കൊല്ലം: പണമടങ്ങിയതെന്നു കരുതി മോഷ്ടിച്ച എക്സിക്യൂട്ടീവ് ബാഗ് ഒടുവില്‍ ബംഗാളി യുവാക്കള്‍ റെയില്വേസ്റ്റേഷന് പരിസരത്ത് ഉപേക്ഷിച്ചു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ചിന്നക്കട തങ്കം കോംപ്ലക്സിനു മുന്നിലായിരുന്നു സംഭവം.
മങ്ങാട് സ്വദേശിയായ യുവാവ് കാറില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കോംപ്ലക്സിലെ ഒരു സ്ഥാപനത്തിലേക്ക് പോയി. എക്സിക്യൂട്ടീവ് ബാഗ് കാറിന്റെ പിന്‍സീറ്റില്‍ വച്ചായിരുന്നു പോയത്. കാറില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു. ഇതിനിടെ ഡ്രൈറെ സമീപിച്ച ബംഗാളി യുവാക്കള്‍ കാറിന്റെ മറുവശത്ത് എന്തോകിടക്കുന്നതായി ഹിന്ദിയില്‍ പറഞ്ഞു. ഡ്രൈവര്‍ ഇറങ്ങി നോക്കിയപ്പോള്‍ പത്തിന്റെ നാലുനോട്ടുകള് മടക്കുകളോടെ കിടക്കുന്നത് കണ്ടു.
സ്ഥാപനത്തിലേക്കു കയറിപ്പോയ കാര്ഉടമസ്ഥന്റെ പണമെന്നു കരുതി ഡ്രൈവര്‍ അത് എടുത്തു. ഹിന്ദിയില്‍ പിന്നെയും ബംഗാളി യുവാക്കളിലൊരാള്‍ കുറച്ചുനീങ്ങി ഉടമപോയ വഴിയിലും എന്തോ കിടക്കുന്നതായി പറഞ്ഞു. ഡ്രൈവര്‍ അങ്ങോട്ടു നീങ്ങിയപ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്നും ബാഗുമെടുത്ത് നിമിഷങ്ങള്‍ക്കകം ബംഗാളികള്‍ മുങ്ങി.
മങ്ങാട് സ്വദേശിയുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം ബാഗിലായിരുന്നു വച്ചിരുന്നത്. ഡ്രൈവറും ഉടമയും ചേര്‍ന്ന് പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. തുടര്‍ന്ന് മങ്ങാട് സ്വദേശി ഈസ്റ്റ് പോലീസില്‍ പരാതി നല്കി. വൈകിട്ട് അഞ്ചിനുശേഷം ഉടമയെ ഫോണ്‍വിളിച്ച് ബാഗ് റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നും ലഭ്യമായതായും ഉടനെ എത്തിയാല്‍ ഏല്‍പ്പിക്കാന്‍ സന്നദ്ധനാണെന്നും കേരളപുരം സ്വദേശിയായ ഒരാള്‍ അറിയിച്ചു. അതുപ്രകാരം ഉടമ സ്ഥലത്തെത്തി ബാഗ് പരിശോധിച്ച് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി. കേരളപുരം സ്വദേശിക്ക് റെയില്‍വേസ്റ്റേഷനില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ചതാണ് ബാഗെന്ന് ബോധ്യപ്പെട്ടു. ഇത് മോഷ്ടാക്കള്‍ ഉപേക്ഷിച്ചതാണെന്നും ഉറപ്പാക്കി. പിന്നീട് മങ്ങാട് സ്വദേശി പോലീസ്സ്റ്റേഷനില്‍ തിരിച്ചുവന്ന് പരാതി പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: