ന്യൂദല്‍ഹി: യുപിഎ മുന്നണിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള അഴിമതിയാരോപണങ്ങളെല്ലാം കെട്ടുകഥകളാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്. തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്വഭാവശുദ്ധി കാത്തുസൂക്ഷിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ നിരീക്ഷണത്തില്‍ കേന്ദ്രമന്ത്രിസഭയിലെ ആരുംതന്നെ അഴിമതിക്കാരല്ല. സ്വഭാവത്തില്‍ അന്തസ്സ് കാത്തസൂക്ഷിക്കാന്‍ എന്നും താന്‍ ആഗ്രഹിക്കുന്നു. ചില പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ നിയന്ത്രണം പാലിക്കണം. രാഷ്ട്രീയക്കാരുടെ തെറ്റായ നയങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ആര്‍ജവത്തെ പ്രാനമന്ത്രി അഭിനന്ദിച്ചു. ഒരു പ്രമുഖ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് വിവാദങ്ങള്‍ക്കിടയാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസ്, 2 ജി സ്പെക്ട്രം അഴിമതി എന്നീ കേസുകളെത്തുടര്‍ന്ന് യുപിഎ മുന്നണിയില്‍നിന്നും കുറ്റാരോപിതരായ കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചിരുന്നു. പ്രധാനമന്ത്രിയുള്‍പ്പെടെ പതിനഞ്ച് കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണവുമായി ഹസാരെ സംഘവും രംഗത്തെത്തിയിരുന്നു.
നിരവധി നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതിരപ്പിക്കാന്‍ യുപിഎ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. പുതുതലമുറ ഈ മന്ത്രിസഭയെ ഓര്‍മ്മിക്കുക വിവരാവകാശ നിയമത്തിന്റെ പേരിലായിരിക്കും. അഴിമതി തടയുന്നതിനായി ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും തന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭക്ക് സാധിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: