കൊച്ചി: സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച് വിശദമായ നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്മോഹന്സിംഗിന് നല്‍കിയെങ്കിലും യാതൊരു ഉറപ്പും നേടുവാന്‍ സാധിച്ചില്ല. പതിനാറ് പദ്ധതികളാണ് മന്ത്രിസഭ അംഗീകരിച്ച് പ്രധാനമന്ത്രിക്ക് ബുധനാഴ്ച രാത്രി സമര്‍പ്പിച്ചത്. പദ്ധതികള്‍ സംബന്ധിച്ച് അനുകൂലമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് പറയുമ്പോഴും വ്യക്തമായ ഒരു ഉറപ്പും നേടുവാന്‍ സംസ്ഥാനത്തിനായില്ല.
പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നല്കി തറക്കല്ലിട്ടെങ്കിലും പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വാഗണ്‍ ഫാക്ടറി സംബന്ധിച്ചും യാതൊരു നടപടിയും ആയിട്ടില്ല. ഇക്കാര്യങ്ങള്‍ റെയില്‍വെ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്.
എയര്‍ കേരളയുടെ കാര്യത്തിലും യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. വിവിധ വശങ്ങള് പരിഗണിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. ദേശീയപാത വികസനം സംബന്ധിച്ചും നാലുവരിപ്പാതയാക്കാനുള്ള നടപടികള്‍ സംബന്ധിച്ചുമുള്ള കേരള താല്പര്യങ്ങള് സംസ്ഥാനസര്‍ക്കാര്‍ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ കൊല്ലം ബൈപ്പാസ്, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരി-മാഹി ബൈപ്പാസുകളെക്കുറിച്ചും പഠിക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
പാലക്കാട് എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായി ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ 60 ശതമാനം സീറ്റുകള്‍ എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് ലഭിക്കും. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു മെഡിക്കല്‍ കോളേജ് വിഭാവനംചെയ്തിരിക്കുന്നത്. കേരളത്തില്‍ ഐഐടി സ്ഥാപിക്കുന്ന കാര്യം പന്ത്രണ്ടാം പദ്ധതിയില്‍ ഉള്ളതാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം ഇക്കാര്യത്തില്‍ ആശാവഹമാണെന്ന പ്രതീക്ഷ മാത്രമാണുള്ളത്.
വിദ്യാഭ്യാസ ലോണുകള്‍, ബാങ്കുകള്‍ പലിശനിരക്ക് ക്രമീകരിക്കല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഗൈഡ്ലൈനില് മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സോമാലിയയില്‍ കടല്‍ക്കൊള്ളക്കാരുടെ കസ്റ്റഡിയിലുള്ള മലയാളികളടക്കമുള്ള 30 ഇന്ത്യക്കാരെ രക്ഷിക്കാനും മുംബൈയില്‍ തടവില്‍ കഴിയുന്ന 100 സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ വിട്ടുകിട്ടണമെന്ന ആവശ്യം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം ക്ലാസിക്കല്‍ ഭാഷയാക്കുന്നത് സംബന്ധിച്ച് അനുകൂല നിലപാടാണ് വകുപ്പുമന്ത്രിയും പ്രധാനമന്ത്രിയും കൈക്കൊണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു. സംസ്ഥാനത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് വേണം. 2974 കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളണം.
എസ്എസ്എ ഫണ്ട് എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുകൂടി നല്‍കണം. വെല്‍ഫെയര്‍ ഫണ്ട് നിക്ഷേപങ്ങളിലെ നികുതി ഒഴിവാക്കണം. വിദേശത്തുനിന്നും ഇപ്പോള്‍ പുരുഷന്മാര്ക്ക് 10,000 രൂപയുടെയും സ്ത്രീകള്‍ക്ക് 20,000 രൂപയുടെയും സ്വര്‍ണമേ കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ. ഇത് യഥാക്രമം 50 ഗ്രാമും നൂറ് ഗ്രാമുമായി ഉയര്‍ത്തുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യങ്ങളിലെല്ലാം അനുഭാവപൂര്‍വമായ നിലപാട് എടുക്കാമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പരിശോധിക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. അനുഭാവപൂര്‍വമായ പതിവ്ശൈലിയല്ലാതെ യാതൊരു ഉറപ്പും നേടുവാന്‍ സംസ്ഥാനത്തിനായില്ല. ഫലത്തില്‍ പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം നിരാശ മാത്രമാണ് സമ്മാനിച്ചത്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: