പെരുമ്പാവൂര്‍: അങ്കമാലി എഫ്സിഐ ഗോഡൗണില്‍നിന്നും അനധികൃതമായി കടത്തിയ പതിനൊന്ന് ടണ്ണിലധികം വരുന്ന ഗോതമ്പ് പെരുമ്പാവൂര്‍ പോലീസ് പിടികൂടി. പോഞ്ഞാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ അഗ്രോ ഇന്ഡസ്ട്രീസില്നിന്നാണ് ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെ ഗോതമ്പ് പിടികൂടിയത്. താജ് എന്ന പേരില്‍ ആട്ട, റവ എന്നിവ പുറത്തിറക്കുന്ന കമ്പനിയാണിത്. ഡിവൈഎസ്പി കെ.ഹരികൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് എസ്ഐ ബിജോയ് ചന്ദ്രനും സംഘവും പരിശോധന നടത്തിയത്.
ഗോതമ്പ് കയറ്റിവന്ന കെബിഎഫ് 4113 നമ്പര്‍ ലോറിയും 50 കിലോ വീതമുള്ള 226 ചാക്ക് ഗോതമ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ പുളിയനം, പുതുശ്ശേരില്‍, രാജു (58)വിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം ലോറിയിലുണ്ടായിരുന്ന ലോറിയുടമ അങ്കമാലി പാറേക്കാട്ടില്‍ ഷാജി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഡ്രൈവറുടെ കൈവശം ഈ ഗോതമ്പ് ലോഡ് സംബന്ധിച്ച യാതൊരുവിധ രേഖകളും ഉണ്ടായിരുന്നില്ലെന്നും താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്ന് വിശദമായ പരിശോധനയ്ക്കുശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു. ഡ്രൈവറെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എന്നാല്‍ കോതമംഗലത്തുള്ള റേഷന്‍ വ്യാപാരിയായ എ.കെ.പൗലോസ് എന്നയാളുടെ പേരിലുള്ള മൊത്തവ്യാപാര ബില്ലിലാണ് ഇത്രയും ഗോതമ്പ് കൊണ്ടുവന്നതെന്നാണറിയുന്നത്. ലോറിയുടമയായ ഷാജിയാണ് ഇത്തരം അനധികൃത ഭക്ഷ്യധാന്യങ്ങള്‍ അങ്കമാലിയിലെ എഫ്സിഐ ഗോഡൗണില്‍നിന്നും വലിയ കമ്പനികളിലേക്ക് എത്തിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നതെന്നും പറയുന്നു. ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കരിഞ്ചന്തക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. വാഹനവും ഗോതമ്പും പിടികൂടിയ കമ്പനി ഉടമക്കെതിരെ അധികൃതര്‍ ഒരു നടപടിയുമെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: