മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ വന്‍ അഗ്നി ബാധ. കെട്ടിടത്തിന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വന വകുപ്പ് സെക്രട്ടറിയുടെ ക്യാബിനില്‍ നിന്നാണ് തീ പടര്‍ന്നത്. കെട്ടിടത്തില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
ഇരുപത്തിയഞ്ചോളം ഫയര്‍ എഞ്ചിനുകളുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. വളരെ പെട്ടെന്ന് തന്നെ തീ പടരുകയായിരുന്നു. നാലാം നിലയിലെ എല്ലാം ഓഫീസുകളും പൂര്‍ണ്ണമായും കത്തി നശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ആറാം നിലയിലേക്കും തീപടര്‍ന്നിട്ടുണ്ട്. ഇവിടെ ഇരുപതോളം പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
നാല്, അഞ്ച്, ആറ് നിലകളിലാണ് എല്ലാ വകുപ്പുകളുടെയും ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നത്. ഫയലുകളും ഫര്‍ണിച്ചറും എല്ലാം കത്തി നശിച്ചിട്ടുണ്ട്. തീപിടിത്തത്തെത്തുടര്‍ന്ന് സെക്രട്ടറിയേറ്റ് പൂര്‍ണമായും ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫയര്‍ അലാറമോ, സുരക്ഷാ സംവിധാനങ്ങളോ സെക്രട്ടറിയേറ്റ് കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തീപടര്‍ന്നുപിടിക്കുന്നത് കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ നിലവളിച്ച് ഓടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: