ഹൈദരാബാദ്: എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ ആദ്യ പരിഗണന നല്‍കുന്നത് പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായിരിക്കുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി ഔദ്യോഗിക വക്താവുമായ ഷാനവാസ് ഹുസൈന് വ്യക്തമാക്കി. തെലുങ്കാന സംസ്ഥാനമെന്ന കാര്യത്തില്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും എന്‍ഡിഎയുടെ ആദ്യതീരുമാനവും ഇതുതന്നെയായിരിക്കുമെന്നും വോട്ട് ലഭിച്ച് അധികാരത്തിലേറിയാല്‍ പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാറങ്കല്‍ ജില്ലയിലെ പര്‍ക്കാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് പോകുന്നതിന് മുമ്പാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തെലുങ്കാന സംസ്ഥാനം സംബന്ധിച്ച് അവിടുത്തെ ജനങ്ങളുടെ വികാരത്തെ ഉപയോഗപ്പെടുത്തി കളികള്‍ നടത്തുന്നുണ്ടെന്നും, എന്നാല്‍ ഈ പാര്‍ട്ടികളുടെ കപടതയെ ജനങ്ങളെ മനസ്സിലാക്കുകയും ബിജെപിയില്‍ ഇവര്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഷാനവാസ് പറഞ്ഞു.
പാര്‍ലമെന്റില്‍ തെലുങ്കാന പ്രശ്നം തങ്ങളുടെ നേതാക്കള്‍ പലതവണ ഉന്നയിച്ചതാണെന്നും എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരോ, നേതാക്കളോ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക തെലുങ്കാന സംസ്ഥാനം എന്‍ഡിഎ ഭരണകാലത്ത് യാഥാര്‍ത്ഥ്യമാകും. ഇതിന് എന്‍ഡിഎയെ പിന്തുണക്കണം, എതിര്‍ക്കുകയല്ല വേണ്ടതെന്നും ഷാനവാസ് പറഞ്ഞു.
ഈ മാസം 12നാണ് പര്‍ക്കാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി ഇവിടെ വിജയം കൈവരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: