ന്യൂദല്‍ഹി: രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. യുപിഎ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയും ബിജെപി പിന്തുണയുള്ള പി.എ. സാംഗ്മയും തമ്മിലാണ് പ്രധാന മത്സരം. 776 എംപിമാരും 4,120 എംഎല്‍എമാരുമടക്കം 4,896 പേരാണ് വോട്ടവകാശമുള്ളവര്‍. 10.98 ലക്ഷമാണ് മൊത്തം വോട്ടുകളുടെ മൂല്യം. ഇതില്‍ 5, 49,442 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. എന്നാല്‍ 7.5 ലക്ഷം വോട്ടുകള്‍ പ്രതീക്ഷിക്കുന്ന പ്രണബ് മുഖര്‍ജി വിജയം ഉറപ്പിച്ചതായാണ് യുപിഎയുടെ അവകാശവാദം. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍. വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ കഴിയും.
പ്രണബിന് പിന്തുണ നല്‍കില്ലെന്ന് പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പിന്നീട് നിലപാട് മാറ്റിയത് ഉള്‍പ്പെടെ ഒട്ടേറെ വഴിത്തിരിവുകള്ക്കിടയിലാണ് രാഷ്ട്രപതിതെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിഎ സഖ്യകക്ഷികളല്ലാത്ത എസ്പി , ബിഎസ്പി, ആര്‍ജെഡി ജെഡി, സിപിഎം എന്നീ പാര്‍ട്ടികളുടെ പിന്തുണ പ്രണബിനാണ്. എന്‍ഡിഎയ്ക്ക് സ്വന്തമായി സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യത്തില്‍ സഖ്യകക്ഷികളായ ജെഡിയുവും ശിവസേനയും പ്രണബിന് പിന്തുണയറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: