കൊച്ചി: നിര്‍ദ്ദിഷ്ട മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയിലെ പ്രധാനപ്പെട്ട മൂന്നു പാലങ്ങളുടെ നിര്‍മാണം ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക പഠനത്തിന് ഇ.ശ്രീധരന് ഇന്ന് പദ്ധതി പ്രദേശം സന്ദര്‍ശിക്കും. രാവിലെ ഒമ്പതിന് എറണാകുളത്ത് നിന്ന് ബോട്ടു മാര്‍ഗമാണ് അദ്ദേഹം ദ്വീപ് സമൂഹങ്ങള്‍ സന്ദര്‍ശിക്കുക.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദിഷ്ട നാലുവരിപ്പാതയ്ക്ക് അനുമതിയായത്. ഇതിന്റെ നിര്‍മാണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഡ ഡിഎംആര്‍സിക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം ഡിഎംആര്‍സിയുടെ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയില്‍ മൂന്നു പ്രധാനപ്പെട്ട പാലങ്ങളാണ് നിര്‍മിക്കുന്നത്. മൂലമ്പിള്ളി-പിഴല പാലത്തിന് 180 മീറ്ററും പിഴല-വലിയകടമക്കുടി പാലത്തിന് 230 മീറ്ററും വലിയകടമക്കുടി-ചാത്തനാട് പാലത്തിന് 350 മീറ്ററും വീതം നീളം വരും. പിഴലയിലെ ചെറിയ പാലത്തിന് 40മീറ്റര്‍ നീളമുണ്ടാകും. 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയ്ക്ക് 22 മീറ്റര്‍ വീതിയാണ് വിഭാവന ചെയ്യുന്നത്. ഇതില്‍ 15 മുതല്‍ 18 വരെ കലുങ്കുകളും നിര്‍മിക്കേണ്ടതുണ്ട്. 97.2 കോടി രൂപയാണ് മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയ്ക്ക് ചെലവു പ്രതീക്ഷിക്കുന്നത്.
മൂലമ്പിള്ളി-ചാത്തനാട് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ചാത്തനാടിനെ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡുമായി മൂലമ്പിള്ളിയില്‍ ബന്ധിപ്പിക്കാനാവും. പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക കടമക്കുടി പഞ്ചായത്തിനായിരിക്കും. കടമക്കുടിക്ക് എറണാകുളത്തേക്ക് കണ്ടെയ്നര്‍ റോഡില്‍ ഇതുവഴി എളുപ്പം പ്രവേശിക്കാനാകും.
പദ്ധതി സംസ്ഥാന അവലോകന സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പാരിസ്ഥിതിക അനുമതിക്കായി അയച്ചിരുന്നു. സെസ്സിന്റെ പഠന റിപ്പോര്‍ട്ടോടെ തിരിച്ചു കിട്ടിയ നിര്‍ദ്ദേശം സംസ്ഥാന തീരദേശ മാനേജ്മെന്റ് അതോറിറ്റി പഠിച്ച് വീണ്ടും കേന്ദ്ര മന്ത്രാലയത്തിന് സമര്‍പിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ഭൂമി വിട്ടുകിട്ടുന്നതിന് എംഎല്‍എമാരായ വി.ഡി.സതീശന്, എസ്.ശര്‍മ്മ എന്നിവരെ ചര്‍ച്ച നടത്താന്‍ ജിഡ യോഗത്തില്‍ ധാരണയായിരുന്നു. സൗജന്യമായി വിട്ടുകിട്ടുന്ന ഭൂമിക്ക് ആനുപാതികമായി ഭൂമി വികസിപ്പിക്കാന്‍ സ്ഥല ഉടമകള്‍ക്ക് അനുവാദവും നല്‍കും.
ഗോശ്രീ വികസനത്തിനായി 142 കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് ജിഡയുടെ ജനറല്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കിയത്. മൂലമ്പിള്ളി-പിഴല, പിഴല- വലിയ കടമക്കുടി, വലിയ കടമക്കുടി-ചാത്തനാട് പാലങ്ങളുടെ നിര്‍മ്മാണത്തിന് 97 കോടി രൂപയാണ് ചെലവഴിക്കുക. ദ്വീപ് നിവാസികളുടെ ദീര്‍ഘ കാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. വൈപ്പിന്‍-മുനമ്പം തീരദേശ ഹൈവേക്ക് വേണ്ടിവരുമെന്ന കണക്കുകൂട്ടലില്‍ നിര്‍ദിഷ്ട പാത കടന്നു പോകുന്ന പ്രദേശങ്ങളുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്ന നടപടി പിന്‍വലിക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വരാവുന്ന ഒരു പാതയ്ക്കായി ഭൂമിയുടെ ക്രയവിക്രയം തടയുന്നതു മൂലം നൂറു കണക്കിനു ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇതുവഴി കഴിയും. പാതയ്ക്കനുമതി ലഭിക്കുന്ന വേളയില്‍ സ്ഥലം അക്വയര്‍ ചെയ്താല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: