ലക്നൗ: സ്വന്തമായി കാറില്ലാത്ത എംഎല്‍എമാര്‍ക്ക് കാര്‍ നല്‍കാനുള്ള തീരുമാനം യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പിന്‍വലിച്ചു. 20 ലക്ഷം രൂപവരെ വിലവരുന്ന കാര്‍ എംഎല്‍എ ഫണ്ടില്‍നിന്നും പണമെടുത്ത് വാങ്ങാന്‍ അനുവദിച്ചായിരുന്നു പ്രഖ്യാപനം. വന്‍ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം പിന്‍വലിച്ചത്. ഇപ്പോള്‍ ഈ തീരുമാനത്തില്‍നിന്ന് താന്‍ പിന്‍വാങ്ങുകയാണ്. തന്റെ തീരുമാനം മാധ്യമങ്ങള്‍ വന്‍ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് കാര്‍ സ്വീകരിക്കാനുള്ള തീരുമാനത്തില്‍നിന്ന് എംഎല്‍എമാര്‍ പിന്‍വാങ്ങുകയായിരുന്നു. അതിനാല്‍ മുഴുവന്‍ തീരുമാനങ്ങളില്‍നിന്നും താന്‍ പിന്‍വാങ്ങുകയാണെന്ന് അഖിലേഷ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ പ്രഖ്യാപനം എല്ലാവര്‍ക്കും ബാധകമായിരുന്നില്ല. കാര്‍ സ്വീകരിക്കണമെന്നത് ആരെയും നിര്‍ബന്ധിച്ചിരുന്നില്ല, അഖിലേഷ് പറഞ്ഞു. ഏഴും, എട്ടും വര്‍ഷം പഴക്കമുള്ള കാറുകളാണ് ചില എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ ഉപയോഗിക്കുന്നത്. കാര്‍ വാങ്ങി നല്‍കുമെന്ന പ്രഖ്യാപനത്തെ ബിജെപിയും ബിഎസ്പിയും കോണ്‍ഗ്രസും എതിര്‍ത്തിരുന്നു. യുപി നിയമസഭയില്‍ 403 എംഎല്‍എമാരും ഇത് പ്രകാരം കാര്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ സംസ്ഥാന ഖജനാവില്‍നിന്നും 81 കോടി നഷ്ടമാകുമായിരുന്നു. എംഎല്‍എ ഫണ്ട് 25 ലക്ഷത്തില്‍നിന്നും ഒന്നരക്കോടിയായി വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിവാദ പ്രഖ്യാപനവും അഖിലേഷ് നടത്തിയത്. വാങ്ങുന്ന കാര്‍ അഞ്ച് വര്‍ഷത്തിനുശേഷം സര്‍ക്കാരിന് തിരിച്ച് നല്‍കണമെന്നും അഖിലേഷ് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് നല്‍കാനും യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാനും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് കാര്‍ വാങ്ങുവാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തതെന്ന് പ്രതിപഷം കുറ്റപ്പെടുത്തിയിരുന്നു. നിയമസഭയില്‍ തീരുമാനം കേട്ടയുടന്‍തന്നെ ബിജെപി, ബിഎസ്പി നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി എംഎല്‍എമാര്‍ ഇത് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: