ആലുവ: ആലുവ നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗം തീരുമാനിച്ചു. ബൈപാസ് കവലയിലും നഗരത്തിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണിത്. മാര്‍ത്താണ്ഡവര്‍മ പാലത്തിലെ കുഴികള്‍ അടയ്ക്കാനും നഗരത്തിലെ റോഡുകള്‍ നന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പമ്പ് കവല മുതല്‍ ബൈപ്പാസ് വരെ ബോര്‍ഡുകള്‍ സ്ഥാപിച്ച് അലക്ഷ്യമായിട്ടുള്ള പാര്‍ക്കിംഗ് നിയന്ത്രിക്കും. പാലസ് റോഡിലൂടെ കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് വരുന്ന വാഹനങ്ങള്‍ പമ്പ് കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകണം. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലൂടെ വരുന്ന മുഴുവന്‍ വണ്ടികളും മാതാക്കവലയില്നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നഗരത്തില്‍ പ്രവേശിക്കണം. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍നിന്ന് ഇറങ്ങുന്ന ദീര്‍ഘദൂര ബസ്സുകള്‍ ഒഴികെയുള്ളവ ഇടത്തോട്ടു തിരിഞ്ഞ് കാരോത്തുകുഴി വഴി പോകണം. നഗരത്തിന്റെ പ്രവേശ കവാടമായ ബൈപാസ് കവലയില്‍ സര്‍വീസ് റോഡിലൂടെയും മേല്‍പ്പാലത്തിലൂടെയും വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ സിഗ്നല്‍ സ്ഥാപിക്കും.
ഫ്ലൈ ഓവറിന് താഴെയുള്ള ഭാഗം നിരപ്പാക്കി പാര്‍ക്കിംഗ് സൗകര്യമാക്കി റോഡുകളിലെ പാര്‍ക്കിംഗ് നിരോധിക്കും. അണ്ടര്‍ പാസില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും. യോഗത്തില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് എം.ടി.ജേക്കബ്, വൈസ് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ഡിവൈഎസ്പി ആര്.സലീം, സി.ഐ.ജയകൃഷ്ണന്, ജോയിന്റ് ആര്‍ടിഒ ഒ.എം.സുരേഷ്, ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ രാമനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: