ആനന്ദ്(ഗുജറാത്ത്): ധവളവിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗീസ് കുര്യന് (90) അന്തരിച്ചു. ഗുജറാത്തിലെ നദിയാദില്‍ ഇന്നലെ പുലര്‍ച്ചെ 1.15 ഓടെയായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്താല്‍ ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്ന വര്‍ഗീസ് കുര്യനെ നദിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. മോളിയാണ് ഭാര്യ. നിര്‍മ്മല കുര്യന് മകളാണ്.
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാലുത്പ്പാദക രാജ്യമാക്കിയതിന്റെ പിന്നില്‍ സുപ്രധാനപങ്ക് വഹിച്ച വ്യക്തിയായിരുന്നു വര്‍ഗീസ് കുര്യന്. ഓപ്പറേഷന് ഫ്ലഡ് എന്നായിരുന്നു അദ്ദേഹത്തിന്റെ ക്ഷീരവികസന പദ്ധതി അറിയപ്പെട്ടത്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ഗുജറാത്തിലെ ആനന്ദില്‍ ഒരു ക്ഷീര സര്‍വീസ് സഹകരണ സംഘത്തില്‍ ചേരുകയായിരുന്നു കുര്യന്. ആനന്ദിലെ ക്ഷീരകര്‍ഷകര്‍ കുര്യന്റെ നേതൃത്വത്തില്‍ കൈവരിച്ച നേട്ടം വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് രാജ്യമെങ്ങും ആനന്ദ് മാതൃക നടപ്പാക്കാന്‍ അവസരം നല്കി. ക്ഷീരോത്പാദനത്തില്‍ അത്ഭുതം സൃഷ്ടിച്ച വര്‍ഗീസ് കുര്യന്റെ നിയോഗം അവിടെ അവസാനിച്ചില്ല. അമൂല്‍ എന്ന ലോകോത്തര ബ്രാന്‍ഡിലൂടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഏറ്റവും വലിയ പാലുത്പാദക രാഷ്ട്രമാക്കി കുര്യന് കൈപിടിച്ചുയര്‍ത്തി.
അമൂല്‍ മാതൃകയിലുള്ള സംരംഭങ്ങള്‍ വിവിധ ബ്രാന്‍ഡുകളിലായി പല സംസ്ഥാനങ്ങളിലും നടപ്പാക്കപ്പെട്ടു. ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നായി അമൂല്‍ മാതൃകയെ ലോകബാങ്ക് പോലും അംഗീകരിച്ചു. അമൂല്‍ മാതൃക നടപ്പാക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വര്‍ഗീസ് കുര്യന് ക്ഷണം ലഭിച്ചു. 1965 ല്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി കുര്യനെ ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചു. 34 വര്‍ഷമാണ് അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നത്. 2003 ല്‍ അദ്ദേഹം ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ ചെയര്‍മാനായി. 30 വര്‍ഷത്തെ സേവനത്തിന് ശേഷം 2006 ലാണ് വര്‍ഗീസ് കുര്യന് ഇവിടെ നിന്ന് വിരമിച്ചത്. വര്‍ഗീസ് കുര്യന് ആവിഷ്ക്കരിച്ച പദ്ധതിപ്രകാരം രാജ്യമെമ്പാടുമായി ഇന്ന് ഒരു കോടിയോളം ക്ഷീരകര്‍ഷകര്‍ പ്രതിദിനം രണ്ട് കോടി ലിറ്റര്‍ പാലാണ് ഉത്പാദിപ്പിക്കുന്നത്.
ഡോ.പുത്തന്‍ പുരയ്ക്കല്‍ കുര്യന്റെ മൂന്നാമത്തെ മകനായി 1921 നവംബര്‍ 26 ന് കോഴിക്കോടായിരുന്നു വര്‍ഗീസ് കുര്യന്റെ ജനനം. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ കുര്യന് തുടര്‍ പഠനത്തിനായി അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. പഠനത്തിന് ശേഷം തിരിച്ചെത്തിയ കുര്യന് വിവിധ വകുപ്പുകളിലെ സേവനത്തിന് ശേഷം 1949 ലാണ് ആനന്ദിലെ പാല്‍പ്പൊടി ഉണ്ടാക്കുന്ന യൂണിറ്റില്‍ ചേര്‍ന്നത്. തുടര്‍ന്ന് ക്ഷീരകര്‍ഷക സഹകരണ സംഘം രൂപീകരിച്ച കുര്യന് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണമായും ഈ മേഖലയിലേക്ക് തിരിയുകയായിരുന്നു. ?എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു? എന്ന പേരില്‍ പുറത്തിറങ്ങിയ വര്‍ഗീസ് കുര്യന്റെ ആത്മകഥ ഏറെ വായിക്കപ്പെട്ടു. മാഗ്സാസെ പുരസ്ക്കാരം, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, വേള്‍ഡ് ഫുഡ് പ്രൈസ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ വര്‍ഗീസ് കുര്യനെ തേടിയെത്തിയിട്ടുണ്ട്.
ഡോ. വര്‍ഗീസ് കുര്യന്റെ വേര്‍പാടില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് തുടങ്ങിയവര്‍ അനുശോചിച്ചു. കേരളത്തില്‍ വളരെ എളിയ നിലയില്‍നിന്ന് വളര്‍ന്നുവന്ന കുര്യന് ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് താങ്ങും തണലുമായി മാറിയ വ്യക്തിയാണെന്ന് സര്‍സംഘചാലക് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. മൊറാര്‍ജി ദേശായി, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ മഹാരഥന്മാര് ആരംഭിച്ച ക്ഷീര സഹകരണ പ്രസ്ഥാനത്തെ നിലനിര്‍ത്തിയതും അമൂല്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ രുചിയാക്കി മാറ്റിയതും കുര്യന്റെ ദീര്‍ഘവീക്ഷണവും സഹനശക്തിയും പ്രായോഗിക വ്യവസായ ബുദ്ധിയുമാണ്. ഭാരതീയ മൂല്യങ്ങളിലും സംസ്ക്കാരത്തിലും അടിയുറച്ച് വിശ്വസിച്ച ദേശസ്നേഹിയാണ് കുര്യന് സര്‍സംഘചാലക് പറഞ്ഞു.. രാജ്യത്തെ ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരെ പുരോഗതിയിലേയ്ക്ക് നയിച്ച കുര്യന്റെ വേര്‍പാട് തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: