ശാസ്താംകോട്ട: നിരവധി അബ്കാരി കേസിലെ പ്രതിയും വ്യാജമദ്യവില്പ്പനക്കാരനുമായ വേങ്ങ ഇണ്ടിളയപ്പന് ക്ഷേത്രത്തിന് സമീപം കുമ്പള കോളനിയില്‍ ശേഖരനെന്ന് വിളിക്കുന്ന ചന്ദ്രശേഖരനെ അന്വേഷിച്ചെത്തിയ കുന്നത്തൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജോസ് പ്രതാപി(34)നെയും ഗാര്‍ഡ് ജോര്‍ജ് ജോസിലെയും വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി 10.30ഓടെയായിരുന്നു സംഭവം.
ശേഖരനെ അന്വേഷിച്ച് ഉച്ചക്കും വൈകിട്ടും റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള സംഘം കുമ്പള കോളനിയിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സന്ധ്യക്ക് നിരവധി തവണ ശേഖരന് േജോസ് പ്രകാശിന്റെ ഫോണിലേക്ക് വിളിച്ച് ഭാര്യയെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇത് സംബന്ധിച്ച് ഉടന്‍ തന്നെ ശാസ്താംകോട്ട സി.ഐക്ക് പരാതി നല്‍കിയിരുന്നു.
രാത്രി ഒമ്പതിനുശേഷം ശേഖരന്റെ നേതൃത്വത്തില്‍ പരസ്യമായി വ്യാജമദ്യം വില്‍ക്കുന്നതായി ഫോണ്‍സന്ദേശത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ റേഞ്ച് ഇന്‍സ്പെക്ടറെയും ഗാര്‍ഡിനെയും ജീപ്പ്പ് തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ശേഖരനും സുഹൃത്തായ കാസര്‍ഗോഡ് മൂപ്പന് എന്ന് വിളിക്കുന്ന രഘുവും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് ശാസ്താംകോട്ടയില്‍ നിന്നും പോലീസ് എത്തിയാണ് രക്തത്തില്‍ കുളിച്ച് കിടന്ന ഇവരെ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികളിലൊരാളായ രഘുവിനെ റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്ന് ശാസ്താംകോട്ട എസ്.ഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: