കണ്ണൂര്‍: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൂത്തുപറമ്പ് ഓഫീസ് സെക്രട്ടറി ബാബുവിനെ എന്തിനാണിത്ര ധൃതിപിടിച്ച് സിപിഎം നേതൃത്വം ജാമ്യത്തിലിറക്കിക്കൊണ്ടുവന്നത് എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ ചില അപ്രിയ സത്യങ്ങള്‍ പറയേണ്ടിവരും. ഉത്തരം പറഞ്ഞില്ലെങ്കില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎമ്മുകാര്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടിവരും. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം കൊലപാതക സംഘത്തിലെ രണ്ടുപേരെ കൂത്തുപറമ്പിലുള്ള സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ ഓട്ടോറിക്ഷയില്‍ ഇറക്കിവിട്ടതായി നേരത്തെ അറസ്റ്റിലായ കതിരൂര്‍ സ്വദേശി മൂര്‍ക്കോളി സനീഷ് പറഞ്ഞിരുന്നു. ആ സമയത്ത് ബാബു സ്ഥലത്തുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെ അറസ്റ്റ് ചെയ്തതത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന അറസ്റ്റിലൊന്നും പ്രതികരിക്കാത്ത സിപിഎം നേതൃത്വം ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തയുടനെ തന്നെ സടകുടഞ്ഞെഴുന്നേറ്റ് രംഗത്തെത്തി. ജില്ലാ പ്രാദേശിക നേതൃത്വം മാത്രമല്ല സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ബാബുവിനെ മോചിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതില്‍ ദുരൂഹതകളേറെയുണ്ടെന്ന് വ്യക്തമാണ്. കൂത്തുപറമ്പില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജാഥയും സിഐ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണയും നടത്തി.
ബാബുവിനെ പോലീസ് മര്‍ദ്ധിച്ചതായും നേതൃത്വത്തിന്റെ പേര് കേസുമായി ബന്ധപ്പെട്ട് പറയണമെന്ന് നിര്‍ബന്ധിച്ചതായും പിണറായി വിജയന്‍ ആരോപിച്ചു. എന്നാല്‍ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട കൊടിസുനി, കിറുമാനി മനോജ് തുടങ്ങി അഞ്ച് പേര്‍ വധം നടന്നതിന്റെ പിറ്റേദിവസം കൂത്തുപറമ്പ് ഓഫീസില്‍ എത്തിയതായി ബാബു ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെട്ട പാര്‍ട്ടി നേതൃത്വത്തിന് ഇതറിയാമെന്നും ബാബു പറഞ്ഞിട്ടുണ്ട്.
ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന്റെ കണ്ണൂര്‍, കോഴിക്കോട് ഘടകങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നത വെളിവാക്കുന്നതാണ് ജയരാജന്റെ കുത്തിയിരിപ്പ് സമരം. തുടക്കത്തില്‍ പാര്‍ട്ടിയുടെ കോഴിക്കോട് ഘടകത്തോടാണ് ബാബുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് നടത്താന്‍ നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രസ്തുത ജില്ലാ നേതൃത്വം നിഷേധാത്മകമായ നിലപാടാണത്രെ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. കണ്ണൂര്‍ ഘടകത്തിലെ ഒരാളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വേണ്ടെന്നായിരുന്നു കോഴിക്കോട്ടെ നേതൃത്വത്തിന്റെ നിലപാട്. തുടര്‍ന്നാണ് കണ്ണൂരിലെ സിപിഎം തീപ്പൊരി നേതാവ് എം.വി.ജയരാജന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
കൂത്തുപറമ്പ് ഓഫീസ് സെക്രട്ടറിയെ ധൃതിപിടിച്ച് ജാമ്യത്തിലിറക്കിയതെന്തിനെന്ന് പാര്‍ട്ടിക്ക് ഇതുവരെ വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടില്ല. ബാബു നിരപരാധിയാണെന്ന് വിശദീകരിച്ചാല്‍ അറസ്റ്റിലായ മറ്റ് പ്രതികളെല്ലാം കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് ഏറ്റുപറയുന്നതിന് തുല്യമായിരിക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിനറിയാം.
ബാബു കൂടുതല്‍ സമയം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ചില ഉന്നതരുടെ പേരുകള്‍ പറയുമെന്ന് പാര്‍ട്ടിക്കറിയാമായിരുന്നു. ബാബു ജാമ്യത്തില്‍ പുറത്തിറങ്ങിയതിനുശേഷം നേതാക്കളുടെ മുഖത്ത് കണ്ട ആശ്വാസം ഇതാണ് വ്യക്തമാക്കുന്നത്. ചില അന്വേഷണ ഉദ്യോഗസ്ഥരെ പേരെടുത്ത് പറയാനും ഭീഷണിപ്പെടുത്താനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിതന്നെ തയ്യാറായത് അന്വേഷണത്തെ സ്വാധീനിക്കാനും അട്ടിമറിക്കാനുമാണെന്ന് വ്യക്തമാണ്. വരും നാളുകളില്‍ കേസ് അന്വേഷണം മാറ്റിമറിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടെന്നാണ് പാര്‍ട്ടി നടപടികള്‍ നല്‍കുന്ന സൂചന. ഇപ്പോഴും സിപിഎമ്മിനോടനുഭാവം പുലര്‍ത്തുന്ന ഉന്നതര്‍ പോലീസ് സേനയിലുണ്ടെന്നതും ഇത് സ്ഥിരീകരിക്കുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: