പലരും ചോദിക്കുന്ന ചോദ്യമാണിത്. കുട്ടികളെ സ്കൂളിലും കോളേജിലും അയയ്ക്കുമ്പോള്‍ അല്ലെങ്കില്‍ സംഗീതവിദ്യാലയത്തിലയയ്ക്കുമ്പോള്, അവര്‍ ഈ ചോദ്യം ചോദിക്കുന്നില്ല. അവര്‍ സ്വയം അദ്ധ്യാത്മജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് ഗുരുവേണമോ എന്ന സംശയമുണ്ടാവുന്നത്. അദ്ധ്യാത്മജീവിതത്തിന്റെ കാര്യത്തില്‍ പലരും കുട്ടികളാണ്. അദ്ധ്യാത്മജീവിതത്തില്‍ പ്രവേശിക്കാന്‍ പ്രായവും ശാരീരികവളര്‍ച്ചയും മാത്രം പോര.
ഈശ്വരബോധത്തോടെ ജനിച്ച്, ബാല്യംമുതല്ക്കു തന്നെ ഈശ്വരസാന്നിദ്ധ്യമനുഭവിക്കുന്ന ചില അസാധരണ വ്യക്തികളുണ്ടെങ്കില്‍ അവര്‍ക്ക് ഗുരു ആവശ്യമില്ല; എന്നാല്‍ മറ്റുള്ളവര്‍ക്കെല്ലാം വേണം. ഒരു ഭക്തന് ബ്രഹ്മാനന്ദസ്വാമികളോടു ചോദിച്ചു: ‘സ്വാമിജി, ഗുരു ആവശ്യമാണോ’? സ്വാമിജി ചിരിച്ചുകൊണ്ടു പറഞ്ഞു: ‘മോഷണം പഠിക്കാന്‍പോലും ഗുരു വേണം. ഇതാകട്ടെ അതിമഹത്തായ ബ്രഹ്മവിദ്യ -അതു പഠിക്കാന്‍ ഗുരു വേണ്ടേ?’പോക്കറ്റടിക്കാര്പോലും ആചാര്യനുണ്ടെന്നറിയാമല്ലോ; അവര്‍ക്കു വളരെ പരിശീലനവും അഭ്യാസവും വേണം; അതിന് ഒരു വലിയ പോക്കറ്റടിക്കാരന്റെ ഉപദേശം ആവശ്യമാണ്.
ഇവിടെ ഞാനൊരു കഥ പറയാം. ബംഗാളിലെ പ്രസിദ്ധലേഖകനും അഭിനേതാവും ശ്രീരാമകൃഷ്ണന്റെ മഹാഭക്തനുമായ ഗിരീഷ് ചന്ദ്രഘോഷ് വാര്‍ദ്ധക്യത്തില്‍ ഹോമിയോപ്പതി ചികിത്സ നിര്‍ദ്ദേശിക്കാന്‍ തുടങ്ങി. അദ്ദേഹം ഗുരുവിനെ സ്മരിച്ച് മരുന്നുകള്‍ കൊടുക്കും. അദ്ദേഹത്തിന്റെ സൂക്ഷമബുദ്ധികാരണം ചികില്‍സ വിജയിച്ചുവന്നു. ഒരിക്കല്‍ പ്രായം ചെന്ന വളരെ മാന്യനെന്നു തോന്നിക്കുന്ന ഒരാള്‍ അദ്ദേഹത്തിന്റെ സമീപത്തിരിക്കുകയായിരുന്നു, അപ്പോള്‍ ഒരു ചെറുപ്പക്കാരന് ഗിരീഷ് ചന്ദ്രഘോഷിന്റെ അടുത്തുവന്നു പറഞ്ഞു. വരുന്ന വഴിക്ക് എന്റെ വാച്ച് നഷ്ടപ്പെട്ടു. മാന്യന് അതില്‍ താല്പര്യംകാണിച്ചു ചോദിച്ചു: എവിടെ വെച്ച് എപ്പോഴാണത്? ചെറുപ്പക്കാരന് സ്ഥലവും സമയവും പറഞ്ഞു. അപ്പോള്‍ ആ മാന്യന് പറഞ്ഞു. നിങ്ങള്‍ക്കതു തിരിച്ചുകിട്ടും. അയാള്‍ക്കെങ്ങനെ അതു പറയാന്‍ സാധിച്ചുവെന്നോ? ആ മാന്യനെന്നു തോന്നിക്കുന്ന ആള് പോക്കറ്റടിക്കാരുടെ ഒരു നേതാവായിരുന്നു- അവരുടെ ഗുരു.
വേറൊരുദാഹരണം പറയാം. നിങ്ങള്‍ക്ക് നക്ഷത്രശാസ്ത്രം പഠിക്കണം. നിങ്ങളൊരു പുസ്തകമെടുത്ത് പഠിക്കാന്‍ തുടങ്ങിയാല്‍ അധികമൊന്നും പഠിക്കില്ല. ശാസ്ത്രജ്ഞന് വളരെ അത്ഭുതകരമായ ചിലതുപറയുന്നു. ദിവസേന സൂര്യന് ഉദിക്കുന്നതും അസ്തമിക്കുന്നതും നിങ്ങള്‍ കാണുന്നുണ്ട്. ഇതാ ഒരാള്‍ വന്നു പറയുന്നു: സൂര്യന് ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല. ഇതൊക്കെ ഭൂമിയുടെ ചലനം കൊണ്ടുള്ള തോന്നല്‍ മാത്രം. ഇന്ദ്രിയപക്ഷത്തെ മാത്രമവലംബിച്ചാല് നമുക്കിതൊന്നും മനസ്സിലാവില്ല. അപ്പോള്‍ നമുക്ക് ശാസ്ത്രജ്ഞനെ സമീപിക്കണം. അദ്ദേഹത്തിന്റെ കീഴില്‍ പഠിക്കണം. പരീക്ഷണങ്ങള്‍ നടത്തണം; എന്നാല്‍ നാം കണ്ണുകൊണ്ടു കാണുന്നതു ഭ്രമമാണ്. ശാസ്ത്രജ്ഞന് പറയുന്നതാണ് ശരി എന്ന് തികച്ചും ബോദ്ധ്യപ്പെടും.
ഗുരു ഇതുപോലെ വളരെ അദ്ഭുതകരമായ കാര്യങ്ങള്‍ പറയുന്നു. നമുക്കെല്ലാം ശരീരബോധമുണ്ട്; നാം എല്ലാം വിചാരിക്കുന്നു നാം സ്ത്രീപുരുഷന്മാരാണെന്ന്. എന്നാല്‍ ഗുരു പറയുന്നു നാം ശരീരത്തില്നിന്നുമാത്രമല്ല. മനസ്സില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും ഭിന്നമായ ആത്മാവാണെന്ന്. എന്നാല്‍ പലരും വിചാരിക്കുന്നതുപോലെ നിങ്ങളും ‘ഓ! അയാളൊരു വഞ്ചകന്’. എന്നു വിചാരിക്കുകയാണെങ്കില്‍ ഈശ്വരന് നിങ്ങളെ രക്ഷിക്കട്ടെ. ഗുരുവിനെ സംശയിക്കുന്നതിനു പകരം നിങ്ങള്‍ നിങ്ങളെത്തന്നെ സംശയിക്കണം. അങ്ങനെ ചിന്തിച്ചുതുടങ്ങിയാല്‍ നിങ്ങളുടെ അദ്ധ്യാത്മജീവിതം തുടങ്ങി. ഞാന്‍ ജീവിതം മുഴുവന്‍ അദ്ധ്യാത്മമാര്‍ഗത്തില്‍ ചരിച്ച് ജ്ഞാനം നേടി വളരെ പ്രേമവും കാരുണ്യവും സഹാനുഭൂതിയും കൈവന്ന ഒരു ഗുരുവിനെ സമീപിക്കുന്നു. ഞാന്‍ അവിടുത്തെ കാല്ക്കരിക്കുന്നു. അദ്ധ്യാത്മസാധനയെപ്പറ്റി ചിലതൊക്കെ പഠിക്കുന്നു, മുറയ്ക്ക് സാധനചെയ്യുന്നു. എന്റെ മനസ്സ് കൂടുതല്‍ കൂടുതല്‍ ശുദ്ധമാവുന്നതോടെ എനിക്ക് അദ്ധ്യാത്മമണ്ഡലത്തില് ചില നേട്ടമുണ്ടാവുന്നു. എന്റെ ഇഷ്ടദേവഹഎനിക്കു സജീവമായിത്തീരുന്നു. എന്നിലും മറ്റു ജീവികളിലും വ്യാപിച്ചുനില്ക്കുന്ന ഒരു സാന്നിദ്ധ്യം എന്റെ ഉള്ളിലനുഭവപ്പെടുന്നു.
യതീശ്വരാനന്ദസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: