ഗുരുവായൂര്‍ : കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഗുരുവായൂര്‍ ദേവസ്വം ജപ്തി നടപടി ഭീഷണിയില്‍. ഇന്ന് നടക്കുന്ന ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇതിനായി തീരുമാനമെടുക്കുമെന്നറിയുന്നു. ദേവസ്വത്തിനെതിരെ ജപ്തി നടപടിക്ക് സര്‍ക്കാരിന്റെ അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് വിഭാഗം നഗരസഭക്ക് നിര്‍ദ്ദേശം നല്കി. ലോക്കല്‍ ഫണ്ട് ഓഡിറ്റും റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ശുപാര്‍ശ. 1960ലെ കേരള മുനിസിപ്പല്‍ ആക്ട് സെഷന് 184 പ്രകാരവും 1994ലെ കേരള മുനിസിപ്പല്‍ ആക്ട് സെഷന് 333 പ്രകാരവും നിയമപരമായി നല്‍കേണ്ട അംശാദായതുക നല്‍കുന്നില്ലെന്ന് കാണിച്ച് നല്കിയ ഹര്‍ജിയില്‍ ഗുരുവായൂര്‍ നഗരസഭക്ക് അനുകൂലമായി ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ദേവസ്വം ഡിവിഷന് ബെഞ്ചിനെ സമീപിച്ചെങ്കിലും റിട്ട് ഹര്‍ജി തള്ളുകയാണുണ്ടായത്. നഗരസഭാതലത്തിലും സര്‍ക്കാര്‍ തലത്തിലും നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നഗരസഭ വിഷയം പരിഗണനക്കെടുത്തത്.
ഇന്ന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി ഈ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 85000 രൂപയാണ് ദേവസ്വം നഗരസഭക്ക് നല്‍കേണ്ടത് ആരോഗ്യ വിഭാഗത്തിന് അംശാദായതുക നല്‍കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം അഡീഷണല്‍ ചീഫ് സെക്രട്ടറിയും കമ്മീഷണറും നഗരസഭക്ക് തുക അനുവദിച്ച് ഉത്തരവ് നല്‍കിയതായി അറിവായിട്ടുണ്ടെന്ന് നഗരസഭ പറയുന്നു. എന്നാല്‍ ദേവസ്വം അതിന് തയ്യാറായിട്ടില്ലാത്തതിനാലാണ് നടപടിക്കൊരുങ്ങുന്നത്. അക്കൗണ്ട് ജനറല്‍ ഓഡിറ്റ് പ്രകാരം 2009 വരെ രണ്ട് കോടി 37 ലക്ഷം രൂപ ദേവസ്വത്തില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് 85 ലക്ഷം രൂപക്ക് വേണ്ടിയാണ് നഗരസഭ പ്രാഥമിക നിയമനടപടിക്കൊരുങ്ങുന്നത്. ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നടപടിക്ക് സാഹചര്യം ഒരുങ്ങുന്നത്. ഇതോടെ നാണക്കേടിന്റെ വക്കിലെത്തി നില്‍ക്കുകയാണ് ദേവസ്വം ഭരണസമിതി.
കെ.ജി. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: