ബ്രഹ്മചര്യത്തില്‍ നിന്ന് സന്ന്യാസം സ്വീകരിക്കുന്നവന് ജീവിതം വിഷമകരമാകും. കാമവാസനയടക്കുന്നതും അതികഠിനമാണ്. അതിനാല്‍ ഗൃഹസ്ഥാശ്രമവും കഴിഞ്ഞ് സന്ന്യസിക്കുന്നതാണ് നല്ലതെന്ന് ചിലര്‍ പറയും. ജീവിതം വിഷമകരവും ഇന്ദ്രിയങ്ങള്‍ അടങ്ങുകയുമില്ലെങ്കില് ബ്രഹ്മചര്യത്തില്‍ നിന്നു സന്ന്യസിക്കരുത് എന്നുള്ളത് ശരിയാണ്. എന്നാല്‍ ഇന്ദ്രിയങ്ങളടക്കുവാന്‍ സമര്‍ഥന്‍ എന്തുകൊണ്ടു സന്ന്യസിച്ചുകൂടാ? വിഷയാസക്തിയുടെ ദോഷങ്ങളും വീര്യസംരക്ഷണത്തിന്റെ ഗുണവും അറിയുന്നവര്‍ ഒരിക്കലും വിഷയാസക്തന്മാരാവുകയില്ല. അവരുടെ വീര്യം അവരുടെ വിചാരമാകുന്ന അഗ്നിക്ക് ഇന്ധനമാകുന്നു. അതില്‍ വിനിയോഗിക്കുന്നു. വൈദ്യന്റെയും ഔഷധങ്ങളുടെയും ആവശ്യം രോഗികള്ക്കുള്ളത്ര, രോഗമില്ലാത്തവര്ക്കില്ല. അതുപോലെ വിദ്യ, ധര്‍മം എന്നിവയുടെ പുരോഗതിയും ലോകോപകാരവുമാണ് തങ്ങളുടെ ജീവിതലക്ഷ്യമെന്നു കരുതുന്നവരാരും വിവാഹം ചെയ്യരുത്. പഞ്ചശിഖന് മുതലായ പുരുഷന്മാരും ഗാര്‍ഗി തുടങ്ങിയ സ്ത്രീകളും അങ്ങനെയായിരുന്നു. സന്ന്യാസത്തിന് അധികാരികളല്ലാതെ അനധികാരികള്‍ സന്ന്യസിക്കുന്നതുചിതമല്ല. അനധികാരികള്‍ സ്വയം അധഃപതിക്കും. അന്യരെയും അധഃപതിപ്പിക്കും. ചക്രവര്‍ത്തിയെ സമ്രാട്ട് (സാമന്തരുടെ രാജാവ്) എന്നു പറയുന്നതുപോലെ സന്ന്യാസിയെ പരിവ്രാട് എന്നു പറയുന്നു. എന്നാല്‍ രാജാവ് തന്റെ നാട്ടിലും നാട്ടാര്‍ക്കും മാത്രമാണ് ആദരണീയന്‍. സന്ന്യാസിയെയാകട്ടെ സര്‍വത്ര പൂജിക്കപ്പെടുന്നു.
വിദ്വത്തം ച നൃപത്വം ച നൈവ തുല്യം കദാ ചന. സ്വദേശേ പൂജ്യതേ രാജാ വിദ്വാന് സര്‍വത്ര പൂജ്യതേ.
ചാണക്യനീതിശാസ്ത്രത്തിലെ ശ്ലോകമാണിത്. വിദ്വാന് രാജാവ് എന്നിവര്‍ ഒരിക്കലും തുല്യരല്ല. കാരണം രാജാവിനെ തന്റെ രാജ്യത്തു മാത്രം ആദരിക്കുകയും സത്ക്കരിക്കുകയും ചെയ്യുമ്പോള്‍ വിദ്വാന് സര്‍വത്ര ബഹുമാനാദരങ്ങള്‍ക്കു പാത്രമാകുന്നു. അതിനാല്‍ വിദ്യാഭ്യാസം, സുശിക്ഷിതത്വം, ബലം എന്നിവ സമ്പാദിക്കുന്നതിന് ബ്രഹ്മചര്യവും നല്ലതും ശ്രേഷ്ഠവുമായതെല്ലാം സാധിക്കുവാന്‍ ഗൃഹസ്ഥാശ്രമവും മനനം, ധ്യാനം വിജ്ഞാനാഭിവൃദ്ധി എന്നിവയ്ക്കും തപസനുഷ്ഠിക്കാനുമായി വാനപ്രസ്ഥാശ്രമവും വേദാദിസത്യശാസ്ത്രങ്ങളുടെ പ്രചാരം, ദുഷ്ടകൃത്യങ്ങള് ത്യജിച്ച് ധാര്മികവൃത്തികള് സ്വീകരിക്കുക, സത്യോപദേശത്തില്‍ എല്ലാവരുടെയും സംശയനിവൃത്തി വരുത്തുക എന്നിവയ്ക്കായി സന്ന്യാസാശ്രമവും വിധിച്ചിരിക്കുന്നു. എന്നാല്‍ സന്ന്യാസാശ്രമത്തിന്റെ മുഖ്യധര്മമായ സത്യോപദേശാദികള് ചെയ്യാത്തവര്‍ പതിതരും നരകഗാമികളുമാകും. അതിനാല്‍ സന്ന്യാസിമാരെല്ലാം സത്യമുപദേശിച്ച് സംശയനിവൃത്തി വരുത്തിക്കൊടുത്ത്, വേദാദിസത്യശാസ്ത്രങ്ങള് പഠിപ്പിച്ച്, വൈദികധര്‍മത്തെ പോഷിപ്പിച്ച് ലോകത്തിനെല്ലാം ശ്രേയസ്സു വരുത്തണം.
സന്ന്യാസിമാരില്‍ നിന്നു ഭിന്നരും സ്വാമി, വൈരാഗി, യോഗി, ഗോസായി തുടങ്ങിയ പേരുകളുള്ളവരും സന്ന്യാസാശ്രമത്തില്‍ ഉള്‍പ്പെട്ടവരല്ല. അവരില്‍ സന്ന്യാസത്തിന്റെ ലക്ഷണമൊന്നുമില്ലല്ലോ. വേദവിരുദ്ധമായി പ്രവര്‍ത്തിക്കുകയും തങ്ങളുടെ മതാചാര്യന്മാരുടെ വാക്കുകളെ വേദത്തിലുപരി ബഹുമാനിക്കുകയും ചെയ്യുന്ന അവര്‍ തങ്ങളുടെ മതത്തെ മാത്രം പ്രശംസിക്കുകയും അസത്യജാലത്തില് പെട്ട് സ്വാര്‍ഥം നേടുവാന്‍ മറ്റുള്ളവരെ തങ്ങളുടെ മതത്തില്‍ അകപ്പെടുത്തുകയും ചെയ്യുന്നു. ലോകനന്മ വരുത്തുന്നതു പോകട്ടെ; ലോകരെ വഞ്ചിച്ച് അധഃപതിപ്പിച്ച് അവര്‍ സ്വാര്‍ഥം നേടുന്നു. അതിനാല്‍ അവരെ സന്ന്യാസികളായി ഗണിക്കാവുന്നതല്ല. അവര്‍ വലിയ സ്വാര്ഥാശ്രമികളാണെന്നതില് സംശയലേശമില്ല. സ്വയം ധര്‍മം അനുഷ്ഠിച്ച് മനുഷ്യവര്‍ഗത്തെ ധര്മമമാര്ഗത്തില് പ്രവര്‍ത്തിപ്പിച്ച്, ഇഹലോകത്തിലും പരലോകത്തിലും – ഈ ജന്മത്തിലും വരും ജന്മത്തിലും – സ്വര്‍ഗം അഥവാ സുഖം അനുഭവിക്കുകയും അന്യരെ അനുഭവിപ്പിക്കുകയും ചെയ്യുന്ന ധര്മാത്മാക്കളാണ് സന്ന്യാസിമാരായ മഹാത്മാക്കള്‍.
മഹര്‍ഷി ദയാനന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: