ന്യുദല്‍ഹി: എന്‍.സി.പി നേതാവും മുന്‍ ലോക്സഭാ സ്പീക്കറുമായ പി.എ.സാംഗ്മ പാര്‍ട്ടി അംഗത്വം രാജിവച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിക്കെതിരെ മത്സരിക്കുന്നതിന് പാര്‍ട്ടി അംഗത്വം തടസമായ സാഹചര്യത്തിലാണ് രാജി.
ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് രാജി. സാംഗ്മയുടെ രാജിക്കത്ത് സുബ്രഹ്മണ്യം സ്വാമി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. രാജിയല്ലാതെ തന്റെ മുന്നില്‍ വേറെ മാര്‍ഗമില്ലെന്നായിരുന്നു സാംഗ്മയുടെ വിശദീകരണം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തീരുമാനം മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി അച്ചടക്ക നടപി സ്വീകരിക്കുമെന്ന് എന്‍.സി.പി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി നിലപാട് മറികടന്ന് മത്സരിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറും വ്യക്തമാക്കിയിരുന്നു. സാംഗ്മ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കില്ലെന്നും അഥവാ പത്രിക സമര്‍പ്പിച്ചാല്‍ ജൂലൈ നാലിനകം പിന്‍വലിക്കുമെന്നും പവാര്‍ പറഞ്ഞിരുന്നു. താന്‍ എന്‍.സി.പിയെ അല്ല പ്രതിനിധീകരിക്കുന്നതെന്നും തന്റെ ഗോത്രത്തെയാണെന്നും സാംഗ്മ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ബി.ജെ.പി, ജനാതാദള്‍ (യു) തുടങ്ങിയ കക്ഷികളുടെ പിന്തുണ സാംഗ്മയ്ക്കു ലഭിക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ യു.പി.എ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ പിന്തുണയും സാംഗ്മയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: