കൊല്ലം: ഓണത്തെ അര്‍ഥവത്താക്കുകയാണ് ബാലകാരുണ്യത്തിലൂടെ വിശ്വഹിന്ദുപരിഷത്തെന്ന് മന്ത്രി ഷിബുബേബിജോണ്‍. ബാലകാരുണ്യം 2012ന്റെ രണ്ടാംദിവസമായ ഇന്നലെ രാവിലെ നടന്ന സാംസ്കാരികസമ്മേളനം ചിന്നക്കട സിഎസ്ഐ കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമ്പത്സമൃദ്ധിയുടെയും നന്മയുടെയും നാളുകളാണ് ഓണനാളുകള്‍. അതിനെ അനുസ്മരിച്ച് ലോകമെമ്പാടും ഓണത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സമൂഹത്തില്‍ അനുകമ്പയും ദയയും അര്‍ഹിക്കുന്നവരെ മിക്കവരും മറന്നുപോകുന്നു. എന്നാലിവിടെ അശരണരായ കുട്ടികളെ ഓണസംഗമത്തിന് സംഘടിപ്പിച്ച് അവരിലെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഓണത്തനിമ നിലനിര്‍ത്തിയിരിക്കുകയാണ് വിഎച്ച്പിയുടെ സേവാവിഭാഗം.
ഓണാഘോഷം വിഭിന്നമായ രീതിയിലാണ് ഓരോരുത്തരും മുന്‍കാലത്ത് കൊണ്ടാടുന്നത്. ആധുനികലോകത്തില്‍ ഓണത്തെയും മാറ്റിയിരിക്കുന്നു. കച്ചവടശക്തികള്ക്കാണ് ശരിക്കും ഓണം വിനിയോഗിക്കുന്നത്. വ്യാപാരമായി ഓണാഘോഷം മാറ്റിയാണ് അവര്‍ ഓണത്തെ മുതലെടുക്കുന്നത്. നമ്മുടെ സംസ്ഥാനം ഇതിന് ഉദാഹരണമാണ്. കേരളമാകെ ഈ നാളുകളില്‍ ഗതാഗതസ്തംഭനമാണെന്ന് പറയാതെവയ്യ. വാഹനങ്ങള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ പോലും സഞ്ചരിക്കാനാവാത്തവിധം കച്ചവടസ്ഥാപനങ്ങള്‍ക്ക് വെളിയിലും തിരക്കേറുകയാണ്.
മാറ്റിവയ്ക്കപ്പെട്ട വേതനമായ ബോണസ് ഭാവിയിലേക്ക് സ്വരുകൂട്ടാതെ പരസ്യകമ്പനികളുടെ മായികവലയത്തില്‍ വീണ് പാവപ്പെട്ടവരും ഇടത്തരക്കാരും പൂര്‍ണമായും ആ പണം ചെലവാക്കുന്നു. ഇത് തന്റെ കുട്ടികാലത്ത് സംഭവിച്ചിട്ടില്ല.
അന്നൊക്കെ ഓണപരീക്ഷ കഴിഞ്ഞെത്തിയാലുടന്‍ വീട്ടുമുറ്റത്ത് ഊഞ്ഞാലിടും. മന്ത്രിയായ ശേഷവും ഊഞ്ഞാലിടണമെന്ന് തന്റെ സ്റ്റാഫിനോട് പറഞ്ഞിരുന്നു. എന്നാലവര്‍ നിസഹായത തെളിയിക്കുകയാണ് ചെയ്തത്. ഇതെനിക്ക് നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. ഇന്ന് ഊഞ്ഞാലിടാന്‍ വടം കിട്ടാത്ത സ്ഥിതിയാണ്. ഏത് കടയിലും പ്ലാസ്റ്റിക് റോപ്പുകള്‍ മാത്രമാണ് ഉള്ളത്. ഇതെല്ലാം കാലം നല്കുന്ന മാറ്റത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്. ഓണമെന്താണെന്നോ അതിന്റെ ഐതിഹ്യമെന്തെന്നോ അറിയാതെയാണ് ഇന്നത്തെ തലമുറ വളരുന്നതെന്നും മന്ത്രി ഷിബുബേബിജോണ്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീബുദ്ധാഎഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍ പ്രൊഫ.ശശി കുമാര്‍ അധ്യക്ഷനായിരുന്നു. വിഎ ച്ച്പി ജനറല്‍സെക്രട്ടറി വി.മോഹനന്, ജോയിന്റ്സെക്രട്ടറി വി.ആ ര്‍.രാജശേഖരന്, മാതൃശക്തി സം സ്ഥാനസമിതിയംഗം എം.എല്‍. രു ഗ്മിണിയമ്മ, പുതിയകാവ് ബാലാശ്രമം ട്രഷറര്‍ കെ.പി.പരമേശ്വരന് നായര്‍, ഡോ.വി.ശശിധരന്‍പിള്ള, കെ.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: