കൊല്ലം: വിദ്യാഭ്യാസ വായ്പയെടുത്ത കുടുംബങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരത്തിനൊരുങ്ങുന്നു.
വിദ്യാഭ്യാസ വായ്പാച്ചട്ടം ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെ ഒരു ബാങ്കും പാലിക്കാത്ത സാഹചര്യത്തില്‍ വായ്പയെടുത്ത കുടുംബങ്ങള്‍ ലക്ഷങ്ങളുടെ കടക്കാരാവുകയാണ്. 2001ല്‍ നിലവില്‍ വന്ന വിദ്യാഭ്യാസ വായ്പാ നിയമത്തില്‍ വിശ്വസിച്ച് വായ്പയെടുത്ത കുടുംബങ്ങളാണ് ഇപ്പോള്‍ പെരുവഴിയാകുന്നത്.
നാല് ലക്ഷം രൂപ വരെ യാതൊരു ഈടും വാങ്ങാതെ വായ്പ കൊടുക്കണമെന്നും ഏറ്റവും കുറഞ്ഞ പലിശ നിരക്കായ പ്രൈം ലെന്‍ഡിംഗ് റേറ്റ് മാത്രമേ ഈടാക്കാവു എന്നും തിരിച്ച് അടവിന് ഇഎംഐ ഫിക്സ് ചെയ്യണമെന്നുമുള്ള കേന്ദ്ര ഗവണ്മെന്റിന്റെയും റിസര്‍വ് ബാങ്കിന്റെയും ചട്ടം ബാങ്കുകള്‍ ലംഘിക്കുകയാണെന്നാണ് ആരോപണം.
പ്രമാണങ്ങളും ചെക്കുകളും ഈടുവാങ്ങി പതിനഞ്ചര ശതമാനം മുതല്‍ പത്തൊമ്പത് ശതമാനം വരെ പലിശയും പിഴപ്പലിശയും റവന്യൂ റിക്കവറി ഇനത്തില്‍ അഞ്ച് ശതമാനം കൂടി കൂട്ടി ഭീമമായ തുകയുടെ കടക്കെണിയിലേക്കാണ് ബാങ്കുകള്‍ ഈ കുടുംബങ്ങളെ വലിച്ചിഴയ്ക്കുന്നത്.
ഈ കുടുംബങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്ക്കുണ്ടെന്ന് എഡ്യൂക്കേഷണല്‍ ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ.കെ. പ്രഭാകരപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. 2001 മുതലുള്ള വിദ്യാഭ്യാസ വായ്പയുടെ മുഴുവന്‍ പലിശയും ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കണമെന്നും സംസ്ഥാന ഗവണ്മെന്റ് വിദ്യാഭ്യാസ വായ്പയ്ക്ക് ഏര്‍പ്പെടുത്തിയ റവന്യൂ റിക്കവറി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുകയാണ്. കൊല്ലം ജില്ലയിലെ പ്രവര്‍ത്തക യോഗം ജില്ലാ പ്രസിഡന്റ് പ്രഭാകരപ്പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രഭാവതി രാജന്, പ്രൊഫ. കരുണാകരന്‍പിള്ള, മാമ്പേഴില് ശശി, രാജ്മോഹന്‍, ശാന്തമ്മ, മുരളീധരന്, സെബാസ്റ്റ്യന്‍, അസീസ്, സുഭാഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: