കൊല്ലം ജില്ലയില്‍ കൊറ്റങ്കര പഞ്ചായത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാമ്പുഴ ഇണ്ടിളയപ്പന് ക്ഷേത്രം. പടിഞ്ഞാറോട്ട് ദര്‍ശനമുള്ള നൂറ്റിയെട്ട് മഹാശിവാലയങ്ങളില് ഒന്നാണിത്.
മുല്ലപ്പന്തലിന്റെ ആകൃതിയിലുള്ള നാലമ്പലം. ശില്‍പ്പചാരുതയാര്‍ന്ന മുഖമണ്ഡപം. കൃഷ്ണശിലയില്‍ തീര്‍ത്ത ശ്രീകോവില്‍. ഈ നാടിന് ഐശ്വര്യമായി അതിനുള്ളില്‍ ഇരുന്നരുളുന്ന ഇണ്ടിളയപ്പന്. ആകാശം മുട്ടെ ശരീര ചൈതന്യമുള്ള ഭഗവാന്റെ സവിശേഷതയോടുകൂടിയ മഹാക്ഷേത്രം. കുടുംബദുരിതങ്ങളും കാര്യവിഘ്നങ്ങളും മംഗല്യതടസങ്ങളും മൂലം അസ്വസ്ഥമാകുന്ന ഭക്തമനസ്സുകള്‍ക്ക് അഭയമേകി ഇണ്ടലകറ്റുന്ന അപ്പനായ സാക്ഷാല്‍ പരമേശ്വരമൂര്‍ത്തി ഇണ്ടിളയപ്പന് ഭക്തരെ അനുഗ്രഹിക്കുന്നു. ശബരിമല ധര്‍മശാസ്താവിന്റെ ഭാവത്തില്‍ പ്രതിഷ്ഠയോടുകൂടിയ അയ്യപ്പക്ഷേത്രവും മഠത്തിലെ ദേവിക്കുള്ള ക്ഷേത്രവും ഉപദേവാലയങ്ങളായുണ്ട്. കാവിനോട് ചേര്‍ന്ന് തെളിനീര്ക്കുളവുമുണ്ട്.
പ്രധാനവഴിപാട് ഒരു ദിവസത്തെ പൂജയാണ്. ചന്ദ്രപൊങ്കാലയും ജലധാരയും ഹോമങ്ങളും മറ്റ് വഴിപാടുകള്‍. മണ്ഡലകാലത്തെ ചിറപ്പ് മഹോത്സവം പ്രസിദ്ധമാണ്. കാവില്‍ സജീവ സര്പ്പസാന്നിധ്യമുള്ളതുകൊണ്ട് തുലാം മാസത്തില്‍ നടക്കുന്ന നാഗപൂജയും പ്രത്യേകതയുള്ളതാണ്. പാര്‍ത്ഥനെ പരീക്ഷിക്കുവാന്‍ പരമശിവന് പാര്‍വതീസമേതനായി എത്തുകയും പാര്‍ത്ഥന്റെ അഹങ്കാരം ശമിപ്പിച്ച് പാശുപതാസ്ത്രം നല്‍കിയശേഷം വിശ്രമത്തിനായി കാടുകളും പുഴകളും നിറഞ്ഞ പ്രദേശത്ത് വരികയും പുഴയില്‍ നീരാടുകയും ചെയ്തു. മഹാദേവന് നീരാടിയ പുഴ മഹാദ്യു പുഴയായി. പിന്നീട് അത് ലോപിച്ച് മാമ്പുഴയായി. പുഴയോരത്തുള്ള വനങ്ങളില്‍ ദുരിതമനുഭവിച്ച് കഴിഞ്ഞിരുന്ന കാട്ടുജാതിക്കാര്‍ പരമശിവനെ പ്രാര്‍ത്ഥിക്കുകയും കിരാതവേഷം പൂണ്ട ഭഗവാന് പ്രത്യേക്ഷപ്പെട്ട് കാട്ടുമൃഗങ്ങളെ ഓടിച്ച് ശിവഭക്തരായ അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തു. കാനനഭംഗി നിറഞ്ഞ ഈ സ്ഥലത്ത് കല്‍ത്തറ കെട്ടി അവര്‍ പ്രാര്‍ത്ഥിച്ചുപോന്നു. കാലാന്തരത്തില്‍ ബ്രാഹ്മണരോട് യുദ്ധം ചെയ്യേണ്ടിവന്ന പാപ പരിഹാരത്തിനായി അന്നത്തെ ദേശാധിപതി മാമ്പുഴദേശം കരമൊഴിവായി ബ്രാഹ്മണര്‍ക്ക് നല്‍കുകയും നവീനരീതിയിലുള്ള ഒരു മഠം പണികഴിപ്പിച്ച് അവരെ പാര്‍പ്പിക്കുകയും ചെയ്തു. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഈ ബ്രാഹ്മണ കുടുംബത്തില്‍ സന്തതി ഇല്ലായ്കയാല്‍ കുടുംബം അന്യംനിന്നു പോവുകയും അന്നത്തെ ദേശിംഗനാട് രാജാവ് ദാനമായി കല്ത്തറയും ദേശവും നല്‍കുകയും ചെയ്തു. പിന്നീട് കല്ത്തറമാറ്റി ക്ഷേത്രം പണിയുകയും വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. മുക്കാട്ട് മഠത്തില്‍ നിന്ന് ഭക്തജനങ്ങള്‍ക്ക് കൈമാറിയ ക്ഷേത്രത്തിന്റെ പൗരാണികത്വം ഒട്ടും കൈവിടാതെയാണ് പുതിയ ക്ഷേത്രം പണിത് പുനഃപ്രതിഷ്ഠ നടത്തിയത്.
ഭഗവാന്റെ തിരുനാളായ മീനമാസത്തിലെ പുണര്‍തം ഉത്സവമായി ആഘോഷിക്കുന്നു. കൊറ്റങ്കര, ഏറത്ത്, മാമ്പുഴ എന്നീ കരകളാണ് ഉത്സവത്തിന് നേതൃത്വം നല്‍കുന്നത്. ഉത്സവത്തിന്റെ മുന്നോടിയായി കരകളില്‍ പറ എഴുന്നെള്ളിപ്പ് നടക്കും. അതാത് കരകളില്‍ വച്ച് കെട്ടുന്ന എടുപ്പുകുതിരയെ ദൂരം പോലും കണക്കാക്കാതെ എടുത്തുകൊണ്ടുവരുന്ന കാഴ്ച ആരിലും കൗതുകമുണര്‍ത്തും. പല സ്ഥാപനങ്ങളുടെയും ഫ്ലോട്ടുകളും വണ്ടിക്കുതിരകളും മറ്റും കെട്ടുകാഴ്ചകളും അണിനിരക്കുന്ന ഘോഷയാത്രയുമുണ്ടാകും. പത്തില്‍ കുറയാത്ത ദിവസങ്ങള്‍ നീണ്ടുപോകുന്ന മഹോത്സവം ഇന്നാട്ടിലെ ദേശീയോത്സവം കൂടിയാണ്.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: