കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന് അനുമതി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഫ്രീഡം പരേഡിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
സംസ്ഥാനത്ത് നടന്ന 27 കൊലപാതകക്കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണ്. ഫ്രീഡം പരേഡിന് അനുമതി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാലിടത്ത് ഫ്രീഡം പരേഡ് നടത്താനാണ് പോപ്പുലര്‍ഫ്രണ്ട് അപേക്ഷ നല്‍കിയത്. കൊയിലാണ്ടി, പൊന്നാനി, ഈരാറ്റുപേട്ട, കൊല്ലം എന്നിവിടങ്ങളിലാണ് ആഗസ്റ്റ് 15ന് ഫ്രീഡം പരേഡ് നടത്തുവാന്‍ അനുമതി ചോദിച്ചിരുന്നത്. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
എന്‍ഡിഎഫില്‍നിന്ന് രൂപംകൊണ്ട മതതീവ്രവാദ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫ്രീഡം പരേഡിന് അനുമതി തേടിയുള്ള ഹര്‍ജി പ്രത്യക്ഷത്തില്‍ നിഷ്കളങ്കമാണെന്ന് തോന്നാമെങ്കിലും രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും കണക്കിലെടുത്ത് അത് പരിഗണിക്കരുത്. നിരോധിക്കപ്പെട്ട സിമിയുടെ പുനരവതാരമാണ് പോപ്പുലര്‍ഫ്രണ്ട്. എന്‍ഡിഎഫ് കേരളത്തില്‍ മാത്രം ഒതുങ്ങിനിന്നാല്‍ മതതീവ്രവാദ സംഘടനയാണെന്ന് മുദ്രകുത്തപ്പെടുമെന്നതിനാല് അന്യസംസ്ഥാനങ്ങളില്ക്കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വേണ്ടിയാണ് പോപ്പുലര്‍ഫ്രണ്ടിന് ഇക്കൂട്ടര്‍ രൂപം നല്‍കിയിട്ടുള്ളത്.
2006 ഡിസംബര്‍ 19ന് കേരളത്തില്‍നിന്നുള്ള എന്‍ഡിഎഫ് തമിഴ്നാട്ടില്‍നിന്നുള്ള എംഎന്‍പി, കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി, രാജസ്ഥാനിലെ മുസ്ലീം ആക്ഷന്‍ സംഘര്‍ഷ്, മണിപ്പൂരിലെ ഷില്ലോംഗ് സോഷ്യല്‍ ഫോറം, ആന്ധ്രയിലെ അസോസിയേഷന് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ബംഗാളിലെ നാഗരിക അധികാര്‍ സുരക്ഷാ സമിതി, ഗോവയിലെ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫോറം എന്നീ സംഘടനകളുടെ കോര്‍ കമ്മറ്റി യോഗത്തിലാണ് പോപ്പുലര്‍ഫ്രണ്ട് പിറവിയെടുത്തത്.
മനുഷ്യാവകാശ സംരക്ഷണവും ന്യൂനപക്ഷ സംരക്ഷണവുമാണ് ലക്ഷ്യമെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്ലാമിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മുഴുവന്‍ സമയവും ക്രിമിനല്‍ നടപടിയില്‍ ഏര്‍പ്പെടുന്ന സംഘടനയാണ് പോപ്പുലര്ഫ്രണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പോപ്പുലര്‍ഫ്രണ്ടിന് പങ്കുള്ള കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ കൊലയ്ക്ക് കാരണം വര്‍ഗീയതയാണെന്ന് വ്യക്തമാകും. സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റാണ് പോപ്പുലര്ഫ്രണ്ടെങ്കിലും ഇസ്ലാമിതര മതങ്ങളെ ആക്രമിക്കുക, വര്‍ഗീയത, തീവ്രവാദം, ദേശവിരുദ്ധ പ്രവര്‍ത്തനം എന്നിവയാണ് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ സംഘടനയാണെന്ന് തിരിച്ചറിഞ്ഞ് സിമിയെ നിരോധിച്ചതിനെത്തുടര്‍ന്നാണ് പോപ്പുലര്‍ഫ്രണ്ട് ഉടലെടുത്തത്.
പോപ്പുലര്‍ഫ്രണ്ടിലെ അംഗങ്ങളും നേതാക്കളും മുസ്ലീം മതവിശ്വാസികളാണ്. മുസ്ലീമല്ലാത്ത ആരും ഈ സംഘടനയിലില്ല. സിമിയുടെ മുന്‍കാല നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇപ്പോഴത്തെ നേതാക്കള്‍. പോപ്പുലര്‍ഫ്രണ്ടിന്റെ ദേശീയ ചെയര്മാന് അബ്ദുള്‍ റഹ്മാന് സിമിയുടെ ദേശീയ സെക്രട്ടറിയായിരുന്നു.
പോപ്പുലര്‍ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ സിമിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഇ.അബൂബക്കര്‍ സിമിയുടെ ദേശീയ പ്രവര്‍ത്തകസമിതിയംഗമായിരുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ പ്രമുഖ നേതാവ് പി.കോയ സിമിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ടി.ആര്.രാമചന്ദ്രന് നായരുടെ ബെഞ്ച് പോപ്പുലര്‍ഫ്രണ്ടിന്റെ അപേക്ഷയില്‍ നടപടി സ്വീകരിച്ച് അക്കാര്യം തിങ്കളാഴ്ച അറിയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ആഗസ്റ്റ് 15ന് പൊന്നാനി എംഇഎസ് കോളേജ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ച ഫ്രീഡം പരേഡ് നിരോധിച്ചുകൊണ്ട് മലപ്പുറം ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ് ഉത്തരവിറക്കി. ഫ്രീഡം പരേഡിനോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങളുണ്ടാവാനിടയുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നിരോധനം. കേരള പൊലീസ് ആക്റ്റ് 2011 ലെ 75ാം വകുപ്പ് പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് നിരോധനം. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലോ പൊന്നാനിയിലോ ഫ്രീഡം പരേഡിനായുള്ള തയ്യാറെടുപ്പുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും ജൂലൈ 24 മുതല്‍ 25 ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: