെയര്മാന് ആര്.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
ആഭ്യന്തര ജലവിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിരുവാങ്കുളം മാമല-ശാസ്താംമുകള്‍ എന്നിവിടങ്ങളിലുള്ള രണ്ട് പാറമടകളിലെ ജല സമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പാറമടകളിലെ വെള്ളം ശാസ്ത്രീയമായി ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് കേരള വാട്ടര്‍ അതോറിറ്റിയുമായി ചര്‍ച്ച നടത്തുന്നതിനും പദ്ധതി നടത്തിപ്പിനുമായി നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഏഴംഗ കമ്മറ്റിയും രൂപീകരിച്ചു.ചെയര്മാന് ആര്.വേണുഗോപാലന്‍ പുറമെ വൈസ് ചെയര്‍ പേഴ്സണ്‍ തിലോത്തമ സുരേഷ്, പ്രതിപക്ഷ നേതാവ് സി.എന്‍.സുന്ദരന്‍, കൗണ്‍സിലര്‍മാരായ എം.പി.മുരളി, പി.ബി.സതീശന്, ആര്.സാബു, ബി.കെ.ശശി എന്നിവരാണ് കമ്മറ്റിയിലുള്ളത്.
ചൂണ്ടി ശുദ്ധജലവിതരണ പദ്ധതി അവതാളത്തിലായതോടെ മുനിസിപ്പല്‍ പ്രദേശത്ത് രൂക്ഷമായി തുടരുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് സി.എന്‍.സുന്ദരന്‍, അഡ്വ.മധുസൂദനന്, അഡ്വ.ശശിധരന്, സേതുമാധവന്, ടി. രാജീവ്, കെ.ബി.വേണുഗോപാല്‍, ടി.കെ.ഷൈന്‍, ബി.കെ.ശശി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: