മതവും ദര്‍ശനവും ജ്ഞാനവും ആദ്ധ്യാത്മികതയുമാണ് ഭാരതത്തിന്റെ സംഭാവന. മതത്തിന്റെ മുന്പില് വഴിതളിക്കാന് പട്ടാളക്കുപ്പിണികള് അണിയായി നീങ്ങേണ്ടതില്ല. രക്തപ്രവാഹത്തലൂടെയല്ല വിജ്ഞാനവും ദര്‍ശനവും കൊണ്ടുചെല്ലേണ്ടത്. വിജ്ഞാനവും ദര്‍ശനവും ചോരയൊലിക്കുന്ന മനുഷ്യശരീരങ്ങളുടെ മേല്‍ പടയണി നടത്തുകയല്ല ചെയ്യുന്നത്. മറിച്ച് ശാന്തിയുടെയും പ്രേമത്തിന്റെയും ചിറകുകള് പരത്തിക്കൊണ്ടണയുകയാണ്. എക്കാലത്തും അങ്ങനെയേ ആയിരുന്നുള്ളൂതാനും.
ഒരു മനുഷ്യന് മറ്റൊരുവിന്റെ മേല്‍ ഉണ്ടാകാവുന്നതില്‍വച്ച് ഏറ്റവും വലിയ മേന്മ കീഴടക്കല്‍ തന്നെ. അവന്റെ കാഴ്ചപ്പാടില്‍ അത് ശരിയാണ്. എന്നാല്‍ നമ്മുടെ കാഴ്ചപ്പാടില്‍ നേരെ വിരുദ്ധവുമാണ്. ഭാരതത്തിന്റെ മഹത്വത്തിന് കാരണമെന്തെന്ന് എന്നോട് ചോദിച്ചാല്‍, മറുപടി നാം ആരെയും കീഴടക്കരുതെന്നായിരിക്കും. അതാണ് നമ്മുടെ മേന്മ. നമ്മുടെ മതത്തെപ്പറ്റി അവഹേളനങ്ങളും പ്രതിഷേധങ്ങളും നിങ്ങള്‍ കേള്‍ക്കുന്നുണ്ട്. ചിലപ്പോള്‍, കൂടുതല്‍ വിവേകം കാട്ടേണ്ടവരില്‍ നിന്നാണ് അവ പുറപ്പെടുന്നതെന്ന് കൂടി പറയേണ്ടവരുന്നതില് ഞാന്‍ ഖേദിക്കുന്നു. ഇവയ്ക്ക് കാരണമായി പറപ്പെടുന്നത് ആക്രമിച്ച് കീഴടക്കുന്ന ഒന്നല്ല, നമ്മുടെ മതമെന്നത്രേ. എനിക്ക് തോന്നുന്നു, മറ്റ് മതങ്ങളെയപേക്ഷിച്ച് നമ്മുടെ മതം കൂടുതല്‍ സത്യമായിരിക്കുന്നതിന്റെ കാരണം തന്നെ ഇതെണാന്ന്. ഇത് ഒരിക്കലും ആക്രമിച്ചു കീഴടക്കിയിട്ടില്ല. രക്തം ചൊരിഞ്ഞിട്ടില്ല; അനുഗ്രഹത്തിന്റെയും ശാന്തിയുടേയും സ്നേഹസഹാനുഭൂതികളുടെയുമായ വാക്കുകളേ അതില്‍നിന്ന് പുറപ്പെട്ടിട്ടുള്ളൂ.
ഭാരതീയ ചിന്തകള്‍ക്ക് എന്നുമുള്ള നീരവമായ മാസ്മരശക്തിയാണത്. ഒരു വിദേശീയന് നമ്മുടെ സാഹിത്യം പഠിക്കാന്‍ മുതിരുമ്പോള്‍ ആദ്യം അതയാളെ മുഷിപ്പിക്കും; ഉടനടി ആവേശം കൊള്ളിക്കത്തക്ക ഉശിര് അതിനില്ലായിരിക്കാം; അതില്‍ വേണ്ടത്ര ചുറുചുറുക്കില്ലായിരിക്കാം. യൂറോപ്പിലെ ദുരന്തനാടകങ്ങളെ നമ്മുടെ ദുരന്തകൃതികളോട് തട്ടിച്ചുനോക്കുക. ആദ്യത്തേത് ക്രിയാത്മകമാണ്. താല്‍ക്കാലികമായി അവ നിങ്ങളെ തട്ടിയുണര്‍ത്തുന്നു. അത് തീര്‍ന്നാല്‍ പ്രതികരണം. എല്ലാം അസ്തമിക്കുന്നു, മസ്തിഷ്കത്തില്‍ നിന്ന് കഴുകിക്കലഞ്ഞതുപോലായിത്തീരുന്നു. ഭാരതീയ ദുരന്തകൃതികള്‍ മാസ്മരിക പ്രയോക്താവിന്റെ ശക്തിക്ക് തുല്യം ശാന്തവും നീരവുമാണ്; പഠിക്കും തോറും അവ കൂടുതല്‍ ചേതസ്സമാകര്ഷകമായിത്തീരും. നിങ്ങള്‍ക്ക് സ്വേച്ഛയ്ക്കൊത്തു ചലിക്കാനാവില്ല; നിങ്ങള്‍ വരിഞ്ഞുമുറുക്കപ്പെടുന്നു. നമ്മുടെ സാഹിത്യത്തില്‍ കൈവയ്ക്കാന്‍ ആര്‍ക്കൊക്കെ ചങ്കൂറ്റമുണ്ടായിട്ടുണ്ടോ അവര്‍ക്കൊക്കെ ഈ പാരതന്ത്ര്യം അനുഭവപ്പെട്ടിട്ടുണ്ട്. അവര്‍ എന്നേന്നേക്കുമായി അടിപ്പെട്ടുപോകുന്നു. കാണപ്പെടാതെയും കേള്‍ക്കപ്പെടാതെയും പൊഴിഞ്ഞ് ഏറ്റവും മനോജ്ഞമായ റോസാപ്പൂക്കളെ വിടര്‍ത്തുന്ന നനുത്ത മഞ്ഞുതുള്ളിപോലെയാണ് വിശ്വചിന്തയ്ക്ക് ഭാരതം നല്‍കിയിട്ടുള്ള സംഭാവന. നീരവവും അദൃഷ്ടവും, എങ്കിലും ഫലത്തില്‍ സര്‍വശക്തവുമായ ഭാതീയ സംഭാവന വിശ്വചിന്തയെ കീഴ്മേല്‍ മറിച്ചിരിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: