അഞ്ചല്‍: പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തവരെ രക്ഷപെടുത്താന്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ സിപിഎം വക ഉപരോധം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് സംഭവം.
പഞ്ചായത്തില്‍ നിരന്തരമായ സാമൂഹ്യവിരുദ്ധശല്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഏരൂര്‍ എസ്ഐ വിനോദും സംഘവും പോലീസ് ജീപ്പ്പിലെത്തിയത്. പോലീസ് ജീപ്പ്പ് കടന്നുപോയപ്പോള്‍ ഒരുസംഘം ആളുകള്‍ കൂവി വിളിച്ചു. തിരിച്ചെത്തിയ പോലീസിനെക്കണ്ട് രണ്ട് പേര് ഓടി. അവിടെ നിന്നവരോട് ജീപ്പ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു.
ഇവര്‍ മദ്യപിച്ചിരുന്നെന്നും നിരന്തര ശല്യക്കാരാണെന്നും പരാതിയുണ്ട്. ഇവര്‍ പോലീസിനൊപ്പം പോകാന്‍ തയാറായില്ല. പിടിച്ചു കയറ്റാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥനെ പിടിച്ചു തള്ളുകയും ചെയ്തു. ആളുകള്‍ കൂടിയത് കൊണ്ട് പോലീസ് തിരിച്ചു പോവുകയായിരുന്നു.
എന്നാല്‍ പോലീസ് അക്രമിച്ചെന്ന് കാണിച്ച് അഞ്ചലില്‍ ചികിത്സയ്ക്കെത്തിയ ഇവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയെങ്കിലും പണമടയ്ക്കാതെ മറ്റൊരു ആശുപത്രിയില്‍ പോയി അഡ്മിറ്റാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ഇവരെ അഞ്ചല്‍ ഏരൂര്‍ പോലീസ് എത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
ഇവരെ അകാരണമായി അറസ്റ്റു ചെയ്തെന്നാരോപിച്ചാണ് സിപിഎം നേതാക്കള്‍ അര്‍ദ്ധരാത്രിയില്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചത്. സ്റ്റേഷനില്‍ കുത്തിയിരുന്ന പ്രവര്‍ത്തര്‍ ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ഉപരോധത്തിന് സിപിഎം നേതാക്കളായ പി.എസ്. സുമന്, അഡ്വ.എസ്. സൂരജ്, ജി. പ്രമോദ്, എം. ഭാസി, അജയന്, രവീന്ദ്രനാഥ്, പ്രശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് അഞ്ചല്‍ സിഐ ബൈജുഖാനുമായുള്ള ചര്‍ച്ചയില്‍ രാത്രി ഒരുണിയോടെ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ പോലീസിനെ അക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഡിവൈഫ്ഐ നേതാവ് സജാദിനെ ഗുണ്ടാലിസ്റ്റില്പ്പെടുത്തിയതിനെത്തുടര്ന്ന് മേഖലയില്‍ പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ് സിപിഎം നേതൃത്വം. ഭരണതലത്തില്‍ പോലീസിനെ നിഷ്ക്രിയമാക്കിയിരുന്നവര് ഇന്ന് വാളകം, അഞ്ചല്‍, ഏരൂര്‍ മേഖലകളില്‍ പോലീസിനെതിരെ തിരിഞ്ഞിരിക്കുന്നത് കൂടാതെ അവരെ കയ്യേറ്റം ചെയ്യുകയും സ്റ്റേഷനില്‍ അതിക്രമം കാട്ടുന്നതും പതിവാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: