കൊച്ചി: കൊച്ചി തുറമുഖത്ത് അടിക്കടി നടക്കുന്ന സമരങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ കെ.എന്‍. മര്‍സൂഖ് ആവശ്യപ്പെട്ടു. രണ്ട് പ്രധാന യൂണിയനുകള്‍ക്ക് കീഴിലുള്ള ലോറിത്തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഇപ്പോഴത്തെ മിന്നല്‍ സമരത്തിന് കാരണം. സമരത്തെ തുടര്‍ന്ന് തുറമുഖത്തു നിന്നുള്ള ചരക്കുനീക്കം സ്തംഭിച്ചിരിക്കുകയാണെന്നും ചേംബര്‍ ചൂണ്ടിക്കാട്ടി. വിദേശ മലയാളികള്‍ നാട്ടിലേക്കയച്ച ചരക്കുകളാണ് കെട്ടിക്കിടക്കുന്നവയില്‍ നല്ലൊരു ശതമാനം. ഈ ചരക്കുകളില്‍ ചുമത്തുന്ന ഡമറേജും ഡിറ്റന്‍ഷന്‍ നിരക്കുകയും വര്‍ധിക്കാന്‍ കാലതാമസം ഇടയാക്കും. കൊച്ചി തുറമുഖം പ്രതികൂല സാഹചര്യം അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. തുറമുഖത്തേക്ക് കൂടുതലായി കപ്പലുകളെ ആകര്‍ഷിച്ച് കയറ്റിറക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സമരം തിരിച്ചടിയാകുമെന്നും മര്‍സൂഖ് ചൂണ്ടിക്കാട്ടി.
സമരം പിന്‍വലിച്ച് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ യൂണിയനുകള്‍ തയാറാകണം. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിന് പകരം പാവപ്പെട്ട യാത്രക്കാരെയും വ്യാപാര സമൂഹത്തെയും അവരുടേതല്ലാത്ത തെറ്റിന് ശിക്ഷിക്കുന്നത് അവസാനിപ്പിക്കണം. ചട്ടങ്ങള്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാതെയുള്ള സമരവും ജോലി സ്തംഭനവും നിയമവിരുദ്ധമാണെന്നും എന്തുവില കൊടുത്തും ഇതൊഴിവാക്കാന്‍ അധികൃതര്‍ തയാറാകണമെന്നും ചേംബര്‍ ആവശ്യപ്പെട്ടു.
















