ധാക്ക: ബംഗ്ലാദേശില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 70 പേര് മരിച്ചു. രണ്ടുലക്ഷത്തോളം പേര് ദുരിതബാധിതരാണെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ബന്ദര്‍ബന്‍, ചിറ്റഗോങ്ങ് എന്നിവിടങ്ങളിലും മ്യാന്മര് അതിര്‍ത്തിക്കു സമീപത്തെ തീരദേശ ജില്ലകളിലുമാണ് തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരിതം വിതച്ചത്. മണ്ണിടിച്ചിലിലും ചുമരുകള്‍ ഇടിഞ്ഞു വീണും ഇടിമിന്നലേറ്റുമാണ് മിക്കവരും മരിച്ചത്. മരിച്ചവരില്‍ അധികവും കുട്ടികളാണ്.
മണ്ണിടിഞ്ഞ് വീണതിനെതുടര്‍ന്ന് തകര്‍ന്ന വീടുകള്‍ക്കിടയില്‍ കൂടുതല്‍ പേര് അകപ്പെട്ടുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണെന്ന് ചിറ്റഗോങ്ങ് ഡെപ്യൂട്ടി കമ്മീഷണര്‍ ഫെയ്സ് അഹമ്മദ് അറിയിച്ചു. കരസേന ഉദ്യോഗസ്ഥരും, പോലീസും അഗ്നി ശമന പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ഈ പ്രദേശത്തുള്ള ധാരാളം കൃഷി ഭൂമികളും വെള്ളത്തിനടിയിലാണ്. 50,000ത്തിലധികം പേരെ പല സ്ഥലങ്ങളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തോരാതെപെയ്യുന്ന മഴയെതുടര്‍ന്ന് വൈദ്യുത- വാര്‍ത്താ വിനിമയ ബന്ധങ്ങളും തകരാറിലായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. ചിറ്റഗോങ്ങ് വിമാനത്താവളം ഇതിനെ തുടര്‍ന്ന് അടച്ചതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: