ന്യൂദല്‍ഹി: പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയില്‍. പ്രതിഫലം പറ്റുന്ന പദവിയുടെ കാര്യം മറച്ചുവെച്ചുകൊണ്ടുള്ള മുഖര്‍ജിയുടെ നാമനിര്ദ്ദേശപത്രികയെ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി പി.എ.സാംഗ്മ ഔദ്യോഗികമായി എതിര്‍ത്തു. ഇതേത്തുടര്‍ന്ന് യുപിഎ നോമിനിയായ മുഖര്‍ജി നല്കിയ നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന നിര്‍ത്തിവെച്ചു.
കൊല്‍ക്കത്ത ആസ്ഥാനമായ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനെന്ന നിലയില്‍ വന്‍ തുക പ്രതിഫലം പറ്റുന്ന പദവി മുഖര്‍ജി വഹിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യം അദ്ദേഹം മറച്ചുവെച്ചതാണ് വിവാദമായിരിക്കുന്നത്. മുഖര്‍ജി ഇപ്പോഴും ചെയര്മാന് സ്ഥാനത്ത് തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സാംഗ്മയുടെ ഇലക്ഷന് ഏജന്റായി പ്രവര്‍ത്തിക്കുന്ന ഭര്‍തൃഹരി മഹതാബ് എംപി വരണാധികാരിക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നു. ഈ മാസം 19നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
അതേസമയം, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്മാന് പദവി വഹിക്കുന്നതായുള്ള വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് മുഖര്‍ജിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെട്ടു. ധനമന്ത്രി പദവി ഒഴിയുന്നതിന് മുമ്പേതന്നെ മുഖര്‍ജി ചെയര്മാന് സ്ഥാനം രാജിവെച്ചുവെന്നാണ് ഇവര്‍ പറയുന്നത്. സാംഗ്മ ഇതിനെതിരെ ഔദ്യോഗികമായി പരാതി നല്‍കിയതോടെ മുഖര്‍ജിയുടെ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മപരിശോധന നടത്തുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കയാണ്. സാംഗ്മയുടെ പരാതിക്ക് ഇന്ന് മറുപടി നല്‍കുമെന്ന് മുഖര്‍ജിയുടെ ഇലക്ഷന് ഏജന്റും പാര്‍ലമെന്ററികാര്യ മന്ത്രിയുമായ പി.കെ.ബന്‍സല്‍ അറിയിച്ചു. നാമനിര്‍ദ്ദേശപത്രിക നല്‍കുന്നതിന് മുമ്പുതന്നെ മുഖര്‍ജി ചെയര്മാന് സ്ഥാനം രാജിവെച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുഖര്‍ജി കഴിഞ്ഞ ജൂണ്‍ 20ന് തന്നെ ചെയര്മാന് പദവി രാജിവെച്ചതാണെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും പറയുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ ഏതെങ്കിലും സര്‍ക്കാര്‍ നിയന്ത്രിത വിഭാഗങ്ങളുടെയോ കീഴില്‍ പ്രതിഫലം പറ്റുന്ന ചുമതലകള്‍ വഹിക്കുന്നയാളാകരുതെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 58ല്‍ സ്ഥാനാര്ത്ഥിക്കുവേണ്ട യോഗ്യതകളുടെ നിര്‍വചനത്തില്‍ പറയുന്നു.
ഇതിനിടെ, തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ ഉറപ്പാക്കാന്‍ പല സംസ്ഥാനങ്ങള്‍ക്കും ധനമന്ത്രിയെന്ന നിലയില്‍ മുഖര്‍ജി പണം വാരിക്കോരി നല്‍കിയതായി ബിജെഡി അധ്യക്ഷനും ഒഡീഷാ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്ക് ആരോപിച്ചു. സാംഗ്മയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പത്രികാ സൂക്ഷ്മ പരിശോധന ഇന്ന് തുടരുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: