കുണ്ടറ: ‘ജന്മഭൂമി അമൃതം വായനാപദ്ധതി’ക്ക് ജില്ലയില്‍ ഉജ്ജ്വല തുടക്കം. കുണ്ടറ ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന പരിപാടി ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ സംഘചാലക് എം. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കേവലം വാണിജ്യോത്പന്നങ്ങളായി സമകാലിക മാധ്യമങ്ങള്‍ മാറുമ്പോള്‍ ജന്മഭൂമി നിലകൊള്ളുന്നത് ആദര്‍ശത്തിനും സംസ്ക്കാരത്തിനും വേണ്ടിയാണെന്ന് എം. ഉണ്ണികൃഷ്ണന് പറഞ്ഞു. വായനാസംസ്ക്കാരം പ്രചരിപ്പിക്കുന്നതിലൂടെ ഒരു പുതിയ ജീവിത കാഴ്ചപ്പാട് സൃഷ്ടിക്കാനും ജന്മഭൂമിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ നൂറ് സ്കൂളുകളില്‍ അമൃതം വായനാപദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സ്കൂള്‍ പ്രിന്‍സിപ്പലും ഹയര്‍സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്ററുമായ ബി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ജോണ്‍ വര്‍ഗീസ്, കുണ്ടറ മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റ് പി. ആന്റണി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എ.ആര്. അരുണ്‍കുമാര്‍ സ്വാഗതവും സ്കൂള്‍ ചെയര്‍പേഴ്സണ്‍ ഭാഗ്യലക്ഷ്മി നന്ദിയും പറഞ്ഞു. അധ്യാപകരായ രാജന് മലനട, ജ്യോതിരഞ്ജിത്, മനു, അനൂപ്, രാജേഷ്, ആര്‍എസ്എസ് മഹാനഗര്‍ സഹകാര്യവാഹ് ആര്. പ്രസാദ്, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ ബി.എസ്. ഗോപകുമാര്‍, കുണ്ടറ പ്രാദേശിക ലേഖകന്‍ ആര്. കൃഷ്ണനുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു. കുണ്ടറയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ വിദ്യാനികേതന്‍, പ്രഗതി, വേണൂസ്, ബ്രില്യന്റ്സ്, കുണ്ടറ മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബ് എന്നിവയാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തത്.
അമൃതം വായനാപദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വായനാമത്സരം നടത്തുമെന്ന് കുണ്ടറ മിഡ്ടൗണ്‍ റോട്ടറിക്ലബ്ബ് മുന്‍ പ്രസിഡന്റ് പി. ആന്റണി. ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം ഹയര്‍സെക്കണ്ടറി സ്കൂളില്‍ അമൃതം പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമൃതം വായനാപദ്ധതിയുടെ ഭാഗമാകുന്ന ജില്ലയിലെ സ്കൂളുകള്‍ക്ക് വേണ്ടിയാണ് റോട്ടറി ക്ലബ്ബ് മത്സരം നടത്താന്‍ തയാറാകുന്നത്. ജന്മഭൂമിയുടെ എഡിറ്റോറിയല്‍, സംസ്കൃതി പേജുകളെ ആധാരമാക്കിയാകും അധ്യയന വര്‍ഷാവസാനം മത്സരം നടത്തുന്നത്. ഉപഹാരങ്ങള്‍ കുണ്ടറ മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: