ഈശ്വരന് തന്നെയാണ് മനുഷ്യന്റെ അത്യുച്ചലക്ഷ്യം; അവിടുത്തെ കാണുക, അവിടുത്തെ സേവിക്കുക. അതിലധികം ഉയര്‍ന്ന ഒന്നിനേയും നമുക്ക് സങ്കല്‍പ്പിച്ചുകൂട. കാരണം, ഈശ്വരന് പൂര്‍ണതയാണ്. പ്രേമാനന്ദത്തെക്കാള്‍ ഉയര്‍ന്ന ഒന്നിനെ നമുക്ക് സങ്കല്‍പ്പിച്ചുകൂടാ. പക്ഷേ, പ്രേമമെന്ന ഈ വാക്കിന് വിവിധ അര്‍ത്ഥങ്ങളുണ്ട്. ഈ ലോകത്തിലെ സാധാരണമായ സ്വാര്‍ത്ഥ പ്രേമമെന്നല്ല ഇതിനര്‍ത്ഥം, അതിനെ പ്രേമമെന്ന് പറയുന്നത് ഈശ്വരനിന്ദയാണ്.
നമുക്ക് നമ്മുടെ പുത്രദാരങ്ങളോടുള്ള പ്രേമം വെറും മൃഗീയപ്രേമമാണ്. സമ്പൂര്‍ണവും നിസ്വാര്‍ത്ഥവുമായ പ്രേമമാണ് യഥാര്‍ത്ഥ പ്രേമം; അത് ഈശ്വരനിലാണുതാനും. അത് എത്തിക്കിട്ടാന്‍ വിഷമമുള്ള ഒന്നാണ്. ഈ വിവിധ പ്രേമങ്ങളിലെല്ലാംകൂടെ, കുട്ടികളോടും അച്ഛനോടും അമ്മയോടും മറ്റുമുള്ള പ്രേമത്തിലൂടെ നാം കടന്നുപോവുകയാണ്. പ്രേമസാമര്‍ത്ഥ്യം നാം പതുക്കെ പ്രയോഗിക്കുകയാണ്; പക്ഷേ, മിക്കപ്പോഴും അതില്‍നിന്നൊന്നും നമ്മള് ഒന്നും പഠിക്കുന്നില്ല. ഒരു ചുവടിനോട്, ഒരാളിനോട് നാം കെട്ടുപെടുന്നു. ചിലപ്പോള്‍ മനുഷ്യര്‍ ഈ കെട്ടില്‍നിന്ന് പുറത്തുകടക്കുന്നു. ഈ ലോകത്തില്‍ മനുഷ്യന് ഭാര്യമാരുടേയും ധനത്തിന്റെയും മാനത്തിന്റെയും പിന്നാലെ എന്നും പാഞ്ഞുകൊണ്ടിരിക്കുന്നു; ചിലപ്പോള്‍ അവരുടെ തലയ്ക്ക് അതികഠിനമായ തട്ടുകിട്ടുന്നു. ഈ ലോകം യഥാര്‍ത്ഥത്തിലെന്തെന്ന് അവര്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈ ലോകത്തില്‍ ഒരുവനും ഈശ്വരനെ അല്ലാതെ മറ്റൊന്നിനെയും യഥാര്‍ത്ഥത്തില്‍ പ്രേമിക്കാനാവില്ല.
പരിമിതവിഷയിക്ക് പ്രേമിക്കാനും, പരിമിതവിഷയത്തിന് പ്രേമിക്കപ്പെടാനും കഴിവില്ല. മനുഷ്യന്റെ പ്രേമവിഷയം അനുനിമിഷം മരിക്കെ, താന്‍ വളരുന്തോറും മനസ്സും നിരന്തരം മാറിക്കൊണ്ടിരിക്കെ, എന്തുശാശ്വത പ്രേമം കണ്ടെത്താനാണ് ഈ ലോകത്തില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവുക? ഈശ്വരനല്ലാതെ ഒരു യഥാര്‍ത്ഥ പ്രേമവും ഭവിക്കാനാവില്ല. അപ്പോള്‍ ഈ പ്രേമങ്ങളെല്ലാമെവിടെ? ഇവ വെറും പടവുകളാണ്. നമ്മെ മുന്നോട്ടു തള്ളുന്ന ഒരു ശക്തി പിന്നിലുണ്ട്, നമുക്കറിവില്ല. യഥാര്‍ത്ഥവിഷയത്തെ എവിടെത്തേടണമെന്ന്. എങ്കിലും ഈ പ്രേമമാണ് അതിനെ അന്വേഷിക്കാന്‍ നമ്മെ മുന്നോട്ടുനയിക്കുന്നത്. വീണ്ടും വീണ്ടും നാം നമ്മുടെ തെറ്റുകള്‍ കണ്ടുപിടിക്കുന്നു. നാം ചിലത് പിടികൂടുന്നു. പിന്നെയും നാം വേറൊന്നു പിടികൂടുന്നു. അങ്ങനെ നാം മുന്നോട്ട് പോകുന്നു. ഒടുവില്‍ വെളിച്ചം വരികയും ചെയ്യുന്നു; നാം ഈശ്വരനിലെത്തുന്നു, പ്രേമിക്കുന്ന ഒരേ ഈശ്വരനില്‍.
എന്നാല്‍ ഈശ്വരനിലേക്കുള്ള മാര്‍ഗം ദീര്‍ഘവും ദുര്‍ഘടവുമാണ്. വളരെ ചുരുക്കം പേരെ അവിടെ പ്രാപിക്കുന്നുള്ളൂ. നാമെല്ലാം പണിപ്പെടുന്ന പൈതങ്ങളാണ്. കോടിക്കണക്കിനാളുകള്‍ മതത്തെ ഒരു കച്ചവടമാക്കുന്നു. ഒരു നൂറ്റാണ്ടില്‍ അല്‍പ്പം പേര് ഈശ്വരനെ ഈശ്വരനെ പ്രാപിക്കുന്നു, ആ നാടുമുഴുവന്‍ അനുഗ#ഹീതവും പവിത്രവുമാകുന്നു. ഒരീശ്വരപുത്രന്‍ ആവര്ഭവിക്കുമ്പോള് ആ നാടുമുഴുവന്‍ അനുഗൃഹീതമാകുന്നു. അത്തരക്കാര്‍ അല്‍പ്പം മാത്രമേ ഏത് നൂറ്റാണ്ടുലും ലോകമൊട്ടുക്കുമുണ്ടാകുന്നുള്ളൂ എന്നതാണ് സത്യം, എങ്കിലും ഈ ഈശ്വരപ്രേമം പ്രാപിക്കാന്‍ നാമേവരും പ്രയദത്നിക്കണം. ആര്‍ക്കറിയാം, അടുത്ത് ഈശ്വരനെ പ്രാപിക്കേണ്ടത് നിങ്ങളോ ഞാനോ ആവില്ലെന്ന്?
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: