സാന്‍ജോസ്: ആപ്പിളിന്റെ ചെറുടാബ്ലറ്റായ ‘ഐപാഡ് മിനി’ പുറത്തിറക്കി. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങിലാണ് 7.9 ഇഞ്ച് വലിപ്പമുള്ള ടാബ്ലറ്റ് അവതരിപ്പിച്ചത്. ഡ്യൂവല്‍ കോര്‍ എ 5 പ്രൊസസര്‍, ഫേസ് ടൈം എച്ച്ഡി ക്യാമറ, 5എംപി ഐസൈറ്റ് ക്യാമറ എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകള്‍. ഗൂഗിളിന്റെ നെക്സസ്, സാംസങ്ങ് ഗ്യാലക്സി ടാബ് 7.7, ആമസോണിന്റെ കിന്ഡല് ഫയര്‍ എച്ച് ഡി മോഡലുകളോടായിരിക്കും വിപണിയില്‍ ആപ്പിളിന്റെ ഐപാഡ് മിനിക്ക് മത്സരിക്കേണ്ടി വരിക. 329 ഡോളറാണ് (ഏകദേശം 18,000 രൂപ) വില.
7 ഇഞ്ച് ടാബ്ലറ്റിനേക്കാളും ഐപാഡ് മിനിക്ക് 35 ശതമാനം അധിക സ്ക്രീന്‍ സ്പേസാണുള്ളതെന്ന് ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഫില്‍ സ്കില്ലര്‍ അഭിപ്രായപ്പെട്ടു.
7.2 മില്ലിമീറ്റര്‍ കനവും 300 ഗ്രാം ഭാരവുമുള്ള ഐപാഡ് മിനിയുടെ അടിസ്ഥാന മോഡല്‍ വൈ-ഫൈ കണക്ടിവിറ്റിയുള്ളതാണ്. ഒറിജിനല്‍ ഐപാഡിലെ മുഴുവന്‍ ആപ്ലിക്കേഷനുകളും ഈ മിനി ഐപാഡിലും പ്രവര്‍ത്തിക്കും. 16 ജിബി, 32 ജിബി, 64 ജിബി ശേഷിയുള്ള ഐപാഡ് മിനിയില്‍ മാത്രമാണ് വൈ-ഫൈ കണക്ടിവിറ്റിയുള്ളത്. യഥാക്രമം 329 ഡോളര്‍, 429 ഡോളര്‍, 519 ഡോളര്‍ എന്നിങ്ങനെയാണ് ഈ മോഡലുകളുടെ വില. വെ-ഫൈ വേര്‍ഷനുകളുടെ കയറ്റുമതി നവംബര്‍ രണ്ടിന് ആരംഭിക്കും. മുന്‍ കൂര് ബുക്കിംഗ് നാളെ ആരംഭിക്കും.
2010 ല്‍ ചെറുടാബ്ലറ്റുകള്‍ അവതരിപ്പിച്ച് തുടങ്ങിയപ്പോള്‍ അന്നത്തെ ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ് ജോബ്സ് ഈ ആശയത്തെ എതിര്‍ക്കുകയായിരുന്നു ചെയ്തത്. ഐപാഡ് മിനി അവതരിപ്പിച്ചതിലൂടെ ആപ്പിള്‍ പഴയ നിലപാടിന് മാറ്റം വരുത്തിയെന്ന സൂചനയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: