കൊച്ചി: കേരളത്തിലെ നൂറ് എന്‍ജിനീയറിംഗ് കോളജുകളിലെ മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും 200 അധ്യാപകര്‍ക്കും ജാവ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ സൗജന്യപരിശീലനം നല്കാന് ലോക പ്രശസ്ത ഐ.ടി. കമ്പനിയായ ഓറക്കിള്‍ ഇന്ത്യയും കൊച്ചി സ്റ്റാര്‍ട്ട്അപ് വില്ലേജും ധാരണാപത്രം ഒപ്പുവച്ചു. ഒറക്കിള്‍ അക്കാദമി എച്ച് ആര് വൈസ് പ്രസിഡന്റ് അലന് മാത്യുവും സ്റ്റാര്‍ട്ട് അപ് വില്ലേജ് ഭരണസമിതി ചെയര്‍പേഴ്സണ്‍ സഞ്ജയ് വിജയകുമാറും ഒപ്പുവെച്ച ധാരണാപത്രം സംസ്ഥാന വ്യവസായ-ഐ.ടി വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ് കൊച്ചിയിലെ ലെ മെറിഡിയന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൈമാറിയത്.
കേരളത്തിലെ യുവാക്കളില്‍ സംരംഭകത്വം വളര്‍ത്താന്‍ ലോകോത്തര സാഹചര്യം ഒരുക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനാവശ്യമായ നടപടികള്‍ രണ്ടാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംരംഭകത്വ പ്രോത്സാഹനവും ആസ്തിവളര്ത്തലുമാണ് നയമെങ്കിലും യുവാക്കള്‍ക്ക് പ്രയോജനപ്പെടുന്ന പരിസ്ഥിതിസൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ് വില്ലേജുമായി സഹകരിക്കാന്‍ സന്തോഷമുണ്ടെന്ന് ഒറക്കിള്‍ അക്കാദമി എച്ച് ആര് വൈസ് പ്രസിഡന്റ് അലന് മാത്യു പറഞ്ഞു. ഈ സഹകരണം കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കും എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും ഒറക്കിള്‍ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടര്‍ സയന്‍സ് പരിപാടിയില്‍ പങ്കെടുക്കാനും മത്സരക്ഷമമായ ലോകോത്തര സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതിനും അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദഗ്ധ്യമുള്ള ഐ.ടി ജീവനക്കാരില്ലാത്തത് ഈ മേഖലയുടെ ഉല്പാദന ക്ഷമതയ്ക്കും വളര്‍ച്ചയ്ക്കും തടസം സൃഷ്ടിക്കുകയാണെന്നും ഇത് പദ്ധതി ചെലവു വര്‍ദ്ധിപ്പിക്കുകയും നടത്തിപ്പിനു കാലതാമസമുണ്ടാക്കുകയും ചെയ്യുമെന്നും സ്റ്റാര്‍ട്ട് അപ് വില്ലേജ് ഭരണസമിതി ചെയര്‍പേഴ്സണ്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ സംയുക്തസംരംഭത്തിലൂടെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും നാളത്തെ പ്രൊഫഷനലുകളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താനും കഴിയും. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകരാകാനും സ്വന്തം സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കും. തൊഴില്‍ തേടുന്നവരാകാതെ തൊഴില്‍ ദാതാക്കളാകാന്‍ അവര്‍ക്കു കഴിയുമെന്ന സഞ്ജയ് വിജയകുമാര്‍ ചൂണ്ടിക്കാട്ടി.
ധാരണാപത്രമനുസരിച്ച് വിവരസാങ്കേതികവിദ്യയില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതു ലക്ഷ്യമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഓറക്കിള്‍ അക്കാദമി രണ്ടു വര്‍ഷത്തെ പരിശീലനം നല്‍കും. സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിംഗ് കോളജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്കും കമ്പ്യൂട്ടര്‍ വകുപ്പുമേധാവികള്‍ക്കും മുതിര്‍ന്ന മാനേജ്മെന്റ് പ്രതിനിധികള്‍ക്കും ധാരണാപത്രത്തില്‍ പങ്കാളികളാകാം. ഈ കോളജുകള്‍ക്ക് ഓറക്കിള്‍ അക്കാദമി പ്രോഗ്രാമനുസരിച്ച് ഓറക്കിളിന്റെ സോഫ്റ്റ്വെയര് ഗ്രാന്റുകളും സൗജന്യപരിശീലനവും ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: