കൊച്ചി: കൊച്ചി സിനിമാ പ്രേമികളുടെ കാഴ്ചകളില്‍ ആഘാതങ്ങളും ആഹ്ലാദങ്ങളും വിസ്മയങ്ങളും കൊണ്ട് സമ്പന്നമായ ഫ്രെയിമുകള്‍ നിറച്ച് കൊച്ചിയുടെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് 16ന് തിരിതെളിയും. വിഭ്രമകാഴ്ചകളുടെ ഏഴു ദിനരാത്രങ്ങള്‍ തീര്‍ക്കുന്ന മേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
2012 ല്‍ ലോകസിനിമയില്‍ സംഭവിച്ച ഏറ്റവും മികച്ച ചിത്രങ്ങളുടെ പാക്കേജാണ് കൊച്ചി രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രത്യേകത. ഈ വര്‍ഷം ബര്‍ലിന്‍, ബുസാന്‍, ഹോങ്കോങ്ങ്, കാന്‍, വെന്നീസ്, ടൊറാന്റോ തുടങ്ങി വിഖ്യാതമായ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ചലച്ചിത്രങ്ങളും, മികച്ച പ്രകടനം നടത്തി നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരാഴ്ച നീളുന്ന മേളയില്‍ നോര്‍വെ, മൊറോക്കോ, അര്‍ജന്റീന, ഫ്രാന്‍സ്, റുമേനിയ, പോളണ്ട്, ഇറ്റലി, ജര്‍മനി, കൊളംബിയ, ഓസ്ട്രിയ, ബെല്‍ജിയം, ചൈന, ചെക്ക് റിപ്പബ്ലിക്, അമേരിക്ക, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം നൂറു വര്‍ഷത്തെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെയും മലയാളത്തിലെ നവാഗത സിനിമകളുടെയും പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അക്കിരോ കുറോസോവയുടെ പത്ത് ചിത്രങ്ങള്‍ റെട്രോസ്പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദി മോസ്റ്റ് ബ്യൂട്ടിഫുള്‍, നോ ഋഗ്രറ്റ് ഫോര്‍ അവര്‍ യൂത്ത്, ദി തോണ് ഓഫ് ബ്ലഡ്, ദി ലോവര്‍ ഡെപ്ത്സ് എന്നിങ്ങനെ പോകുന്നു കുറോസോവ ചിത്രങ്ങള്‍. കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്കാരത്തിന് അര്‍ഹമായതും ചലച്ചിത്ര ആസ്വാദകര്ക്കിയില് ചര്‍ച്ചചെയ്യപ്പെട്ടതുമായ മൈക്കേല്‍ ഹാനേക്കിന്റെ അമോര്‍, ജാപ്പനീസ് ചലച്ചിത്രകാരനായ മൈക്കേല്‍ വിന്റര്‍ ബോട്ടത്തിന്റെ എവരി ഡേയും പ്രദര്‍ശനത്തിനുണ്ട്.
തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവതരിപ്പിച്ച ചിത്രങ്ങള്‍ ഒഴിവാക്കി മറ്റ് മേളകളിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന മേള ആസ്വാദകര്‍ക്ക് പുതിയ അനുഭവമാകും. കലാമൂല്യം കൊണ്ട് സമ്പന്നമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ ശ്രദ്ധചെലുത്തിയിട്ടുണ്ട്.
വ്യത്യസ്തമായ ജീവിതക്കാഴ്ചകള്‍ക്ക് ശ്രദ്ധേയമായ പരിപ്രേക്ഷ്യം നല്കി പ്രേക്ഷക ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ ഫെസ്റ്റിവെലില്‍ ഇടംപിടിച്ചിരിക്കുന്നു. നവലോകത്തിന്റെ ഉയിര്ത്തെഴുന്നേല്പ്പിനോടൊപ്പം യുദ്ധവെറിയുടെ ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളും അതിജീവനത്തിന്റെ സാഹസികതകളും ഒപ്പം അവതരണത്തിന്റെ വ്യത്യസ്തകളും കൊണ്ട് ഓരോ ഫ്രെയിമിലും തീപടര്ത്തിയിരുന്ന യൂറോപ്പ്യന്‍ ചിത്രങ്ങളുടെ പാക്കേജും കാഴ്ച്ചക്കാരെ കാത്തിരിക്കുന്നു.
മലയാള സിനിമയിലെ അഭിനയ തികവിന്റെ പെരുന്തച്ചന് തിലകന്, പ്രതാപിയായ അഭിനയകുലപതി ജോസ് പ്രകാശ് എന്നിവരുടെ സ്മരണയ്ക്കായി അവരുടെ മികച്ച ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളും ഫെസ്റ്റിവെലില്‍ ഉണ്ട്.
സരിത, സവിത, സംഗീത, ഷേണായീസ്, ലിറ്റില്‍ ഷേണായീസ്, ശ്രീധര്‍ തുടങ്ങിയ തീയറ്ററുകള്‍ കൂടാതെ പൊതുജനങ്ങള്‍ക്കായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന ഓപ്പണ്‍ സ്റ്റേജും കൊച്ചിയുടെ രാജ്യാന്തര സിനിമാ മാമാങ്കത്തിന് വേദിയാകും. ചലച്ചിത്ര അവലോകനത്തിനും ആശയസംവാദത്തിനുമായി ഓപ്പണ്‍ ഫോറം ഉണ്ടാകും.
കൊച്ചിയെ വിനോദത്തിന്റെ കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അന്തരാഷ്ട്ര ചലച്ചിത്ര മേള ഇവിടെ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. ലോക സിനിമയിലെ ഓരോ മാറ്റത്തെയും കൃത്യമായി മനസിലാക്കാന്‍ ഈ മേള വഴിയൊരുക്കും. കച്ചവട സിനിമയ്ക്കൊപ്പം ഉള്ളടക്കത്തിലും അവതരണത്തിലും സാങ്കേതിക വിദ്യയിലും മികവ് കൈവരിച്ച ലോകസിനിമയുടെ ദൃശ്യകവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍ സമാന്തര സിനിമയെ കുറിച്ചുള്ള പ്രേക്ഷകന്റെ കാഴ്ച്ചപ്പാടിനു ഗുണപരമായ മാറ്റംവരുത്താന്‍ ഈ മേളയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: