തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സാങ്കേതികമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്.ശെല്‍വരാജ് ജയിച്ചെങ്കിലും കഴിഞ്ഞതവണ തോറ്റപ്പോള്‍ കിട്ടിയ ശതമാനം വോട്ടുപോലും ഇത്തവണ നേടാനായില്ല. രണ്ടാംസ്ഥാനത്തെത്തിയ ഇടതുമുന്നണിക്കും കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ വോട്ടിന്റെ ശതമാനവും കുറഞ്ഞു. എന്നാല്‍ നേട്ടം കൊയ്തത് ബിജെപി മാത്രം. വോട്ടിന്റെ എണ്ണത്തില്‍ കഴിഞ്ഞതവണ നേടിയതിനെക്കാള്‍ അഞ്ചിരട്ടി ഉയര്‍ന്നപ്പോള്‍ ശതമാനക്കണക്കില്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. കോണ്‍ഗ്രസിന് 3 ശതമാനം വോട്ടും സിപിഎമ്മിന് 14 ശതമാനം വോട്ടുമാണ് കുറഞ്ഞിരിക്കുന്നത്.
കഴിഞ്ഞതവണ ബിജെപിക്ക് 6730 വോട്ടുമാത്രമാണ് ലഭിച്ചത്. പോള്‍ചെയ്ത വോട്ടിന്റെ 6.3 ശതമാനം. ഇത്തവണ അത് 23.21 ആയി ഉയര്‍ന്നു. വോട്ടിന്റെ എണ്ണം 30357 ആയും കൂടി. തിരുവനന്തപുരം ജില്ലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വോട്ടാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് രാജഗോപാല്‍ നേടിയ 42000 വോട്ടായിരുന്നു ഏറ്റവും കൂടുതല്‍.
കഴിഞ്ഞതവണ നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശെല്‍വരാജ് 48.98 ശതമാനം വോട്ടുമായി 54711 വോട്ടാണ് നേടിയത്. തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തമ്പാനൂര്‍ രവിക്ക് 48009(42.98 ശതമാനം) വോട്ടും കിട്ടി.
ഇത്തവണ ജയിച്ചിട്ടും കോണ്‍ഗ്രസിന് 40 ശതമാനം വോട്ടേയുള്ളു. വോട്ടിന്റെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനയുണ്ട്. 52528 വോട്ട് കിട്ടി. സിപിഎമ്മിന്റെ 35.2 ശതമാനം മാത്രമാണ് നേടാനായത്.
വോട്ടിന്റെ എണ്ണത്തില്‍ 9000 ത്തോളം വോട്ടിന്റെ കുറവുമുണ്ട്. പോളിംഗ് ശതമാനത്തില്‍ ഉണ്ടായ വര്‍ദ്ധന കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് കിട്ടിയ അധിക വോട്ടിന് പ്രസക്തിയില്ല.
ബിജെപി കഴിഞ്ഞതവണ 6730 വോട്ട് ലഭിച്ചെങ്കിലും ഒരു വാര്‍ഡില്‍ പോലും ഒന്നാംസ്ഥാനത്ത് എത്തിയിരുന്നില്ല. ഇത്തവണ 25 ബൂത്തുകളില്‍ ബിജെപിയാണ് ഒന്നാമത്. 22 സ്ഥലത്ത് രണ്ടാംസ്ഥാനത്തുമെത്തി. അതിയന്നൂര്‍ പഞ്ചായത്തിലും നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലും ബിജെപിക്ക് ശക്തമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞു. സിപിഎം സ്വാധീന പഞ്ചായത്തായ അതിയന്നൂരില്‍ സിപിഎമ്മിന് 5831 വോട്ട് കിട്ടിയപ്പോള്‍ ബിജെപി 5279 വോട്ടുമായി തൊട്ടടുത്തു നിന്നു. കോണ്‍ഗ്രസ്സിന് 4961 വോട്ടേ കിട്ടിയുള്ളു. മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് (14898), സിപിഎം(14615) എന്നിവര്‍ക്കൊപ്പം തന്നെ വോട്ടുപിടിക്കാന്‍ ബിജെപിക്കും(13115) കഴിഞ്ഞു. മുന്‍സിപ്പാലിറ്റിയില്‍ കഴിഞ്ഞതവണ 2475 വോട്ട് കിട്ടിയ സ്ഥാനത്താണ് ഇത്തവണ 13115 ആയത്.
ചെങ്കല്‍ പഞ്ചായത്തില്‍ 4837 വോട്ടാണ് രാജഗോപാല്‍ നേടിയത്. കഴിഞ്ഞ തവണ ഇവിടെ 1230 വോട്ടാണ് ബിജെപിക്ക് കിട്ടിയത്. തീരദേശ ന്യൂനപക്ഷ മേഖലയായ കാരോട്, കുളത്തൂര്‍, തിരുപുറം പഞ്ചായത്തുകളില്‍ ശരാശരി 3000 വോട്ടുവീതമേ ബിജെപിക്ക് ലഭിച്ചുള്ളു. 2011 ല്‍ 943 വോട്ട് മാത്രം കിട്ടിയ കാരോട് ഇത്തവണ 2975 ഉം 309 വോട്ടുകിട്ടിയ കുളത്തൂരില്‍ 2269 ഉം 529 വോട്ടുകിട്ടിയ തിരുപുറത്ത് 1826 വോട്ടും ബിജെപി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: