ന്യൂദല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം നിരന്തരം ഇടിയുന്ന സാഹചര്യത്തിലാണിത്. വിപണിയില്‍ കനത്ത ചാഞ്ചാട്ടം ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലം ഉടന്‍ തന്നെ കണ്ടു തുടങ്ങുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ദല്‍ഹിയിലേക്ക് മടങ്ങവെ വിമാനത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന സൂചനയും പ്രധാനമന്ത്രി സൂചന നല്കി. എന്നാല്‍ പുനസംഘടന എപ്പോഴുണ്ടാകുമെന്ന് പറയാന്‍ അദ്ദേഹം തയാറായില്ല. തീരുമാനമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നായിരുന്നു പ്രതികരണം.
പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിയായതോടെ ധനകാര്യ മന്ത്രിസ്ഥാനത്തേക്ക് പകരക്കാരനെ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് പുറത്തായിരിക്കുമ്പോള്‍ താന്‍ ഇക്കാര്യം പ്രഖ്യാപിക്കുന്നത് ശരിയല്ല. മറ്റ് പല വിഷയങ്ങളും യാത്രയില്‍ പരിഹരിക്കാനുണ്ടായിരുന്നതായും മന്മോഹന് സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: