തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ആര്‍എംപി നിലപാടിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വി.എസ്.അച്യുതാനന്ദന് രംഗത്തെത്തി. ടി.പി വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ വിധവയുടെ ആവശ്യം ന്യായമാണെന്ന് വി.എസ് പറഞ്ഞു.
വധത്തിന് പിന്നില്‍ ഉന്നതരുണ്ടെന്ന രമയുടെ സംശയം എത്രയും പെട്ടെന്ന് ദൂരീകരിക്കണം. ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണെന്നും വി.എസ് പറഞ്ഞു.
സി.പി.എമ്മിലെ ഉന്നതരിലേക്ക് അന്വേഷണമെത്താത്തതിനെതിരെ ആര്‍എംപി നേതാക്കളും രമയും പ്രതിഷേധമറിയിച്ചിരുന്നു. കേസന്വേഷണം സിബിഐയെ ഏല്പിക്കണമെന്നും അവര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിലെ ഉന്നതര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന സംശയങ്ങള്‍ ദൂരീകരിക്കണമെന്നും ഇതിന്റെ ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നും വി എസ് പറഞ്ഞു.
വി എസിന്റെ അഭിപ്രായത്തോട് തത്കാലം പ്രതികരിക്കാനില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം അറിയിച്ചു. ടി പി വധശേഷം പാര്‍ട്ടി നിലപാടുകളെ പരസ്യമായ എതിര്‍ത്ത വിഎസിന്റെ അഭിപ്രായങ്ങള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും ശിക്ഷയായി പരസ്യശാസന നല്‍കാനാണ് കേന്ദ്രനേതൃത്വം തീരുമാനിച്ചത്.
ശിക്ഷ സ്വീകരിച്ച്, ടി പി യുടെ വീട് സന്ദര്‍ശിച്ചതുള്‍പ്പെടെ താന്‍ സ്വീകരിച്ച ചില നിലപാടുകളില്‍ വി എസ് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നാണ് ടി.പി വധം സിബിഐയെ ഏല്പിക്കമെന്ന ആര്‍എംപിയുടെയും കെ കെ രമയുടെയും ആവശ്യത്തെ ന്യായീകരിച്ച് വി എസ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: