കൊച്ചി: നഷ്ടത്തിലാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഓയില്‍ കമ്പനികള്‍ സംസ്ഥാനത്ത് പുതിയതായി 1600 ഓളം പമ്പുകള്‍ ആരംഭിക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 16, 17 തീയതികളില്‍ പെട്രോള്‍ പമ്പുകള്‍ വാങ്ങല്‍, വില്‍പ്പന നിര്‍ത്തിവെക്കുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. വിലനിര്‍ണ്ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് കിട്ടിയശേഷം വിപണി വളര്‍ച്ചക്ക് അനുസൃതമല്ലാതെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പരസ്പരം അശാസ്ത്രീയമായി മത്സരിക്കുകയാണ്. ഇതിനെ മുതലാക്കുവാന്‍ വിദേശകമ്പനികള്‍ നിര്‍മ്മാണസാമഗ്രികളുമായി സമീപിച്ച് അഴിമതി നടത്തുകയാണ്. ഇതുമൂലം അടിക്കടി എണ്ണക്കമ്പനികള്‍ നഷ്ടം പെരുപ്പിച്ച് കാണിച്ച് വില ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.
അശാസ്ത്രീയമായ മത്സരംമൂലം പെട്രോള്‍പമ്പുകള്‍ പെരുകുകയും നഷ്ടത്തിലാവുകയും ചെയ്തു. കേന്ദ്ര പെട്രോളിയംമന്ത്രി നല്കിയ ഉറപ്പും കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച നിബന്ധനകളും വകവെക്കാതെയാണ് പെട്രോളിയം കമ്പനികള്‍ പുതിയ പമ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നത്. പമ്പുകള്‍ 16, 17 തീയതികളില്‍ തുറക്കുമെങ്കിലും നോ സ്റ്റോക്ക് ബോര്‍ഡ് വെച്ച് വാങ്ങല്‍, വില്പനകള് നടത്താതെ പ്രതിഷേധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ജോയിന്റ് സെക്രട്ടറി ആര്. ശബരിനാഥ്, സംസ്ഥാന സെക്രട്ടറി കെ. കമലാക്ഷന്‍, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നിയാസ്, എം.എം. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: