കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ ഷോക്കേല്‍ക്കുന്ന അനുഭവമാണുണ്ടാവുന്നത്. അടുത്തദിവസം അവരുടെ ആവശ്യം ഉന്നയിച്ചതിന്റെ വാര്‍ത്ത ഷോക്കേല്‍പ്പിക്കുന്നത് മാത്രമല്ല, ബോധം കെടുത്തുന്നതുമാണ്. വൈദ്യുതിനിരക്ക് ഓരോവര്‍ഷവും വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെയാണ് ഈ ക്രൂരമായ ആവശ്യം ബോര്‍ഡ് ഉന്നയിച്ചിരിക്കുന്നത്. താമസംവിനാ അവരുടെ ആവശ്യം അനുവദിച്ചുകൊടുക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കുകയും ചെയ്യും. തത്വദീക്ഷയില്ലാത്ത നിലപാടുകളും നിയന്ത്രണങ്ങളും വഴി ജനങ്ങളുടെ പേടിസ്വപ്നമായിരിക്കുകയാണ് കെ.എസ്.ഇ.ബി. കാലാകാലങ്ങളില്‍ പണം ജനങ്ങളില്‍ നിന്ന് പിടിച്ചുവാങ്ങുകയെന്ന ഒറ്റ അജണ്ട മാത്രമാണ് ബോര്‍ഡിനുള്ളത്. തികഞ്ഞ കുത്തകകളുടെ അതേ മനോവ്യാപാരമാണ് അവരുടേത്. നിലവിലുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോഴാണ് ബോര്‍ഡ് വര്‍ഷാവര്‍ഷം വൈദ്യുതിയുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്താണ് ഇതിന്റെ മാനദണ്ഡം എന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടില്ല എന്നതത്രേ വസ്തുത. നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബോര്‍ഡ് ഉന്നയിക്കാന്‍ പ്രധാന കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിരക്ക് കൂട്ടിയിട്ടില്ല എന്നതാണ്. ഇതു സംബന്ധിച്ച് ബോര്‍ഡ് ഫിനാന്‍സ് മെമ്പര്‍ വേണുഗോപാലാണ് കമ്മീഷന്‍ മുമ്പാകെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിരക്ക് വര്‍ധനയിലൂടെ ഇക്കൊല്ലം 1546.40 കോടിയുടെ അധിക വരുമാനമാണത്രെ ബോര്‍ഡ് ലക്ഷ്യമിടുന്നത്. എല്ലാ മേഖലയെയും വര്‍ധന ബാധിക്കുന്ന തരത്തിലുള്ള ഒരു സംവിധാനമാണ് ബോര്‍ഡ് വരുത്താന്‍ പോകുന്നതെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.
ബോര്‍ഡിന്റെ ആവശ്യത്തിനുമേല്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റഗുലേറ്ററി കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിത്തുടങ്ങിയിട്ടുണ്ട്. വീട്ടു കണക്ഷന്‍ ഉള്‍പ്പെടെയുള്ളവയുടെ വൈദ്യുതി നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കാനും ഫിക്സഡ് ചാര്‍ജ് ഈടാക്കാനുമാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം. ബോര്‍ഡ് നല്‍കുന്ന കണക്കുകളും പൊതുജനാഭിപ്രായവും വിലയിരുത്തിയാവും എത്ര വര്‍ധന വരുത്തണമെന്ന് കമ്മീഷന്‍ തീരുമാനിക്കുക. എല്ലാ മേഖലയിലും കുതിച്ചുയരുന്ന വിലവര്‍ധനയില്‍പ്പെട്ട് സാധാരണക്കാര്‍ നട്ടം തിരിയുമ്പോള്‍ വൈദ്യുതി വര്‍ധന കൂടിവരുന്നതോടെ ജീവിതം തികച്ചും ദുസ്സഹമാവും. സാമൂഹിക ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണകൂടം പതിയെ പിന്‍വാങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ട് കാലമേറെയായി. ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ ഒന്നൊന്നായി നിര്‍ത്തുകയോ അല്ലെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യുന്നു. പണമുള്ളവന്‍ മാത്രം ജീവിച്ചാല്‍ മതിയെന്ന യുക്തി സാമാന്യവല്‍ക്കരിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. അതിന്റെ ഒന്നാന്തരം ഉദാഹരണമാവുകയാണ് വൈദ്യുതി മേഖലയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍. ലാഭമുണ്ടാക്കുക എന്ന ഷൈലോക്കിയന്‍ ചിന്താഗതിയിലേക്ക് സര്‍ക്കാറും അതിന്റെ ഉപോല്‍പ്പന്നങ്ങളായ സംവിധാനങ്ങളും മാറുന്നതോടെ വിശ്വസിക്കാന്‍ പ്രയാസമുള്ള ഒട്ടുവളരെ കാര്യങ്ങള്‍ അനുഭവിക്കാന്‍ ജനങ്ങള്‍ നിര്‍ബ്ബന്ധിതരാകും.
വൈദ്യുതി നിരക്കുവര്‍ധന സംബന്ധിച്ച റഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തില്‍ സര്‍ക്കാറിന് ഇടപെടാനാവില്ല എന്നതിനാല്‍ എന്തും ചെയ്യാന്‍ സാധിക്കുമെന്ന മെച്ചം റഗുലേറ്ററി കമ്മീഷനും ബോര്‍ഡിനുമുണ്ട്. അതേസമയം സബ്സിഡി നല്‍കിക്കൊണ്ട് ഉപഭോക്താക്കളുടെ സാമ്പത്തികഭാരം ലഘൂകരിക്കാന്‍ സര്‍ക്കാറിന് സാധിക്കും. അത്തരമൊരു സാധ്യത ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ നിന്നുണ്ടാവുമോ എന്ന് കണ്ടറിയണം. കാലാകാലങ്ങളില്‍ വൈദ്യുതിനിരക്ക് കൂട്ടാന്‍ തത്രപ്പെടുന്ന വൈദ്യുതിബോര്‍ഡ് വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നത് സംശയമാണ്. പ്രസരണരംഗത്തും മറ്റുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഉപഭോക്താക്കള്‍ക്ക് യഥാസമയം വൈദ്യുതിത്തകരാറുകള്‍ പരിഹരിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തെക്കുറിച്ച് ബോര്‍ഡോ റഗുലേറ്ററി കമ്മീഷനോ എന്തെങ്കിലും നിലപാട് സ്വീകരിക്കാറുണ്ടോ എന്ന് സംശയമാണ്. കാശ് പിഴിഞ്ഞെടുക്കാന്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ പത്തിലൊരംശം താല്‍പ്പര്യമെങ്കിലും ഇക്കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഇത്രയേറെ പ്രതിഷേധമുണ്ടാകുമായിരുന്നില്ല. റഗുലേറ്ററി കമ്മീഷന്‍ നടത്തുന്ന പൊതുജനാഭിപ്രായ വേളയില്‍ ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ എന്തായാലും വൈദ്യുതി നിരക്ക് വര്‍ധനയെന്ന അജണ്ടയില്‍ തൂങ്ങിനില്‍ക്കുന്ന ബോര്‍ഡിന്റെ താല്‍പര്യത്തിനാവും മുന്‍ഗണന ലഭിക്കുക. ബോര്‍ഡ് മുമ്പോട്ടുവെക്കുന്ന കണക്കും മറ്റും എത്രമാത്രം കുറ്റമറ്റതാണെന്ന് പറയാനാവില്ല. ഒടുവില്‍ ബോര്‍ഡിന് ആവശ്യമുള്ളതിന്റെ ഇരട്ടിയോ അതിന്റ ഇരട്ടിയോ കിട്ടാന്‍ സാധ്യതയേറെയാണ്. പൊതുജനങ്ങള്‍ക്ക് വറചട്ടിയില്‍ നിന്ന് എരിതീയില്‍ വീഴുന്ന അനുഭവമാകും ഉണ്ടാവുക. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിന് മാത്രമേ കഴിയൂ. രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, ജനങ്ങളെ കണ്ണീരിലാഴ്‌ത്തുന്ന നടപടികള്‍ കണ്ട് നിസ്സംഗഭാവത്തില്‍ നില്‍ക്കില്ലെന്ന് പ്രതീക്ഷിക്കാമോ?
സിപിഎം ഫാസിസം
എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെന്ന് തോന്നുമോ എന്നൊരു നാട്ടുമൊഴിയുണ്ട്. ഏതാണ്ട് അതുപോലെയാണ് ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുള്ള സിപിഎമ്മിന്റെ നിലപാടുകള്‍. നേരത്തെ കൊലക്കേസുകള്‍ അന്വേഷിക്കുന്നതില്‍ പോലീസിനും അതുചെയ്ത പാര്‍ട്ടികള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പോലീസുമായി ചില ധാരണകള്‍ ഉണ്ടാക്കി നിരപരാധികളെ പ്രതികളായി സ്റ്റേഷനില്‍ എത്തിക്കും. പിന്നീടുള്ളവയൊക്കെ പാര്‍ട്ടിയുടെ തിരക്കഥയനുസരിച്ച് നടക്കും. സംഗതിവശാല്‍ ഒഞ്ചിയം കേസില്‍ അങ്ങനെഇതുവരെ സംഭവിച്ചിട്ടില്ല. അതുതന്നെയാണ് സിപിഎമ്മിന് പ്രശ്നമായിരിക്കുന്നതും.
ചന്ദ്രശേഖരന്‍ കൊലപാതകത്തിലെ ഉള്ളുകള്ളികളിലേക്ക് അന്വേഷണം നീണ്ടതോടെ എങ്ങനെയും അതവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ആ പാര്‍ട്ടി നടത്തുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം തെളിവെടുപ്പിനായി തലശ്ശേരി ഏരിയാകമ്മിറ്റി ഓഫീസില്‍ പോലീസിന് കയറാന്‍ കഴിയാഞ്ഞത്. എങ്ങനെയും അന്വേഷണം തടയാനുള്ള ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ നിര്‍ലജ്ജമായ നീക്കങ്ങള്‍ സംശയത്തിന്റെ ചൂണ്ടുവിരല്‍ അവര്‍ക്കുനേരെ കൂടുതല്‍ ഉയരാനേ ഇടവരുത്തൂവെന്ന് അത്യാവശ്യം വിവരമുള്ള നേതാക്കള്‍ മറന്നു പോവുന്നതെന്താണ്? ആര്‍ക്കെതിരെയാണ് പാര്‍ട്ടി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്? എല്ലാം പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടിയില്‍ ഞെരിഞ്ഞമരണം എന്ന വിചാരം ഫാസിസമല്ലേ? ചന്ദ്രശേഖരന്‍മാരുടെ രക്തംകൊണ്ട് ഇനിയും അഭിഷേകം നടത്തിയെങ്കിലേ തങ്ങള്‍ തൃപ്തരാവൂ എന്നാണെങ്കില്‍ ജനമുന്നേറ്റം ആ പാര്‍ട്ടിക്കെതിരെ കൊടുങ്കാറ്റാവുമെന്ന് ഓര്‍ത്താല്‍ അവര്‍ക്കു നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: