രണ്ട്:
മൂഢ ജഹീഹി ധനാഗമതൃഷ്ണാം
കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജകര്‍മോപാത്തം
വിത്തം തേന വിനോദയ ചിത്തം
ധനസമ്പാദനത്തിനുള്ള അമിതമായ കൊതി മതിയാക്കി, വിഷയകാമനകളകറ്റി, അങ്ങനെ ശുദ്ധമായ മനസ്സുകൊണ്ട് പരമാര്‍ത്ഥ തത്ത്വത്തെ വിചിന്തനം ചെയ്യൂ. സര്‍വാധാരമായ സത്യത്തെ- ഈശ്വരനെ ധ്യാനിക്കൂ. ആദ്ധ്യാത്മികാചാര്യന്‍ ഈ ശ്ലോകത്തില്‍ നല്‍കുന്ന ഉപദേശം ഇതാണ്.
ലോകത്തില്‍ നാം എങ്ങനെ ജീവിക്കണമെന്ന് ശ്രീശങ്കരന്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു. നിയുക്തമായ ജോലി മാന്യമായി ചെയ്തിട്ട് കിട്ടുന്ന ധനം കൊണ്ട് നിങ്ങള്‍ സന്തുഷ്ടിയോടെയും സംതൃപ്തിയോടെയും സുഖമായി ജീവിക്കുവിന്‍ എന്ന ഉപദേശമാണ് തരുന്നത്. മനുഷ്യന്റെ മനോരാജ്യത്തിന് അതിരില്ല. മനോരഥത്തിലേറി അലസയാത്ര ചെയ്യുന്ന മനുഷ്യന് വേണ്ടിടത്ത്, വേണ്ടപ്പോള്‍ അതിനെ നിര്‍ത്താന്‍ വശമില്ലാത്ത മട്ടാണ്. അറ്റമില്ലാത്ത സങ്കല്‍പ്പങ്ങള്‍! തീരാത്ത ആഗ്രഹങ്ങള്‍! നിറവേറ്റുന്തോറും ആഗ്രഹങ്ങള്‍ പെരുകുകയേ ഉള്ളൂ.
ജീവിതത്തില്‍ മനുഷ്യന്‍ തേടുന്നത് ആത്മസംതൃപ്തിയാണ്. എന്നാല്‍ പണംകൊണ്ട് നേടാവുന്നതോ വെറും ഇന്ദ്രിയതര്‍പ്പണം. തല്‍ക്കാലത്തേക്കെങ്കിലും കാമാഗ്നി തെല്ലൊന്ന് ശമിച്ചതായിത്തോന്നാം. പക്ഷേ, താമസിയാതെതന്നെ തൃഷ്ണ നമ്മുടെ ഉള്ളില്‍ തിരിച്ചെത്തുകയും പൂര്‍വാധികം നിര്‍ദ്ദയമായി നമ്മെ പീഡിപ്പിക്കുകയും ചെയ്യും. സ്ഥായിയായ സുഖവും ശരിയായ മനസ്സമാധാനവും ജീവിതത്തില്‍ വേണമെന്നുണ്ടെങ്കില്‍ ഒരേയൊരു പോംവഴിയേ ഉള്ളൂ. അവനവന്‍ ചെയ്യേണ്ട ജോലി മാന്യമായി ചെയ്തുകിട്ടുന്ന ധനംകൊണ്ട് സംതൃപ്തിയടയാന്‍ പഠിക്കുക. ഇങ്ങനെ മനസ്സില്‍ സംതൃപ്തിയും സന്തുഷ്ടിയും വിളയാടുമ്പോള്‍ മാത്രമേ പരമോന്നതമായ ആദ്ധ്യാത്മിക സത്യത്തെ അനുസന്ധാനം ചെയ്യാനും അത് സ്വയം സാക്ഷാത്കരിക്കാനും മനുഷ്യന്‍ സമര്‍ത്ഥനാവുകയുള്ളൂ.
ധനത്തിനുള്ള കൊതി മനുഷ്യനെ ദുഷിപ്പിക്കും. ആസക്തി ഹേതുവായി ഒരിക്കലും സ്വൈരമുണ്ടാവുകയില്ല. സമ്പാദിക്കാനാണെങ്കില്‍ പാടുപെടണം. സമ്പാദിച്ചത് വല്ലവരും തട്ടിയെടുക്കാനിടവരാതെ കാത്തുസൂക്ഷിക്കാന്‍ അതിലേറേ വിഷമം. അത്യദ്ധ്വാനം ചെയ്തു നേടിയതെങ്ങാന്‍ നഷ്ടപ്പെട്ടുപോയാലുള്ള ദുഃഖം പറയുകയും വേണ്ട. ആര്‍ജിക്കുമ്പോള്‍ ദുഃഖം, കാത്തുസൂക്ഷിക്കുമ്പോള്‍ ദുഃഖം,ചെലവഴിക്കുമ്പോള്‍ ദുഃഖം- ഇങ്ങനെ എപ്പോഴും അര്‍ത്ഥം അനര്‍ത്ഥഹേതു തന്നെ.
വിഷയങ്ങളിലുള്ള കൊതി അഥവാ തൃഷ്ണ മാത്രമേ നാം ത്യജിക്കേണ്ടതുള്ളു. തൃഷ്ണയെ ത്യജിച്ചവന്‍ മാത്രമേ ജീവിത്തില്‍ സുഖവും സംതൃപതിയും അനുഭവിക്കുന്നുമുള്ളൂ.
വ്യാഖ്യാനം- സ്വാമി ചിന്മയാനന്ദ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: