മുംബൈ ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാന്റെ പങ്ക് അംഗീകരിക്കാന്‍ അവര്‍ ഒരിക്കലും തയ്യാറായിട്ടില്ല. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിക്കുന്ന കൂട്ടരാണ് തങ്ങളെന്ന നിലയിലായിരുന്നു അവരുടെ പെരുമാറ്റം. അത് ഒന്നുകൂടി ഉറപ്പിക്കാനെന്നവണ്ണം ഇന്ത്യ തയാറാണെങ്കില്‍ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് സംയുക്തമായി അന്വേഷിക്കാന്‍ ഒരുക്കമാണെന്ന് പാക്കിസ്ഥാന് വിദേശകാര്യസെക്രട്ടറി ജലീല്‍ അബ്ബാസ് ജീലാനി പ്രസ്താവനയിറക്കിയിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭരണകൂടം പങ്കുവഹിച്ചതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി പി.ചിദംബരം വെളിപ്പെടുത്തിയ കാര്യം പത്രലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജീലാനി ഇക്കാര്യം പറഞ്ഞത്. ഇന്ത്യാ-പാക്കിസ്ഥാന് ബന്ധത്തിന്റെ അടിസ്ഥാനം തന്നെ മുംബൈ ഭീകരാക്രമണ കേസിന്റെ പുരോഗതിയെ ആശ്രയിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി രഞ്ജന്‍ മത്തായി വ്യക്തമാക്കിയിരുന്നു. അത് ശരിയായ നിലപാടുമാണ്.
ഭീകരതയ്ക്കെതിരെ സംയുക്തമായി ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നുവെന്നും മത്തായി പറഞ്ഞിരുന്നു. സൗദി അറേബ്യയില്‍നിന്ന് ഇന്ത്യയ്ക്ക് വിട്ടുകിട്ടിയ അബു ജുണ്ടാലിനെ ചോദ്യംചെയ്തപ്പോഴാണ് മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭരണകൂടം പങ്കുവഹിച്ചുവെന്ന തെളിവ് ലഭിച്ചത്. ഇത് കൈമാറിയപ്പോഴാണ് സംയുക്ത അന്വേഷണത്തിനുള്ള സന്നദ്ധത. അതൊരു അടവാണെന്ന കാര്യത്തില്‍ സംശയമില്ല. കാക്ക കുളിച്ചാല്‍ കൊക്ക് ആകില്ലെന്നതുപോലെ പാക്കിസ്ഥാന് എത്രശ്രമിച്ചാലും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വക്താക്കളാകാന്‍ കഴിയില്ല. ഭീകരരെ ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ ഫാക്ടറിയാണ് ആ രാജ്യം. ആയിരക്കണക്കിന് ഭീകരരെ പാക്കിസ്ഥാന് സൃഷ്ടിച്ചു കഴിഞ്ഞു. ലോകം മുഴുവന്‍ ഭീകരപ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. പാക് സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ അല്‍ഖ്വയ്ദ, ജമാ അത്ത് ഉദ്ദവ, ഐഎസ്ഐ എന്നീ സംഘടനകള്‍ക്കാണ് ആധിപത്യമെന്നതിനാല്‍ അവരുടെ വാക്കും ഉറപ്പും ഒരിക്കലും വിശ്വാസത്തിലെടുത്തുകൂടാ. അതുകൊണ്ടുതന്നെ സംയുക്ത അന്വേഷണമെന്ന കെണിയില്‍ ഇന്ത്യ വീഴരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: