തിരുവനന്തപുരം: മുന്‍ എംഎല്‍എയും പഴയകാല കമ്യൂണിസ്റ്റ് നേതാവുമായ ആര്. പ്രകാശം (85) അന്തരിച്ചു. മകളും എംഎല്‍എയുമായ ജമീല പ്രകാശത്തിന്റെ വസതിയില്‍ ഇന്നു പുലര്‍ച്ചെ നാലുമണിക്കായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.
1954- ലിലെ തിരുകൊച്ചി അസംബ്ലിയില്‍ ആറ്റിങ്ങല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത് പ്രകാശമാണ്. ആറ്റിങ്ങല്‍ നഗരസഭയുടെ ആദ്യ ചെയര്‍മാനുമായിരുന്നു. സംസ്കാരം വൈകുന്നേരം നാലുമണിക്ക് ആറ്റിങ്ങലില്‍ നടക്കും. 1953 മുതല്‍ 1956 വരെ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.
ആറ്റിങ്ങല്‍ ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍, സര്‍ക്കാര്‍ ആശുപത്രി, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡ്, ഠൗണ്‍ഹാള്‍, സ്റ്റേഡിയം, കൊല്ലമ്പുഴ പാലം എന്നിവ ആര്.പ്രകാശത്തിന്റെ സേവനഫലങ്ങളായി രൂപം കൊണ്ടവയാണ്. ശബരിമല തീവയ്പ്പിനെക്കുറിച്ചുള്ള കേശവമേനോന് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത് ആര്. പ്രകാശത്തിന്റെ ഒരു ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു.
കേരള യൂണിവേഴ്സിറ്റി സെനറ്റ്, മുനിസിപ്പല്‍ നിയമ ഏകീകരണ കമ്മിറ്റി എന്നിവയില്‍ അദ്ദേഹം അംഗമായിരുന്നു. ആര്. പ്രകാശത്തിന്റെ നയതന്ത്രപരമായ സമ്മര്‍ദ്ദത്തിലാണ് കേരളത്തിലെ നഗരസഭകള്‍ക്ക് ഒരു ഏകീകൃതപ്രവര്‍ത്തനത്തിന്റെ ശൈലി ഉണ്ടായത്. മുനിസിപ്പല്‍ ആക്ട്, മുനിസിപ്പല്‍ മാസ്റ്റര്‍ പ്ലാന്‍ തുടങ്ങിയ അടിസ്ഥാനപരമായ സംരഭങ്ങള്‍ക്ക് കാരണമായ സര്‍ക്കാര്‍ കമ്മീഷനിലെ ഏക അനൗദ്യോഗിക അംഗമായിരുന്നു അദ്ദേഹം.
നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. വിവിധ തൊഴില്‍ സമരങ്ങള്‍ നയിച്ച് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ജനയുഗം പത്രത്തിന്റെ സഹപത്രാധിപരമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: