ന്യൂദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം പുന:സ്ഥാപിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ബില്ല് നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
സമാജ്വാദി പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പിനിടയിലാണ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം ബാധമാക്കണമെന്ന് സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. കല്‍ക്കരിപ്പാടം അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് തിരക്കിട്ട് ബില്ലിന് അംഗീകാരം നല്‍കിയതെന്നും സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ഒബിസി വിഭാഗങ്ങളെയും പിന്നീട് ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരാമെന്ന ഉറപ്പ് നല്‍കിയാണ് മുലായത്തെ കോണ്‍ഗ്രസ് മയപ്പെടുത്തിയതെന്നാണ് സൂചന.
അതേസമയം തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. ബി.എസ്.പി ഉന്നയിച്ചിരിന്ന പ്രധാന ആവശ്യങ്ങളിലൊന്നാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മായാവതി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയ സംവരണം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭേദഗതികളോടെ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: