തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കുമ്മനം രാജശേഖരന് മുന്നറിയിപ്പു നല്കി. ഇന്ന് എല്ലാവരും മാറാട് അന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദിയും മാറാട് അരയസമാജവും സംയുക്തമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാറാട് കൂട്ടക്കൊലയില്‍ പങ്കെടുത്ത് ഹിന്ദുക്കളെ നിഷ്കരുണം കൊന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ സാധിച്ചു. എന്നാല്‍ കൊല്ലിച്ചവരെ കണ്ടെത്താന്‍ 9 വര്‍ഷമായി കഴിഞ്ഞിട്ടില്ല. സംഭവത്തിനു പുറകിലെ ഗൂഢാലോചന, കൃത്യം നടത്താന്‍ ലഭിച്ച ധനസഹായത്തിന്റെ സ്രോതസ്സ്, ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടം, സംസ്ഥാനാന്തര-തീവ്രവാദ ബന്ധം എന്നിവയൊക്കെ സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ പെടുത്തണം. 2003നു ശേഷം 13 കേസുകളാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇത്രയും വലിയ കൂട്ടക്കൊലയെ കുറിച്ചുള്ള അന്വേഷണം സിബിഐയെ ഏല്പിക്കാന് മാത്രം തയ്യാറായില്ല. സിബിഐ അന്വേഷണത്തെ അട്ടിമറിക്കുന്നവര്‍ ഈ നാടിന്റെ തന്നെ ശത്രുക്കളാണ്. ഇത് സംസ്ഥാനത്തെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുകയാണ്. കൊല്ലിച്ചവര്‍ ആരെന്നു കണ്ടെത്തേണ്ട ബാധ്യത നാടുഭരിക്കുന്ന സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
149ലേറെ പ്രതികളും അതില്‍ 70ലധികം പേര് ശിക്ഷിക്കപ്പെടുകയും ചെയ്ത അപൂര്‍വ സംഭവമാണ് മാറാട് കേസ്. കീഴ്ക്കോടതി വെറുതേ വിട്ട 20ഓളം പേരെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച അത്യപൂര്‍വമായ വിധിയും ഈ കേസിലുണ്ടായി. കേസന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനും ശുപാര്‍ശ ചെയ്തത് സിബിഐ പോലുള്ള ഉന്നത ഏജന്‍സിയുടെ അന്വേഷണം വേണമെന്നാണ്. അഞ്ചു വര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണകാലത്ത് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തില്ലെങ്കിലും ഇപ്പോള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തുകയാണ്. അന്ന് എതിരു നിന്ന മുസ്ലീംലീഗും ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് അനുകൂലമാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം സിബിഐ അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: