ന്യൂദല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ നല്‍കിയത് സംബന്ധിച്ച അഴിമതിയാരോപണങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഉറക്കം കെടുത്തുന്നു. ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹസാരെ സംഘം രംഗത്തുവന്നതോടെയാണിത്. ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കാമെന്ന് മന്‍മോഹന്‍സിംഗ് അവകാശപ്പെട്ടെങ്കിലും അന്വേഷണമില്ലാതെ മന്മോഹന് ക്ലീന്‍ചിറ്റ് നല്‍കാനാവില്ലെന്ന് ഹസാരെ സംഘം വ്യക്തമാക്കി. ആരോപണത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ച് പ്രധാനമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമവും പാളിയിരിക്കുകയാണ്.
2006-2009 കാലഘട്ടങ്ങളിലായി അനധികൃതമായി കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരി ഖാനനങ്ങളെക്കുറിച്ച് സിബിഐ അന്വേഷണമാരംഭിച്ചു. ചില സ്വകാര്യകമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനായി കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരി ഖാനനത്തിന് അനുമതി കൊടുക്കുകയായിരുന്നുവെന്ന ബിജെപി നേതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം.
കേസന്വേഷണം സിബിഐക്ക് കൈമാറുന്നതായുള്ള റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍നിന്നും ലഭിച്ചതായി ബിജെപി നേതാക്കളായ പ്രകാശ് ജാവ്ദേക്കര്‍, ഹന്സ്രാജ് അഹിര്‍ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചുകിട്ടിയ കമ്പനികള്‍ അവ അനധികൃത ലാഭത്തിന് ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു. 2006 ല്‍ 51 കമ്പനികള്‍ക്കും 2007 ല്‍ 19 കമ്പനികള്‍ക്കും 2009 ല്‍ 32 കമ്പനികള്‍ക്കുമാണ് ഒരു മെട്രിക് ടണ്ണിന് 50 രൂപവെച്ച് കേന്ദ്രസര്‍ക്കാര്‍ ഖാനനത്തിന് നല്‍കിയതെന്നും ബിജെപി നേതാക്കള്‍ കഴിഞ്ഞവര്‍ഷം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെയുള്ള അഴിമതിക്കേസ് സിബിഐ അന്വേഷണത്തിന് വിടാനുള്ള തീരുമാനം പ്രധാനമന്ത്രിക്ക് ‘ക്ലീന്‍ചിറ്റ്’ നല്‍കുന്നതിന് വേണ്ടിയെന്ന് ഹസാരെ സംഘം ഇന്നലെ കുറ്റപ്പെടുത്തി. കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍നിന്നും സിബിഐക്ക് കേസന്വേഷണം വിട്ടുകൊടുക്കാനുള്ള തീരുമാനം പ്രധാനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്കുന്നതിനുവേണ്ടിയാണ്. ഒരു പ്രധാനമന്ത്രിക്കെതിരെ കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് സാധിക്കുന്നതെങ്ങനെയെന്ന് ഹസാരെ സംഘാംഗമായ കേജ്രിവാള് ചോദിച്ചു.
കല്‍ക്കരിപ്പാടങ്ങള്‍ പൊതു, സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതിലെ അഴിമതി സംബന്ധിച്ച് അന്വേഷിക്കാനാണ് സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചതില്‍ പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹസാരെ സംഘം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 2006 നവംബര്‍ മുതല്‍ 2009 മെയ് വരെ കല്‍ക്കരി വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നുവെന്നും സംഘം ചൂണ്ടിക്കാണിച്ചിരുന്നു.
സിഎജിയുടെ അനുമതി കൂടാതെ കല്‍ക്കരിപ്പാടങ്ങള്‍ ഖാനനത്തിന് അനുവദിച്ചുകൊടുക്കരുതെന്നും സ്വകാര്യ വ്യക്തികള്‍ അനധികൃത ലാഭത്തിന് വേണ്ടി ഇത് ഉപയോഗിക്കുമെന്നും കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഇതുസംബന്ധിച്ച വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
കല്‍ക്കരിക്കുണ്ടായ വന്‍ ഡിമാന്റാണ് കല്‍ക്കരി ഖാനനം കൂടുതലായി അനുവദിക്കേണ്ടിവന്നതെന്ന കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേജ്രിവാള് പറഞ്ഞു. കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കേസില്‍ പ്രധാനമന്ത്രി കുറ്റവിമുക്തനാണെങ്കില്‍ സ്വതന്ത്ര അന്വേഷണത്തെ അദ്ദേഹം ഭയപ്പെടുന്നതെന്തിന്? 12 വര്‍ഷത്തിനുള്ളില്‍ 75 ഖാനനാനുമതികള് നല്കിയ സ്ഥാനത്ത് മൂന്ന് വര്‍ഷ കാലയളവില്‍ 145 കല്‍ക്കരിപ്പാടങ്ങളാണ് അനധികൃതമായി അനുവദിക്കപ്പെട്ടത്. 2006-2009 കാലഘട്ടത്തില്‍ ഇത്രയേറെ ആവശ്യകത കല്ക്കരിക്കുണ്ടായിരുന്നോ? പ്രധാനമന്ത്രി കല്‍ക്കരിവകുപ്പ് ഒഴിഞ്ഞതിനുശേഷം ഇതുവരെ അനുവദിക്കപ്പെട്ട കല്‍ക്കരി ഖാനനാനുമതി ഒന്നാണെന്നും കേജ്രിവാള് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: