ആനന്ദം കൈവരിക്കുക, ദു:ഖവിമുക്തി നേടുക, അസ്വാഭാവികമായി അനുഭവപ്പെടാറുള്ള ശാരീരികപീഡകളില് നിന്നും മോചനം നേടുക. എന്നിവയ്ക്കാണ് ഓരോ ജീവനും വെമ്പിക്കൊണ്ടിരിക്കുന്നത്.മാത്രമല്ല, ഏറ്റവും മഹത്തായ സ്നേഹം തനിക്കുതന്നെ കിട്ടാനും ഓരോ ജീവനും കൊതിക്കുന്നു. ആനന്ദത്തിന്റെ അഭാവത്തില്‍ ഈ സ്നേഹം സാദ്ധ്യമല്ല. ഗാഢമായ സുഷുപ്തിയില്‍-അത് ഒന്നുമില്ലാത്ത അവസ്ഥയാണെങ്കിലും ആ ആനന്ദം നമുക്കനുഭവപ്പെടുന്നു. പക്ഷേ, ഈ ആനന്ദം നമ്മുടെ സ്വത്ത്വത്തിന്റെ സ്വാഭാവികമായ അവസ്ഥയാണെന്നു തിരിച്ചറിയാനാവാതെ, ജനങ്ങള്‍ ഭൗതികവൃത്തിയുടെ കരകാണാക്കടലില്പ്പെട്ടുഴലുന്നു. ഇഹ-പര ലോകങ്ങളിലെ സുഖാനുഭൂതികള്‍ കൈവരിക്കുന്നതിലാണ് ആനന്ദം എന്ന് തെറ്റിദ്ധരിച്ച് ആനന്ദത്തിലേക്കുള്ള യഥാര്‍ത്ഥമാര്‍ഗ്ഗം ഉപേക്ഷിക്കുന്നു.
പക്ഷേ, ദു:ഖസ്പര്ശമേല്ക്കാത്ത ആ പരമാനന്ദം സാക്ഷാത്കരിക്കപ്പെടുന്നില്ല. പരമാനന്ദത്തിലേക്കുള്ള ഋജുവായ മാര്‍ഗ്ഗം തെളിച്ചുതരുവാന് തന്നെയാണ്. ശ്രീ്പരമേശ്വരന് ശങ്കരാചാര്യസ്വാമികളുടെ സ്വരൂപത്തില്‍ അവതരിപ്പിച്ചത്. ഈ ആനന്ദാഭൂതിയുടെ മഹത്ത്വം വെളിവാക്കുന്ന വേദാന്തത്തിലെ പ്രസ്ഥാനത്രയത്തിനു വ്യാഖ്യാനങ്ങള്‍ രചിച്ചു. സ്വന്തം ജീവിതത്തിലൂടെ അവ ഉദാഹരിച്ചുകാണിച്ചു. എന്നാല്‍ ഈ വ്യാഖ്യാനങ്ങള്‍ സംസാര വിമുക്തിയിലുടെ പരമാനന്ദമനുഭവിക്കാന്‍ വെമ്പുന്നവരെങ്കിലും വേണ്ടത്ര പാണ്ഡിത്യമില്ലാത്തവരായ അന്വേഷകര്‍ക്ക് വലിയ പ്രയോജനം ചെയ്യില്ല. ഇത്തരക്കാര്‍ക്കു വേണ്ടിയാണ് ശ്രീ ശങ്കരാചാര്യസ്വാമികള്‍ ഈ വ്യാഖ്യാനങ്ങളുടെ സത്ത വിവേകചൂഡാമണി എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിച്ചത്. സംസാരമുക്തി ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ ഉപദേശങ്ങള്‍ ഇതില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ഇത് സത്യവും ഋജുവുമായ മുക്തിമാര്ഗ്ഗത്തിലേക്കു നയിക്കുന്നു.
എത്രശ്രമകരമാണ് മനുഷ്യജന്മം നേടുക എന്നും അത് ലഭിച്ചു കഴിഞ്ഞ സ്ഥിതിക്ക് നമ്മുടെ സഹജാവസ്ഥയായ മുക്തിയുടെ സാക്ഷാത്കാരത്തിനു യത്നിക്കണമെന്നും ആചാര്യസ്വാമികള്‍ ഉപദേശിക്കുന്നു ആദ്യം. ജ്ഞാനത്തില്കൂടി മാത്രമേ പരമാനന്ദം കൈവരൂ. സ്ഥായിയായ, നിരന്തരമായ വിചാരത്തില്‍ കൂടിയാണ് ജ്ഞാനം കൈവരുക. ഈ അന്വേഷണമാര്‍ഗ്ഗം തെളിഞ്ഞുകിട്ടാന്‍ ഒരു ഗുരുവിനെ ആശ്രയിക്കണമെന്ന് ആചാര്യര്‍ ഉപദേശിക്കുന്നു. അതിനുശേഷം ഉത്തമഗുരുവിന്റെയും, ശിഷ്യന്റെയും ലക്ഷണങ്ങള്‍ വിവരിച്ചുകൊണ്ട്, ഒരു ശിഷ്യന് ഗുരുവിനെ എങ്ങനെ സമീപിക്കണം എന്നു വിവരിക്കുന്നു. തുടര്‍ന്ന് മോക്ഷപ്രാപ്തിയുടെ ആനന്ദം സാക്ഷാത്കരിക്കുന്നതില്‍ സ്വപ്രയത്നത്തിനുള്ള പ്രധാന്യം എടുത്തുപറയുന്നു. ശ്രന്ഥങ്ങളില് നിന്നു കിട്ടുന്ന അറിവുവെച്ച് ഈ പരമാനന്ദം നേടാന്‍ ആവില്ല. ആത്മാന്വേഷണം അഥവാ വിചാരംകൊണ്ടേ അതു സാധിക്കൂ. ഗുരുപദേശങ്ങളിലുള്ള ശ്രദ്ധയും-അര്‍പ്പണബുദ്ധിയോടെയുള്ള ശ്രദ്ധയാണിത്. അനുധ്യാനവും (മനനം) സ്വയം വളര്‍ത്തിയെടുക്കുന്ന ആത്മനിഷ്ഠയും ഇതില്ഉള്പ്പെടുന്നു.
സ്ഥൂലശരീരം, സൂക്ഷമശരീരം, കാരണശരീരം എന്നീ മൂന്നും ആത്മസ്വരൂപങ്ങളല്ല. അവ അയഥാര്‍ത്ഥങ്ങളാണ്. ആത്മാവ് അഥവാ ‘ഞാന്‍’ ഇവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ആത്മബോധം, ‘ ഞാന്‍ എന്ന ചിന്ത’ അനാത്മ#ാവായ ഒന്നില്‍ ചുമത്തുന്നത് അജ്ഞതകൊണ്ടാണ്. അതു ബന്ധനം തന്നെയാണ്. അജ്ഞതയില്‍നിന്നും ബന്ധനമുണ്ടാവുന്നു. അറിവില്‍ നിന്നു മുക്തിയും. ഈ സത്യം ഒരു ഗുരുവില്‍ നിന്നും ഗ്രഹിക്കുന്നതാണ് ശ്രവണം.
അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ അഞ്ചുകോശങ്ങള്‍ ചേര്‍ന്നതാണ് മൂന്നു ശരീരങ്ങളും. ഇതൊന്നുമല്ല ‘ഞാന്‍’ എന്നറിഞ്ഞ് ഈ മൂന്നിനെയും നിഷേധിക്കുക. ‘ഞാനാര്’ എന്ന സൂക്ഷമമായ അന്വേഷണത്തില്കൂടി (പുല്ലിന്റെ ചുറ്റുകളെ മാറ്റി ഉള്ളിലെ തണ്ട് വേര്‍പ്പെടുത്തുന്നതുപോലെ) ഈ മൂന്നു ശരീരങ്ങളില്‍ നിന്നും ഭിന്നമായി, സര്‍വ്വവ്യാപിയായ അകണ്ഡസ്വരൂപമായി ഹൃദയത്തിനുള്ളില്‍ ‘അഹം’ ആയി സ്ഥിതിചെയ്യുന്ന പരമാര്‍ത്ഥതത്ത്വത്തെ (തത്ത്വമസി എന്ന മഹാവാക്യത്തിലെ ‘ത്വം’ ഇതുതന്നെ) വേര്‍തിരിച്ചറിയുക- സൂക്ഷമമായ ഈ അന്വേഷണവൃത്തിയാണ് മനനം.
നാമങ്ങളുടെയും, രൂപങ്ങളുടെയും ലോകം, ‘സത്’ ബ്രഹ്മത്തിന്റെ ഉപാംഗം മാത്രമാണ്. അതില്‍ നിന്നും അന്യമല്ലാത്തതിനാല്‍ അതിനെ ആ രീതിയില്‍ തന്നെ തള്ളിക്കളഞ്ഞ്, ബ്രഹ്മമല്ലാതെ യാതൊന്നുമില്ല എന്നുറപ്പിക്കുന്നു. ഗുരു ഉപദേശിക്കുന്ന ‘തത്ത്വമസി’ എന്ന മഹാവാക്യത്തിന്റെ നിര്‍ദ്ദേശം ആത്മസ്വരൂപത്തിന്റെയും പരമാത്മാസ്വരൂപത്തിന്റെയും ഏകഭാഗം വെളിവാക്കുന്നു ഇതാണ് ഉപദേശം. പിന്നീട് ശിഷ്യനെ’അഹം ബ്രഹ്മാസി’ എന്ന പരമാനന്ദഭൂതിയില് നിലകൊള്ളാന്‍ അനുശാസിക്കുന്നു. എങ്കിലും മനസ്സിന്റെ മുന്കാലപ്രവണതകള് ശക്തിയായി പൊട്ടിമുളച്ച് പൊങ്ങിവന്ന്, ആ ആനന്ദാനുഭവത്തിനു തടസ്സമുണ്ടാക്കുന്നു. ഈ പ്രവണതകള്‍ മൂന്നുവിധത്തില്‍ വരാം. അവയുടെ മൂലകാരണമായ ‘അഹംബോധം’ ബാഹ്യവത്കരിക്കപ്പെട്ട് ഭിന്നപ്രകൃതിയായ ബോധത്തിലാണ് ശക്തിപ്രാപിക്കുന്നത്. ഈ ബാഹ്യവത്കൃതബോധത്തിന്റെ ഹേതുവാകട്ടെ വിക്ഷേപശക്തികളും ആവരണശക്തികളുമാണ്.
രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: