കൊച്ചി: ലോക സിനിമയുടെ ആരാധകര്‍ക്ക് പ്രിയങ്കരനായ മൊഹ്സിന്‍ മക്മല്‍ബഫും കുടുംബവും രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി കൊച്ചിയിലെത്തി. ഇതാദ്യമായാണ് ബഫ് കൊച്ചിയിലെത്തുന്നത്. സാധാരണ വ്യക്തി ജീവിതങ്ങളിലൂടെ ക്യാമറ ചലിപ്പിച്ചു കൊണ്ട് സ്വന്തം രാജ്യത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തെ ലോകത്തിനു മുന്നില്‍ വിപ്ലവാത്മകമായി രചിച്ച മക്്ബല് ബഫ് ലോകമെമ്പുമുള്ള സിനിമാ പ്രേമികളുടെ നായകന് തന്നെയാണ്.
ഇറാനില്‍ ഷാ ഭരണത്തിനെതിരെ തെരുവിലിറങ്ങി അറസ്റ്റ് വരിച്ച്, കഠിനമായ ശാരീരിക യാതനകള്‍ക്കൊടുവില്‍ ജീവിതത്തിലേക്ക് തിരികെ വന്ന കഥയാണ് മക്ബല് ബഫിന്റേത്. പിന്നീട് തന്റെ ചിത്രങ്ങളിലൂടെ ഇറാന്റെ രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടു കൊണ്ടിരുന്നു. വ്യക്തിയുടെ ജീവിതത്തില്‍ സമൂഹത്തിന്റെ ഇടപെടലുകളില്‍ നിന്നുടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ ബഫ് ചിത്രങ്ങള്‍ വരച്ചുകാട്ടി. നിഗൂഡമായ സംസ്കൃതിയില്‍ വന്ന മാസ്റ്റര്‍പീസ് ചിത്രങ്ങളെ ലോകജനത അത്ഭുതത്തോടെ, ആദരവോടെ സ്വീകരിച്ചു.
1983 ല്‍ സംവിധാനം ചെയ്ത തോബെ നൗഷ് എന്ന ചിത്രത്തിലൂടെ ക്യാമറയാണ് തന്റെ ആയുധം എന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് ബോയ്ക്കോട്ട്, ദി സൈക്ലിസ്റ്റ്, ടൈം ഓഫ് ലൗവ്, ഗാബെ, കാണ്ടഹാര്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ദി ഗാര്സ്നര് എന്ന ഡോക്യുമെന്ററി ചിത്രം ഇറാനിലെയും ഇസ്രായേലിലെയും ജനങ്ങളുടെ കഥയാണ്. പരസ്പരം യുദ്ധം ചെയ്യാന്‍ ഒരുങ്ങിനില്ക്കുന്ന രണ്ട് രാജ്യങ്ങളിലെ സാധാരണക്കാരന്റെ കാഴ്ച്ചപ്പാടായിരുന്നു ആ ഡോക്യുമെന്ററി. 2012 ല്‍ നടന്ന ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
ഇറാനിയന്‍ സംവിധായകനായ മക്മ്പല് ബഫ് ഇസ്രയേലിനെ കുറിച്ച് പറയാന്‍ ഒരുങ്ങിയത് ചലച്ചിത്ര നിരൂപകരും പ്രേക്ഷകരും അത്ഭുതത്തോടെയാണ് വീക്ഷിച്ചത്, പ്രത്യേകിച്ച് ഇറാനും ഇസ്രയേലും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍. ഇറാനില്‍ അഹമ്മദ് നെജാദിയുടെ ഭരണം തുടങ്ങിയ ശേഷം അദ്ദേഹം പാരീസിലേക്ക് കുടിയേറുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഇംഗ്ലണ്ടിലാണ് താമസം.
മക്ബല് ബഫ് തന്റെ സഹോദരിയെ കാണാനായി തിരഞ്ഞെടുത്തിരിക്കുന്നതും കൊച്ചി തന്നെ. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി പ്രവാസത്തില്‍ കഴിയുന്ന ബഫിന് ഇറാനിലെ തന്റെ കുടുംബത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. കൂടിക്കാഴ്ച്ചയ്ക്കായി ബഫ് തന്റെ സഹോദരിയെ കൊച്ചി ചലച്ചിത്ര മേളയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ബഫിനെ സംബന്ധിച്ച് ഊഷ്മളമായ കൂടിച്ചേരലിനുള്ള വേദി കൂടിയാണ് കൊച്ചി. മക്കളായ സമീറ, ഹന എന്നിവരും ഒപ്പമുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഇറാനിയന്‍ സംവിധായികയും തിരക്കഥാകൃത്തുമാണ് സമീറ മക്ബല് ബഫ്. പിതാവ് മക്ബല് ബഫിന്റെ ‘ദി സൈക്ലിസ്റ്റ്’ എന്ന ചിത്രത്തില്‍ വേഷം അഭിനയിച്ചു കൊണ്ടാണ് സിനിമ ലോകത്തെത്തുന്നത്.
‘ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം’ എന്ന ഇറാനിയന്‍ ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് ആ ദൃശ്യങ്ങള്‍ സൃഷ്ടിച്ച ആഘാതം ഇനിയും മറക്കുവാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അഞ്ചു വയസുകാരിയായ നായികയുടെ ജീവിതത്തിലൂടെ അഫ്ഗാനിസ്ഥാനിന്റെ സാമൂഹിക ചിത്രം വരച്ച്കാട്ടിയ ചിത്രത്തിന്റെ സംവിധായിക ഹന മക്ബല് ബഫ് ആയിരുന്നു. പത്തൊന്‍പത് വയസ് മാത്രമുള്ളപ്പോഴാണ് ഹന ഈ ചിത്രം സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: