കേരളത്തില്‍ നോക്കുകൂലി എന്ന ശാപം തുടച്ചുമാറ്റുമെന്ന് ഇടതു-വലതുഭേദമെന്യേ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുമ്പോഴും കൊച്ചിയെ നോക്കുകൂലി വിമുക്ത ജില്ലയായി പ്രഖ്യാപിച്ചശേഷവും ആ സാമൂഹ്യവിപത്ത് അനുസ്യൂതം തുടരുന്നു.ഹൈക്കോടതി പോലുംപറഞ്ഞത് നോക്കുകൂലി തുടരുന്നത് നാണക്കേടാണെന്നാണ്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും ഈ ദുഷ്പ്രവണത തുടരുന്നത് അധികൃതരുടെ യൂണിയനുകളോടുള്ള വിധേയത്വംകൊണ്ടാണ്. സര്‍ക്കാരിന്റെ അനാസ്ഥയാണ് നോക്കുകൂലി തുടരുന്നതിന് കാരണമെന്നും വിമര്‍ശിച്ച കോടതി ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നത് അന്യായവും അധാര്‍മികവും ആണെന്നുകൂടി പറഞ്ഞു.
പക്ഷെ നോക്കുകൂലി തങ്ങളുടെ അവകാശമാണെന്ന് കരുതുന്ന തൊഴിലാളി മടിയന്മാര് പാവങ്ങളായ വീട്ടുകാരെയും വ്യാപാരികളെയും മാത്രമല്ല സര്‍ക്കാരിനുപോലും ഭീഷണിയായി മാറിയിരിക്കുന്നു. റോഡില്‍ സര്‍ക്കാര്‍ പൈപ്പിറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെടുന്നവരാണിവര്‍. ജനവികാരം മനസിലാക്കുന്നില്ല എന്നു മാത്രമല്ല, സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും നോക്കുകൂലി അഭംഗുരം തുടരുന്നു.
സംഘടിത ബലത്തിന്റെ പേരില്‍ ഭീഷണി മുഴക്കി ചെയ്യാത്ത ജോലിക്ക് കൂലി തങ്ങളുടെ അവകാശമാണെന്ന് വാദിക്കുന്നവരെ നിയന്ത്രിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ കക്ഷിനേതാക്കള്ക്കോ കഴിയുന്നില്ല. തൊഴില്‍മന്ത്രി ഷിബു ജോണ്‍ ശക്തമായ ഭാഷയില്‍ ഈ ജനചൂഷണത്തെ അപലപിച്ചാണ് എറണാകുളം നോക്കുകൂലിവിമുക്ത ജില്ലയായി പ്രഖ്യാപിച്ചത്. എന്തു ഫലം! നോക്കുകൂലി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും തൊഴിലാളികളുടെ സംഘടിത ഭീഷണി ഭയന്ന് പരാതി നല്കാന് പോലും തയ്യാറാകാത്ത ജനസഞ്ചയങ്ങളാണ് ഈ കാടത്ത ചൂഷണം നിലനിര്‍ത്തിക്കൊണ്ട് പോകുന്നത്. സംഘടിത തൊഴിലാളിശക്തിയെ സംഘടിത ജനശക്തിക്ക് തോല്‍പ്പിക്കാന്‍ കഴിയും. നിര്‍ഭാഗ്യമെന്നു പറയട്ടെ സംഘടനാ ബോധം രാഷ്ട്രീയ-തൊഴിലാളി മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നു. അനീതിക്കെതിരെയോ സാമൂഹ്യവിരുദ്ധതക്കെതിരെയോ സംഘടിച്ച് പ്രതിഷേധിക്കാനുള്ള അവബോധം അഭ്യസ്ത കേരള നിവാസികള്‍ക്കില്ല.
വി-ഗാര്‍ഡ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഏകനായി നോക്കുകൂലിക്കെതിരെ നിന്ന് സ്വയം സാധനങ്ങള്‍ ഇറക്കി കാണിച്ചുകൊടുത്ത മാതൃക പോലും അനുകരിക്കാന്‍ അനുകരണഭ്രമമുള്ള മലയാളികള്‍ സന്നദ്ധരായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: