ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിലാണ് ചിരപുരാതനമായ തിരുവിഴ മഹാദേവ ക്ഷേത്രം. മരുന്നുസേവയിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ച ക്ഷേത്രം. ദേശീയപാതയില്‍നിന്നും ഇടത്തോട്ട് തിരിയുമ്പോള്‍ ടാറിട്ട റോഡ്. അത് ചെന്നുചേരുന്നത് ക്ഷേത്രത്തിന്റെ മുന്നിലാണ്. ചുറ്റുമതില്‍ക്കകം വിസ്തൃതം മുറ്റത്ത് വലിയ ആല്മരങ്ങള്. ഇടതുവശത്ത് പഴക്കമാര്‍ന്ന ഒരു കളിത്തട്ട്. മനോമോഹനമായ നടശാല. അതിനുമുന്നില്‍ ധ്വജം. നാലമ്പലവും വിളക്കുമാടവും, ക്ഷേത്രപ്പറമ്പില്‍ അവിടവിടെയുള്ള കോവിലുകളും എല്ലാം ഇവിടെ എത്തുന്ന ഭക്തര്‍ക്ക് ആകര്‍ഷകമാകും. ശ്രീകോവിലില്‍ ശിവന്. സ്വയംഭൂവായ ഭഗവാന് കിഴക്കോട്ട് ദര്‍ശനമേകുന്നു. ഗര്‍ഭഗൃഹം താഴ്ന്നതായതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം കയറും. ശ്രീകോവിലിനോട് ചേര്‍ന്ന് കന്നിമൂലയില്‍ ഗണപതി. നാലമ്പലത്തിന് പുറത്ത് തെക്കുകിഴക്കേ മൂലയ്ക്ക് ഭൂതകാല നാഗയക്ഷി. അതേ ദിശയില്‍ പുറകോട്ട് മാറി ബ്രഹ്മരക്ഷസ്സ്. തെക്കുഭാഗത്ത് ധര്‍മശാസ്താവ്. വടക്കുപടിഞ്ഞാറേ മൂലയ്ക്ക് വിഷ്ണു. തെക്കുപടിഞ്ഞാര്‍മാറി നാഗവുമുണ്ട്.
പണ്ട് ഇവിടം കാടുപിടിച്ചുകിടന്നിരുന്ന പ്രദേശമായിരുന്നു. ആ കാട്ടിനകത്ത് ഒരു കുളവും കുളത്തില്‍ എപ്പോഴും ആമകളെ കാണാം. ആമകളെ പിടിക്കുക എന്നത് കുളത്തിന് ചുറ്റും അധികം അകലത്തിലല്ലാതെ താമസിച്ചിരുന്ന ഉള്ളാളന്മാര്‍ പതിവാക്കിയിരുന്നു. അതിന് പറ്റിയ കമ്പും അവര്‍ ഉപയോഗിച്ചുപോന്നു. ഒരു ദിവസം ഉള്ളാള സ്ത്രീ കുളത്തിലിറങ്ങി ആമകളെ പിടിക്കാന്‍ ശ്രമിച്ചു. കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് കുത്തി. അപ്പോഴതാ കുത്തേറ്റ ഭാഗത്തുനിന്നും രക്തം ചീറ്റി വരുന്നു. അതുകണ്ട് ഭയന്നോടിയ ഉള്ളാള സ്ത്രീയ സ്ഥലഉടമയായ പണിക്കരുടെ അടുത്തെത്തി. പണിക്കര്‍ പരിവാര സമേതം എത്തിയപ്പോള്‍ അതാ കുളം നിറയെ രക്തം കലര്‍ന്ന വെള്ളം. അത് നിശ്ശേഷം വറ്റിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. പിന്നെ കുളത്തിലിറങ്ങി തപ്പി നോക്കി. അപ്പോള്‍ രക്തം വാര്‍ന്നൊഴുകുന്ന ഒരു ശില കിട്ടി. അതിന്റെ നാലാം നാള് അവിടെ വന്നുചേര്‍ന്ന ഒരു സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം കുളം നികത്തുകയും അവിടെ ക്ഷേത്രം നിര്‍മ്മിച്ച് സ്വയംഭൂലിംഗം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
മാറാരോഗങ്ങള്‍ക്ക് മരുന്നു നല്കുന്ന രീതി ക്ഷേത്രത്തിലുണ്ട്. വളരെ പുരാതനകാലം മുതല്‍ നടന്നുവരുന്ന ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍. കൈവിഷബാധിതരും മനോരോഗികളുമായി നിരവധി പേര് നിത്യവും ക്ഷേത്രത്തിലെത്താറുണ്ട്. രോഗികള്‍ തലേദിവസം ക്ഷേത്രത്തില്‍ എത്തുന്നു. പിറ്റേ ദിവസം ക്ഷേത്രപരിസരത്തുള്ള ഒരുതരം ചെടിയുടെ നീരെടുത്ത് പാലും മരുന്നും കൂട്ടിക്കലര്‍ത്തി പന്തീരടിപൂജാ സമയത്ത് മേല്‍ശാന്തി അകത്ത് നിവേദിക്കുന്നു. പിന്നീട് പുറത്തുകൊടുക്കും. വര്‍ഷത്തില്‍ ഒരു ദിവസം ഈ മരുന്ന് കൊടുക്കാറുമില്ല – ആറാട്ടുദിവസം. കാരണം പന്തീരടി പൂജ ആറാട്ടുകടവിലാണല്ലോ. രോഗി മരുന്നുകുടിച്ചശേഷം ക്ഷേത്രപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈവിഷം ഛര്‍ദ്ദിക്കും. അതിനുശേഷം ഭൂതകാല നാഗയക്ഷിക്ക് നിവേദിച്ച പാല്‍പ്പായസം രോഗി കഴിക്കുന്നതോടെ മരുന്ന് ഉപയോഗിക്കുന്നതിന്റെ ചടങ്ങുകള്‍ അവസാനിക്കും.
മീനമാസത്തില്‍ തിരുവാതിര ആറാട്ടായി വരത്തക്കവിധം പത്തുദിവസത്തെ ഉത്സവം. ചതയത്തിനാണ് കൊടിയേറ്റം. കോടിക്കയര്‍ വരവ് വിശേഷ ചടങ്ങാണ്. കളിയനാട്ടുകുടുംബക്കാരാണ് കൊണ്ടുവരിക. കൊടിയേറ്റസദ്യയുണ്ട്. ഉത്രട്ടാതിനാള്‍ മുതലുള്ള ഉത്സവബലി ദര്‍ശനത്തിന് ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഭരണി വിളക്കും കാര്‍ത്തികവിളക്കും രോഹിണിനാളിലെ ദേവസ്വം വലിയവിളക്കും വിശേഷ ചടങ്ങുകളായി മാറും. ഉത്സവപരിപാടികളില്‍ ഏറ്റവും അധികം കഥകളിയാണ്. കൊടിമരച്ചോട്ടിലെ പറ രണ്ടാം ഉത്സവനാള്‍ മുതല്‍ തുടങ്ങും. ആറാട്ടുദിവസം രാവിലെ പറയ്ക്കെഴുന്നെള്ളിപ്പ് ആരംഭിക്കും. എഴുന്നെള്ളത്ത് കടന്നുപോകുന്ന വീഥികളിലെല്ലാം പറയൊരുക്കി ഭക്തജനങ്ങള്‍ കാത്തുനില്ക്കും. വേളച്ചിറമഠം, തുരുത്തുമ്മേല്‍ മഠം, വരകാടി ക്ഷേത്രം, ഗണപതിക്കാട്ടെ, ചൊല്ലാട്ട് ശ്രീധര്‍മശാസ്താക്ഷേത്രം, തൈവീട്ടില്‍ മഠം എന്നിവിടങ്ങളില്‍ വച്ചും പറയുണ്ട്. ആറാട്ട് കഴിഞ്ഞ് കൊടിയിറങ്ങുന്നതോടെ ഉത്സവച്ചടങ്ങുകള്‍ അവസാനിക്കും.
നാളെ : മള്ളിയൂര്‍ മഹാഗണപതിക്ഷേത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: