തിരുവനന്തപുരം: അമേരിക്കയ്‌ക്കും കുത്തകമുതലാളിമാര്‍ക്കും പിന്തുണ നല്‍കുന്ന യുപിഎ സര്‍ക്കാരിനെ പുറത്താക്കണമെന്ന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ധര്‍മ്മേന്ദ്രപ്രധാന്‍. ലക്ഷം കോടികളുടെ അഴിമതിയിലൂടെ രാജ്യത്തെ കട്ടുമുടിക്കുകയാണ് യുപിഎ സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രതിപക്ഷകക്ഷികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയേകി ബിജെപി ജിപിഒക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുപിഎക്ക് രാജ്യം ഭരിക്കാനുള്ള ധാര്‍മിക അര്‍ഹത നഷ്ടപ്പെട്ടു. സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും യാതൊരു പിന്തുണയും നല്‍കാത്ത യുപിഎ സര്‍ക്കാര്‍ അഴിമതിയുടെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. യുപിഎയുടെ നേതൃത്വത്തില്‍ നടത്തിയ അഴിമതികളെല്ലാം ഒരുലക്ഷം കോടിരൂപയ്‌ക്ക് മുകളിലുള്ളതാണ്. അഴിമതിയിലൂടെ രാജ്യത്തെ കട്ടുമുടിക്കുന്നവരാണ് നമ്മെ ഭരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിഎജി നിരത്തിയ കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഭീകരമായ കൊള്ളയുടെ നേര്‍ചിത്രമാണ് അതിലൂടെ വെളിപ്പെട്ടത്. അഴിമതി മാത്രം തൊഴിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ധനവില വര്‍ധിപ്പിച്ചതും പാചകവാതക സബ്സിഡി വെട്ടിക്കുറച്ചതും ചെറുകിട കച്ചവട മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതും. ചെറുകിട കച്ചവട മേഖലയില്‍ ഇപ്പോള്‍ നമ്മള്‍ സ്വതന്ത്രരാണ്. എന്നാല്‍ അവിടെ വിദേശനിക്ഷേപം വന്നാല്‍ നമുക്ക് വിപണിയിലുള്ള നിയന്ത്രണം നഷ്ടപ്പെടും. അതോടെ വിപണി തകരും. ഗ്രാമീണ മേഖലയിലെ കോടിക്കണക്കിനായ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സാധാരണക്കാര്‍ കുത്തുപാളയെടുക്കും. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍. അമേരിക്കയിലെ ജനങ്ങള്‍ വാള്‍മാര്‍ട്ടിനെതിരെ സമരംചെയ്യുമ്പോള്‍ ജനവിരുദ്ധ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാള്‍മാര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷിക്കാര്‍ക്ക് ഇപ്പോള്‍ തന്നെ ഉത്പന്നങ്ങളുടെ ശരിയായ വില ലഭിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം ഈ സ്ഥിതിയെ കൂടുതല്‍ വഷളാക്കും. പിടിപ്പുകെട്ട ഈ ഭരണം മുന്നോട്ടുപായാല്‍ ഭക്ഷ്യക്ഷാമം കൂടുതല്‍ രൂക്ഷമാകും. ഇവിടെ ബിജെപി സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമൊപ്പമാണ്. അവര്‍ക്ക് പിന്തുണ നല്‍കാനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. യുപിഎ ഘടകകക്ഷികളായ ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും ഭീരുക്കളല്ലാത്ത ചില കോണ്‍ഗ്രസ് നേതാക്കളും ബിജെപിയുടെ നിലപാടിനെ ശരിവച്ച് ഈ ഹര്‍ത്താലില്‍ പങ്കെടുക്കുന്നു. കോണ്‍ഗ്രസാകട്ടെ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റുകളുടെ ഏജന്റുമാരാണ്. എന്നാല്‍ കുത്തകമുതലാളിമാര്‍ക്ക് വിടുപണി ചെയ്യാന്‍ ബിജെപി തയ്യാറല്ല. അതിനാല്‍ ഈ ജനവിരുദ്ധഭരണം അവസാനിപ്പിക്കാന്‍ ബിജെപി കടപ്പെട്ടിരിക്കുന്നു. അഴിമതികള്‍ക്ക് ഒത്താശ ചെയ്യുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് രാജിവയ്‌ക്കണം. ബിജെപിക്ക് അധികാരം ലഭിച്ചാല്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യാക്കാരുടെ മുഴുവന്‍ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ഒ.രാജഗോപാല്‍, വി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, കെ.പി.ശ്രീശന്‍, എ.എന്‍.രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റുമാരായ പ്രതാപവര്‍മ, രമാരഘുനന്ദനന്‍, ശ്യാമളാ പ്രഭു, പദ്മിനി, പി.കെ.വേലായുധന്‍, സെക്രട്ടറിമാരായ പി. രാഘവന്‍, സി.ശിവന്‍കുട്ടി, അഡ്വ.ജെ.ആര്‍.പദ്മകുമാര്‍, കെ.എസ്.രാജന്‍, കെ.കെ.രാജന്‍, സംസ്ഥാന വക്താവ് ജോര്‍ജ് കുര്യന്‍, നേതാക്കളായ എം.എസ്.കുമാര്‍, ഡോ.പി.പി.വാവ, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.എം.വേലായുധന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നൗഷാദ്, ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ജനറല്‍ സെക്രട്ടറിമാരായ വെങ്ങാനൂര്‍ സതീഷ്, അഡ്വ.സുരേഷ് തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: