കൊച്ചി: നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് പാഞ്ഞുകയറി സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. വൈറ്റില-അരൂര്‍ ബൈപ്പാസിലെ കുമ്പളം ജംഗ്ഷനില്‍ ഇന്നലെ രാവിലെ 6.45നായിരുന്നു ദുരന്തം. അപകടത്തില്‍ അരൂര്‍ കോട്ടപ്പുറം റോഡില്‍ ‘സിന്ദൂര’ത്തില്‍ വിജയകുമാര്‍-സിന്ധു ദമ്പതികളുടെ മകന് അരുണ്‍ വിജയ് (11) ആണ് മരിച്ചത്.
തിരുവനന്തപുരത്തുനിന്നും തൃശൂര്‍ വഴി വഴിക്കടവിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റാണ് കുമ്പളം സൗത്ത് ജംഗ്ഷനില്‍ അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ ഭാഗത്തുനിന്നും അരൂര്‍ പാലം ഇറങ്ങിവരികയായിരുന്ന ബസ് റോഡ് കുറുകെ കടന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു. ഇതേത്തുടര്‍ന്നാണ് ഇടതുവശത്തേക്ക് നിയന്ത്രണംവിട്ട് പാഞ്ഞത്. റോഡില്‍ സ്കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടിയെ ഇടിച്ചുതെറിപ്പിച്ച് ഒരു സ്കൂട്ടറിലും ഇടിച്ചശേഷം റോഡരികിലെ രണ്ട് കടകളും തകര്‍ത്താണ് ബസ് നിന്നത്.
വെല്ലിംഗ്ടണ്‍ ഐലന്റ് കേന്ദ്രീയ വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അരുണ്‍. സ്കൂള്‍ ബസ് കുമ്പളം ജംഗ്ഷന്‍വരെ മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളൂ. അതിനാല്‍ അരൂരില്‍നിന്നും മറ്റൊരു വാഹനത്തില്‍ കുമ്പളം ജംഗ്ഷനിലെത്തിക്കാറാണ് പതിവ്. രാവിലെ മഴ പെയ്തുകൊണ്ടിരുന്നതിനാല്‍ കുട നിവര്‍ത്തിപ്പിടിച്ച് സ്കൂള്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട ബസ് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പാഞ്ഞുകയറിയത്. അപകടം നടന്നയുടന്‍ നാട്ടുകാരും മറ്റും ചേര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ നെട്ടൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുരന്തത്തില്‍പ്പെട്ട സൂപ്പര്‍ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ പെരുമ്പാവൂര്‍ വിച്ചാട്ട് വീട്ടില്‍ മോഹനനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ നെട്ടൂരിലെ ആശുപത്രിയില്‍ ചികിത്സതേടി.
ബസ് പാഞ്ഞുകയറി റോഡരികിലെ രണ്ട് താല്‍ക്കാലിക കടകള്‍ തകര്‍ന്നിട്ടുണ്ട്. ഒരു സ്കൂട്ടറും ബസ്സിനടിയില്‍പ്പെട്ടു. അപകടം നടന്ന കുമ്പളം ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടില്ല. ബൈപ്പാസില്‍നിന്നും സമീപത്തെ പിഡബ്ല്യുഡി റോഡില്‍നിന്നും വാഹനങ്ങള്‍ കുറുകെ കടക്കുമ്പോള്‍ ഇവിടെ അപകടങ്ങള്‍ പതിവാണ്. ബസ് ഷെല്‍ട്ടര്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ റോഡരികിലാണ് യാത്രക്കാരുടെ ബസ് കാത്തുനില്‍പ്പ്. ദുരന്തം നടന്നത് അതിരാവിലെയായതിനാലാണ് കൂടുതല്‍ പേര് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്.
മരിച്ച അരുണ്‍ വിജയ്യുടെ പിതാവ് വിജയകുമാര്‍ റവന്യൂവിഭാഗം ജീവനക്കാരനാണ്. അമ്മ സിന്ധു തുറവൂര്‍ ഗവ. എല്‍പി സ്കൂള്‍ അധ്യാപികയാണ്. ഏക സഹോദരി ജയ നന്ദന സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരത്തോടെ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: