ന്യൂദല്‍ഹി: ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് രജിസ്റ്ററിര്‍ ഒപ്പു വച്ച പ്രണബ് ഔദ്യേഗികമായി ചുമതലയേറ്റെടുത്തു.
സത്യപ്രതിജ്ഞയ്ക്കു മുമ്പ് പ്രണബ് മുഖര്‍ജി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ നേതാക്കളുടെ അന്ത്യവിശ്രമ സ്ഥലത്തും പുഷ്പാര്‍ച്ചന നടത്തി.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിനേയും നിയുക്ത രാഷ്ട്രപതിയായ പ്രണാബിനെയും സെന്‍ട്രല്‍ ഹാളിലേക്കു ആനയിച്ചതോടെ ചടങ്ങിനു തുടക്കമായി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുവരേയും സ്വീകരിച്ചത്. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി ആര്.കെ.സിംഗ് പ്രണാബിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം വായിച്ചു.
ആധുനിക ഇന്ത്യയുടെ നിഘണ്ടുവില്‍ നിന്ന് ദാരിദ്ര്യം തുടച്ചുമാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രണാബ് പറഞ്ഞു. വികസിക്കുന്ന ഇന്ത്യയുടെ ഭാഗമെന്ന കരുതല്‍ ദരിദ്രര്‍ക്കിടയിലും ഉണ്ടാകണം. വികസനം അത്യാഗ്രഹികള്‍ തട്ടിയെടുക്കാന്‍ അവസരമുണ്ടാകരുതെന്നും പ്രണാബ് വ്യക്തമാക്കി. ഇതിനുശേഷം രാഷ്ട്രപതിയുടെ പ്രസംഗം ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. ഇതിനുശേഷം സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിക്കൊപ്പം പ്രണാബ് രാഷ്ട്രപതി ഭവനിലേക്ക് പോയി.
പ്രധാനമന്ത്രി മന്മോഹന് സിംഗ്, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പ്രണബിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങിനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: